ജറുസലേം വെടിവെപ്പിനെ അപലപിച്ച് യുഎഇ; എല്ലാതരം അക്രമങ്ങളെയും ഭീകരവാദത്തെയും എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

അബുദാബി: ജറുസലേമിൽ നടന്ന വെടിവെപ്പിനെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഇസ്രായേലി പൗരൻമാർ കൊല്ലപ്പെട്ടതിലും നിരവധി പേർക്ക് പരിക്കേറ്റതിലും യുഎഇ ദുഃഖം രേഖപ്പെടുത്തി. എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും എതിർക്കുന്ന നിലപാടാണ് യുഎഇയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച യുഎഇ, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും യുഎഇ ഊന്നിപ്പറഞ്ഞു.
ഇസ്രായേലിലെ ബസ് സ്റ്റോപ്പിൽ രണ്ട് പലസ്തീൻ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേലി പോലീസ് അറിയിച്ചു. ഗാസയിലെ സംഘർഷങ്ങൾക്കിടയിൽ ഈ മേഖലയിൽ നടക്കുന്ന ഏറ്റവും പുതിയ അക്രമ സംഭവങ്ങളിൽ ഒന്നാണിത്. ഹമാസ് ഈ ആക്രമണത്തെ "അധിനിവേശത്തിന്റെ കുറ്റകൃത്യങ്ങളോടുള്ള സ്വാഭാവിക പ്രതികരണം" എന്ന് വിശേഷിപ്പിച്ചു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.