ഖത്തറില്‍ കുട്ടികള്‍ക്കായി ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ എത്തുമെന്ന് അധികൃതര്‍

Quatar

ദോഹ: ഖത്തറില്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഫൈസര്‍-ബയോഎന്‍ടെക് കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ രാജ്യത്തെത്തുമെന്ന് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സിദ്ര മെഡിസിനിലെ പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവിയും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളുടെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മുഹമ്മദ് ജനാഹിയാണ് ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഇതുവരെ ഗുരുതരമല്ലാത്ത ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസിനെ അപേക്ഷിച്ച് അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ ഡോസ് കുറവാണെന്നും അല്‍ ജനാഹി വിശദീകരിച്ചു.

12 വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് 30 മൈക്രോഗ്രാം വാക്‌സിനാണ് നല്‍കുന്നത്. എന്നാല്‍, അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 10 മൈക്രോഗ്രാം വാക്‌സിന്‍ മാത്രമാണ് നല്‍കുന്നത്. കൂടാതെ കുട്ടികള്‍ക്കും മൂന്ന് ആഴ്ചകള്‍ക്കിടയില്‍ രണ്ട് ഡോസുകള്‍ നല്‍കും.

Share this story