ദുബായ് എക്‌സ്‌പോ നഗരിയിലേക്ക് ഒട്ടക സാഹസിക യാത്ര പൂർത്തിയാക്കി

Dubai Expo

ദുബായ്: ഒട്ടകപ്പുറത്ത് സാഹസിക മരുഭൂയാത്ര നടത്തി ദുബായ് എക്‌സ്‌പോയിലേക്ക് എത്തിയ 29 അംഗസംഘം ശ്രദ്ധേയരായി. മരുഭൂമിയിലെ അതികഠിനമായ ചൂടിനെ തൃണവത്കരിച്ച് 13 ദിവസം യാത്ര ചെയ്താണ് 17 വനിതകളും 12 പുരുഷന്മാരും അടങ്ങുന്ന സംഘം എക്‌സ്‌പോ നഗരിയിൽ എത്തിച്ചേർന്നത്. മാനസികവും ശാരീരികവുമായ കരുത്തും കൂട്ടായ പ്രവർത്തനങ്ങളുമാണ് തങ്ങളുടെ ഉദ്യമത്തെ ലക്ഷ്യത്തിലേക്ക് എത്തിച്ചതെന്ന് യാത്രികർ പറഞ്ഞു. 

അബുദാബിയിലെ ലിവ മരുപ്രദേശത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. യു.എ.ഇയിലെ നീണ്ടു കിടക്കുന്ന മരുഭൂമിയിലൂടെ 640 കിലോമീറ്റർ സഞ്ചരിച്ച് എക്‌സ്‌പോ കവാടത്തിലെത്തിയ സാഹസികർക്ക് എക്‌സ്‌പോ അധികൃതർ ഊഷ്മള സ്വീകരണം നൽകി. 

ദുബായ് ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഒട്ടക സാഹസിക യാത്ര സംഘടിപ്പിച്ചത്. ഹെറിറ്റേജ് സെന്റർ എട്ടു വർഷമായി സംഘടിപ്പിക്കുന്ന യാത്രക്ക് ലോകത്തുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള പര്യവേക്ഷകർ പങ്കെടുക്കാറുണ്ട്. 21 രാജ്യങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇത്തവണ സാഹസികത പ്രകടിപ്പിച്ചത്. 

ഹംദാൻ ഹെറിറ്റേജ് സെന്റർ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ലാ ഹംദാൻ ബിൻ ദൽമോക് യാത്രക്ക് നേതൃത്വം നൽകി. 
വനിതാ സാഹസിക യാത്രികരായ ഹകീമ ഗൈത്ത്, ഖൗല അൽബലൂഷി എന്നിവർക്ക് പുറമെ ബത്തൂൽ ഗൈത്ത്, സഈദ് മുഹമ്മദ് റൈസ് എന്നിവരാണ് യു.എ.ഇയിൽനിന്ന് പങ്കെടുത്ത യാത്രികർ. ഹൊവാഡ് ലീഡ്ഹാം (യു.കെ), മദാവി അഹ്മദ് (സൗദി അറേബ്യ), ആൻഡ്രിയാസ് വിം ഡിഗാസ്, പോളിൻ പിയസ്‌കർ, എമിലിയ പിയസ്‌കർ (ജർമനി), മറിയം സുഹ്‌റവർദി (യു.എസ്.എ), പ്രിജുമോൻ ഡൊമിനിക്, ബിലാൽ പലേക്കർ, അമ്മാർ അഹ്മദ് (ഇന്ത്യ), നിക്കോള ബെറ്റിയോ, നിക്കോൾ ബസെറ്റോ (ഇറ്റലി), ജൂസ്റ്റ് വേർപ് ലോഗ് (നെതർലൻഡ്‌സ്), മുഹമ്മദ് അമഹ്ദാർ (ഫ്രാൻസ്), റെനെറ്റ് അന്റോൾകോവിച്ച് (ആസ്ട്രിയ), ക്ലോഡിയ ഗ്രാൻഡ്ബെർഗ് (നിക്വരാഗ), ജാന വിൺട്രോവ (ചെക്ക്), ലോറ ഇസ്സത്ത് (എസ്റ്റോണിയ), മരിസ്‌ക വേർപ് ലോഗ് (ബ്രസീൽ), മോണിക്ക തെരേസ (പോളണ്ട്), ആൻ കാരിൻ (ബെൽജിയം), സ്ലൈക് ഫിറ്റ്സർ (സൗത്ത് ആഫ്രിക്ക), ഡേവിഡ് പെസ്‌കടോർ (സ്‌പെയിൻ), ആമിന സാമി (ഈജിപ്ത്), ഗെവ്ൽ ബാങ് (സൗത്ത് കൊറിയ), നാഥനെയ്ൽ അലപൈഡ് (ഫിലിപ്പൈൻസ്) എന്നിവരാണ് മരുഭൂമിയിലൂടെയുള്ള ഒട്ടക സാഹസിക യാത്രയിൽ പങ്കെടുത്ത മറ്റുള്ളവർ. ഹെറിറ്റേജ് സെന്ററിന് ലഭിച്ച 300 അപേക്ഷകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 29 പേരാണ് ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയത്. യു.എ.ഇ യുടെ പരമ്പരാഗത രീതികളെ കുറിച്ച് അവബോധമുള്ള സാഹസിക യാത്രക്ക് ആവശ്യമായ ഫിറ്റ്‌നസ് സമ്പാദിച്ച ആളുകളെ മാത്രമാണ് യാത്രക്കായി തെരഞ്ഞെടുക്കുന്നത്. 

ഒട്ടക യാത്രികരെ മരുഭൂമിയിൽ വെച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അഭിവാദ്യം ചെയ്തത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. മരുഭൂവാസികളുടെ ജീവിതരീതികളെ കുറിച്ചും മരുപ്രദേശങ്ങളുടെ ജൈവികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളെ കുറിച്ചും പഠിക്കുക എന്നത് കൂടിയാണ് യാത്രയുടെ ലക്ഷ്യം.

Share this story