ലോകത്തിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് സൗദിയില്‍ വരുന്നു; 375 കോടി റിയാലിന്റെ കരാര്‍ ഒപ്പുവെച്ചു

Saudi

റിയാദ്: ലോകത്തെ ഏറ്റവും വലിയ വിനോദ, ഉല്ലാസ കേന്ദ്രം സൗദിയില്‍ വരുന്നു. ഖിദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയാണ് ഖിദിയയില്‍ സിക്സ് ഫ്‌ലാഗ്‌സ് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പാര്‍ക്ക് നിര്‍മ്മാണത്തിനായി 375 കോടി റിയാലിന്റെ കരാറില്‍ ഒപ്പ് വെച്ചതായി ഖിദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനി അറിയിച്ചു. 

ഖിദിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക വികസന സമിതി അധ്യക്ഷനും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2017 ഏപ്രില്‍ ഏഴിനാണ് ഖിദിയ പദ്ധതി പ്രഖ്യാപിച്ചത്.

ഫ്രഞ്ച് കമ്പനിയായ ബോയ്ഗസ് ബാട്ടിമെന്റ് ഇന്റര്‍നാഷണല്‍ കമ്പനിയും സൗദിയിലെ അല്‍മബാനി ജനറല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയും അടങ്ങിയ കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍. കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങില്‍ തന്നെ പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. 

സ്പോര്‍ട്സ്, വിനോദം, കല എന്നിവയുടെ സൗദിയിലെ ഭാവി തലസ്ഥാനമായിരിക്കുന്ന ഖിദിയയയില്‍ സന്ദര്‍ശകര്‍ക്ക് സ്പോര്‍ട്സ്, ആരോഗ്യം, പ്രകൃതി, പരിസ്ഥിതി, പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, കല, സംസ്‌കാരം എന്നീ മേഖലകളിലെ വൈവിധ്യമാര്‍ന്ന പരിപാടികളും വിശിഷ്ട സേവനങ്ങളും ആസ്വദിക്കാനാകും.

ആകെ 3,20,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് സിക്സ് ഫ്‌ലാഗ്‌സ് അമ്യൂസ്മെന്റ് പാര്‍ക്ക് ഉയരുന്നത്. 28 ഗെയിമിങ് വിനോദ കേന്ദ്രങ്ങളുമുണ്ടാകും. ഇതില്‍ തന്നെ പത്ത് ഗയിമുകള്‍ മുതിര്‍ന്നവര്‍ക്കും 18 എണ്ണം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ളവയായിരിക്കും. മേഖലയിലെ തന്നെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായിരിക്കും സിക്സ് ഫ്‌ലാഗ്‌സ് അമ്യൂസ്മെന്റ് പാര്‍ക്ക്.

Share this story