25 ദിവസത്തിനിടെ എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് ഒന്നേകാൽ ലക്ഷത്തിലേറെ പേർ

Dubai Expo

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ പവലിയൻ. 25 ദിവസത്തിനിടെ ഒന്നേകാൽ ലക്ഷത്തിലേറെ പേരാണ് ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ സന്ദർശനം നടത്തിയത്. 25 ദിവസത്തിനിടെ 128,000 ത്തിലേറെ പേരാണ് ഇന്ത്യൻ പവലിയൻ സന്ദർശിച്ചത്. കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബർ ഒന്നിന് ആരംഭിച്ച എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ മൂന്ന് ആഴ്ചക്കിടെ ഒരു ലക്ഷം സന്ദർശകരെത്തിയതായി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. എക്സ്പോയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നാണ് ഇന്ത്യൻ പവലിയനെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ദുബായ് എക്‌സ്‌പോ 2020 വേദിയിൽ 24 ദിവസത്തിനിടെ സന്ദർശനത്തിനെത്തിയത് 1.5 ദശലക്ഷം പേരാണ്. എക്സ്പോ ആരംഭിച്ചതിന് ശേഷം 1,471,314 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയെന്നാണ് എക്സ്പോ അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെടുത്തൽ, നീണ്ട വാരാന്ത്യങ്ങൾ, ഈ സമയത്ത് സംഘടിപ്പിച്ച പരിപാടികൾ എന്നിവയാണ് സന്ദർശന നിരക്ക് ഉയരാനുള്ള കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. എല്ലാ തിങ്കളാഴ്ച്ചയുമാണ് എക്സ്പോ സന്ദർശിക്കുന്നവരുടെ എണ്ണം പുറത്തുവിടുന്നത്.

Share this story