ബൂസ്റ്റര്‍ ഡോസ് കര്‍ശനമാക്കി യു.എ.ഇ; അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

Abudhabi

അബുദാബി:  കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ ബൂസ്റ്റര്‍ ഡോസ് നിയമം കര്‍ശനമാക്കി. രണ്ടാമെത്തെ വാക്‌സിന്‍ എടുത്ത് ആറ് മാസം പിന്നിട്ടിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കില്ല. 

ഇവര്‍ പി.സി.ആര്‍ ടെസ്റ്റ് എടുത്താലും പച്ച തെളിയില്ല. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് മാസ കാലാവധി തീര്‍ന്നവരുടെ അല്‍ഹൊസന്‍ ആപ്പില്‍ പച്ചയ്ക്കുപകരം ഗ്രേ നിറമായത്.

ഗ്രീന്‍ പാസ് ഉണ്ടെങ്കില്‍ മാത്രമേ അബുദാബിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രവേശനം ലഭിക്കുകയുള്ളു. അതേസമയം, അബുദാബിയിലെ ദേശീയ ദിന പരിപാടികളില്‍ പങ്കെടുക്കുന്നതിന്‌ ഗ്രീന്‍പാസിനു പുറമെ 96 മണിക്കൂറിനകമുള്ള പി.സി.ആര്‍ ടെസ്റ്റും നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ ദുബായ് ഉള്‍പ്പെടെ മറ്റു എമിറേറ്റുകളിലെ മാളുകളില്‍ പ്രവേശനത്തിന് ഗ്രീന്‍പാസ് നിര്‍ബന്ധമല്ല. നേരത്തെ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പിന്നിട്ടവര്‍ക്കും പി.സി.ആര്‍ ടെസ്റ്റ് എടുത്താല്‍ ഗ്രീന്‍ പാസ് ലഭിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കിയത്.

ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ കാലാവധി എത്തിയവര്‍ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി സൗജന്യ ബൂസ്റ്റര്‍ ഡോസ് എടുക്കണം. ബൂസ്റ്റര്‍ ഡോസ് എടുത്താല്‍ മണിക്കൂറുകള്‍ക്കുകം അല്‍ഹൊസന്‍ ആപ്പില്‍ പച്ച തെളിയും. 

വാക്‌സീനും ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് രോഗം ബാധിച്ചാല്‍  ഗുരുതരാവസ്ഥയിലാകില്ലെന്നും മരണനിരക്കും കുറയ്ക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് ആയി ഫൈസര്‍, സ്പുട്‌നിക്, സിനോഫാം വാക്‌സീനുകളാണ് നല്‍കുന്നത്. സിനോഫാം എടുത്തവര്‍ക്ക് ആവശ്യമെങ്കില്‍ ഫൈസറോ സ്പുട്‌നികോ എടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ഇതിന് പുറമെ മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങള്‍ തുടരുന്നതും സുരക്ഷിതരായിരിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ മേഖലാ വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു.

വാക്‌സീന്‍ യോഗ്യരായ 100% പേര്‍ക്കും ഒരു ഡോസ് വാക്സീന്‍ നല്‍കി ലോകത്ത് ഏറ്റവുമധികം വാക്സിനേഷന്‍ നടത്തിയ രാജ്യമെന്ന് പദവി യു.എ.ഇ സ്വന്തമാക്കി.

അതേസമയം, യു.എ.ഇ പി.സി.ആര്‍ ടെസ്റ്റിന്റെ കാലാവധി 30 ദിവസത്തില്‍നിന്ന് 14 ആക്കി കുറച്ചു. പുതിയ നിയമം ഈ മാസം 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Share this story