വെടിക്കെട്ടും ആഘോഷവുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യു.എ.ഇ; ഗ്ലോബല്‍ വില്ലേജില്‍ എട്ട് കൗണ്ട്ഡൗണ്‍

UAE

ദുബൈ: പുതുവര്‍ഷത്തില്‍ എട്ടു തവണ ഗ്ലോബല്‍ വില്ലേജില്‍ കൗണ്ട്ഡൗണോടു കൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.  ഗ്ലോബല്‍ വില്ലേജിലെ വിവിധ പവലിയനുകളില്‍ വൈകിട്ട് അഞ്ചു മുതല്‍ വ്യത്യസ്ത സമയങ്ങളില്‍ കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും അരങ്ങേറും. പുതുവര്‍ഷം ആഘോഷഭരിതമാക്കാന്‍  സന്ദര്‍ശകര്‍ക്ക് രാത്രി മുഴുവന്‍ പടക്കം പൊട്ടിക്കുകയും സംഗീതത്തിലാറാടുകയും ചെയ്യാം.

ഡിസംബര്‍ 31-ന് യു.എ.ഇ സമയം വൈകിട്ട് അഞ്ചിന് ആദ്യത്തെ വെടിക്കെട്ട് നടക്കും. തുടര്‍ന്ന്  രാത്രി മുഴുവന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആഘോഷങ്ങളും വെടിക്കെട്ടും തുടരും. ഫിലിപ്പീന്‍സ് മുതല്‍ റഷ്യ വരെ ആഘോഷത്തില്‍ പങ്കുചേര്‍ന്നുള്ള ആഘോഷത്തോടെയാണ് 2022നെ വരവേല്‍ക്കുകയെന്ന് ഗ്ലോബല്‍ വില്ലേജിലെ എന്റര്‍ടൈന്‍മെന്റ് ഡയറക്ടര്‍ ഷോണ്‍ കോര്‍ണല്‍ പറഞ്ഞു. ആഘോഷപരിപാടിയില്‍ ഇന്ത്യന്‍ പവലിയനും പങ്കുചേരും. 

ഫിലിപ്പീന്‍സ് രാത്രി എട്ടിന്, തായ്ലന്‍ഡ് ഒമ്പത്, ബംഗ്ലാദേശ് 10ന്, ഇന്ത്യ രാത്രി 10.30ന്, പാക്കിസ്ഥാന്‍ രാത്രി 11 ന്. എല്ലായിടത്തും അര്‍ധരാത്രിയില്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗം നടക്കും. റഷ്യയില്‍ പുലര്‍ച്ചെ ഒരു മണിക്ക് എട്ടാമത്തേതും അവസാനത്തേതുമായ വെടിക്കെട്ട് പ്രദര്‍ശനം  നടക്കും. അതേസമയം, അതിഥികള്‍ക്ക് വിനോദത്തിനും വെടിക്കെട്ടിനും ഇടയില്‍ ഷോപ്പിങ് നടത്തുകയും ചെയ്യാം. ഹൈ എനര്‍ജി സ്റ്റണ്ട് ഷോ, ഹാര്‍ബര്‍ ഫോഴ്‌സ് എന്നിവ ആഘോഷങ്ങളിലെ സവിശേഷതകളാണ്.

ആഘോഷ വേദിയില്‍ എല്ലാ പ്രായക്കാര്‍ക്കും 170-ലേറെ റൈഡുകളും ഗെയിമുകളും മറ്റുമുണ്ട്. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി ഡിസംബര്‍ 31-ന്റെ തലേദിവസം നീക്കിവച്ചിരിക്കുന്നു. വൈകിട്ട് നാലു മണിക്കായിരിക്കും ഗേറ്റുകള്‍ തുറക്കുക. പുലര്‍ച്ചെ രണ്ടു മണി വരെ ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കും. ഒരാള്‍ക്ക് പ്രവേശന നിരക്ക് 15 ദിര്‍ഹമാണ്.

Share this story