കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ റോബ്ലോക്സിൽ ചാറ്റ് ഫീച്ചർ ഒഴിവാക്കി യുഎഇ

ദുബായ്: കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റോബ്ലോക്സിൻ്റെ ചാറ്റ് ഫീച്ചർ യുഎഇയിൽ താത്കാലികമായി നിർത്തിവച്ചു. കളിക്കാർ തമ്മിൽ നേരിട്ട് സംവദിക്കാൻ ഉപയോഗിച്ചിരുന്ന ഈ ഫീച്ചർ, കുട്ടികളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളും അധികാരികളും ഉന്നയിച്ച ആശങ്കകളെ തുടർന്നാണ് ഒഴിവാക്കിയത്.
റോബ്ലോക്സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ഓൺലൈൻ വേട്ടക്കാർ ശ്രമിക്കുന്നുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) റോബ്ലോക്സിന് നിർദേശം നൽകിയതിനെ തുടർന്നാണ് ഈ നീക്കം.
നിലവിൽ ഉപയോക്താക്കൾക്ക് ഇനി ചാറ്റ് ഫീച്ചർ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ, റോബ്ലോക്സിലെ മറ്റ് ഫീച്ചറുകൾ സാധാരണപോലെ പ്രവർത്തിക്കും. ഈ വിഷയത്തിൽ റോബ്ലോക്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത് വരെ ചാറ്റ് ഫീച്ചർ പുനഃസ്ഥാപിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഈ നീക്കം കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.