യുഎഇ സർക്കാർ സേവനം രണ്ട് വർഷത്തിനുള്ളിൽ എഐ അധിഷ്ഠിതമാകും
അബുദാബി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎഇയിലെ സർക്കാർ മേഖലകളുടെയും സേവന പ്രവർത്തനങ്ങളുടെയും 50 ശതമാനവും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പിന്തുണയോടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളിലേക്കു മാറും. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരമാണ് അതിനൂതന പദ്ധതി നടപ്പാക്കുന്നതെന്ന് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ആഗോള തലത്തിൽ ആദ്യമായി സർക്കാർ സംവിധാനങ്ങളിൽ ഏജന്‍റിക് എഐ നടപ്പാക്കുന്ന രാജ്യമായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് എക്സ് പ്ലാറ്റ് ഫോമിൽ വ്യക്തമാക്കി. സർക്കാറിന്‍റെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ജോലികൾ സ്വതന്ത്രമായി നിർവഹിക്കാനും വിവിധ നടപടികൾ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കലിനെ പിന്തുണക്കാനും കഴിയുന്ന നൂതനമായ സാങ്കേതിക മാതൃകയാണ് ഏജന്‍റിക് എഐ.
വെറും എഐ ടൂൾ എന്നതിലുപരി സർക്കാറിന്‍റെ എക്സിക്യുട്ടീവ് പങ്കാളിയെന്ന നിലയിലാണ് പുതിയ സാങ്കേതിക വിദ്യ പ്രവർത്തിക്കുക. ഇത് സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുകയും തത്സമയ വിലയിരുത്തലുകളും പരിഹാര മാർഗങ്ങൾ സാധ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നിർവഹണത്തിനും തുടർനപടികൾക്കും മേൽനോട്ടം നൽകാൻ കാബിനറ്റ് അഫേഴ്സ് മന്ത്രി മുഹമ്മദ് അൽ ഗർഗാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടാക്സ് ഫോഴ്സ് രൂപീകരിക്കും.
