ഗതാഗത നിയമലംഘനങ്ങൾ കുറയുന്നു; ഖത്തറിൽ റോഡുകൾ സുരക്ഷിതമാകും

ദോഹ: ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള സമഗ്ര ബോധവൽക്കരണത്തിന്റെ ഫലമായി ലംഘനങ്ങൾ കുറഞ്ഞു തുടങ്ങിയെന്ന് അധികൃതർ. ജൂണിൽ 2,06,941 ഗതാഗത ലംഘനങ്ങളാണുണ്ടായതെങ്കിൽ ജൂലൈയിൽ 20.7% കുറഞ്ഞ് ലംഘനങ്ങളുടെ എണ്ണം 1,64,181 ആയി ചുരുങ്ങിയെന്ന് ഗതാഗത ബോധവൽക്കരണ വകുപ്പ് ഡയറക്ടർ കേണൽ ഡോ.മുഹമ്മദ് റാദി അൽഹജ്രി ഖത്തർ ടെലിവിഷൻ പരിപാടിയിൽ  വ്യക്തമാക്കി.

കാൽനടയാത്രക്കാർ പാലിക്കേണ്ടത് ഉൾപ്പെടെയുള്ള ഗതാഗത നിയമങ്ങളെക്കുറിച്ചാണ് സമഗ്ര ബോധവൽക്കരണം നടക്കുന്നത്. ഇന്റർസെക്‌ഷനുകളിലും സിഗ്‌നലുകളിലുമെല്ലാം കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതും ഗതാഗത ലംഘനങ്ങൾ കുറയ്ക്കാൻ സഹായകമായി. അമിത വേഗവുമായി ബന്ധപ്പെട്ട് ജൂലൈയിൽ 1,13,243 ലംഘനങ്ങളാണ് റജിസ്റ്റർ ചെയ്തത്.

ജൂണിനേക്കാൾ 24.8 % കുറവ്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുക എന്നിവയാണ് പൊതുവായ ലംഘനങ്ങൾ. ഇവയെല്ലാം റോഡുകളിലെ ക്യാമറകൾ അതിവേഗം ഒപ്പിയെടുക്കും. ജൂലൈയിൽ ഏറ്റവും കൂടുതൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത് പ്രവാസികളാണ്. 5,020 ലൈസൻസുകളിൽ 4,463 എണ്ണവും പ്രവാസികൾക്കാണ് നൽകിയത്.

Share this story