യു.എ.ഇ രാജകുമാരിയുടെ ശക്തമായ എതിര്‍പ്പ്; സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെ അബുദാബിയിലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി

UAE

ദുബായ്: അബുദാബിയില്‍ നടക്കാനിരിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് പരിപാടിയിലെ പ്രഭാഷകരില്‍ നിന്ന് സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെ നീക്കി. യു.എ.ഇ രാജകുമാരി ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം  പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി.

'വ്യാജവാര്‍ത്ത നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന, ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷം ഉല്‍പ്പാദിപ്പിക്കുന്ന' ചൗധരിയെ യു.എ.ഇയിലേക്ക് ക്ഷണിച്ചതിനെതിരെ നിരവധി ട്വീറ്റുകളിലൂടെ രാജകുമാരി പരസ്യമായി രംഗത്തുവന്നിരുന്നു. 

ചൗധരിയെ ക്ഷണിച്ചതിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങള്‍ എഴുതിയ കത്ത് രാജകുമാരി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ചടങ്ങില്‍ നിന്ന് ചൗധരിയെ നീക്കിയിരിക്കുന്നത്.

നവംബര്‍ 25, 26 ദിവസങ്ങളിലായി അബുദാബിയിലെ ഫെയര്‍മൗണ്ട് ബാബ് അല്‍ ബഹ്റില്‍ സംഘടിപ്പിക്കുന്ന ആന്വല്‍ ഇന്റര്‍നാഷണല്‍ സെമിനാറിലേക്കാണ് മുഖ്യാതിഥിയായി ഐ.സി.എ.ഐ സുധീര്‍ ചൗധരിയെ ക്ഷണിച്ചിരുന്നത്. പരിപാടിയുടെ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ട് ശനിയാഴ്ച ഹിന്ദ് രാജകുമാരി ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു.

'വലതുപക്ഷ ഹിന്ദു അവതാരകനായ സുധീര്‍ ചൗധരി ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിംകള്‍ക്കു നേരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആഴത്തിലുള്ള ഇസ്ലാം വിരുദ്ധതയുടെ പേരില്‍ പ്രസിദ്ധനാണ്. അയാളുടെ പല പ്രൈംടൈം ഷോകളും രാജ്യത്തെ മുസ്ലിംകള്‍ക്കു നേരെ അക്രമങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.', അവര്‍ ട്വീറ്റ് ചെയ്തു. എന്തിനാണ് തങ്ങളുട സമാധാനപൂര്‍ണമായ രാജ്യത്തേക്ക് ഇസ്ലാമോഫോബും വിദ്വേഷകനുമായ ചൗധരിയെ കൊണ്ടുവരുന്നത് എന്ന് ഐ.സി.എ.ഐയെ ടാഗ് ചെയ്തു കൊണ്ട് അവര്‍ ചോദിക്കുകയും ചെയ്തു.

മറ്റൊരു ട്വീറ്റില്‍, പൗരത്വവിരുദ്ധ പ്രക്ഷോഭം നടത്തിയ ഷഹീന്‍ ബാഗിലെ വനിതകളടക്കമുള്ള മുസ്ലിംകള്‍ക്കെതിരെ വ്യാജവാര്‍ത്തയും വിദ്വേഷ പ്രചരണവും നടത്തിയയാളാണ് ചൗധരിയെന്നും പറയുന്നു. 'മുസ്ലിംകളെ അധിക്ഷേപിക്കുകയും ഇസ്ലാമിനെയും പ്രവാചകനെയും അവമതിക്കുകയും ചെയ്യുന്ന' ചൗധരിയെ യു.എ.ഇയിലേക്ക് കൊണ്ടുവരുന്നതിനെതിരെ അവര്‍ അറബി ഭാഷയിലും ട്വീറ്റ് ചെയ്തു.

ഇതിനു പിന്നാലെയാണ് ഐ.സി.എ.ഐ അബുദാബി ചാപ്റ്ററിന്റെ ചെയര്‍മാനെയും മാനേജിങ് കമ്മിറ്റിയെയും അഭിസംബോധന ചെയ്ത് അംഗങ്ങള്‍ എഴുതിയ കത്ത് ഹിന്ദ് രാജകുമാരി പ്രസിദ്ധീകരിച്ചത്. സുധീര്‍ ചൗധരി അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകനാണെങ്കിലും അണ്‍പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തനത്തിലും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും അയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിദേശരാജ്യത്ത് ഉന്നതമായ ബഹുമാനവും പ്രതിച്ഛായയും കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ള പ്രൊഷണഷല്‍ സംഘടനയാണ് തങ്ങളുടേതെന്നും കത്തില്‍ പറയുന്നു.

അംഗങ്ങള്‍ ഒപ്പുവെച്ച കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഐ.സി.എ.ഐ പരിപാടിയില്‍ നിന്ന് സുധീര്‍ ചൗധരിയെ ഒഴിവാക്കിയെന്ന് ദി ക്വിന്റ്, ജന്‍താ കാ റിപ്പോര്‍ട്ടര്‍ തുടങ്ങിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സംഘടനയുടെ വെബ്സൈറ്റിലെ പരിപാടിയുടെ പോസ്റ്ററില്‍ നിന്ന് ചൗധരിയെ മാറ്റിയിട്ടില്ല.

Share this story