ഒമാനില്‍ കൊവിഡ് വാക്‌സിന്റ മൂന്നാം ഡോസ്; സുപ്രധാന തീരുമാനങ്ങളുമായി സുപ്രീം കമ്മറ്റി

മസ്‌കറ്റ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ സുപ്രീം കമ്മിറ്റി സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് പ്രഖ്യാപിച്ചത്. 

18 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്കായിരിക്കും വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുക. വാക്സിനേഷനായുള്ള ടാര്‍ഗെറ്റ് ഗ്രൂപ്പുകളും പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും.

കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള പരിപാടികളുടെ പരമാവധി ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തുവാന്‍ സുപ്രീം കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധിത ശാരീരിക അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും വേണം. 

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്സിന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുവാന്‍ നടപടികള്‍  സ്വീകരിക്കും. അതേസമയം, ഒമിക്രോണ്‍ എന്ന കൊവിഡിന്റെ പുതിയ വകഭേദം കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി  അറിയിച്ചു.

Share this story