ദുബായിൽ നടക്കുന്ന ആഗോള ടെക്നോളജി മേളയിൽ പങ്കെടുക്കാൻ കേരളത്തില്‍ നിന്ന് 49 കമ്പനികൾ

It Company

ദുബായ്: ദുബായിൽ നടക്കുന്ന ആഗോള ടെക്നോളജി മേളയിൽ പങ്കെടുക്കാൻ കേരളത്തില്‍ നിന്ന് 49 കമ്പനികൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അവതരപ്പിക്കപ്പെടുന്ന ജൈടെക്സില്‍ കേരളത്തിലെ ഐടി കമ്പനികൾക്ക് വിദേശത്ത് പുതിയ വിപണി കണ്ടത്താനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ 21 വരെയാണ് ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ജൈടെക്സ് നടക്കുന്നത്.

കേരളത്തിലെ ഐടി സാധ്യതകളെ പരിചയപ്പെടുത്തുകയും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ് ജൈടെക്സിലൂടെ കേരള ഐടി ലക്ഷ്യമിടുന്നത്. കേരള ഐടി പാര്‍ക്സിനു കീഴിലുള്ള തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളുമാണ് ദുബായിലേക്കു പറക്കുന്നത്.

കേരള ഐടി പാര്‍ക്സ് സി.ഇ.ഒ ജോണ്‍ എം തോമസും ജൈടെക്സില്‍ പങ്കെടുക്കാനായി ദുബയിലെത്തും. മേളയോടനുബന്ധിച്ച്‌ ദുബായിലെ പ്രവാസി വ്യവസായികളേയും സംരംഭകരേയും പങ്കെടുപ്പിച്ച്‌ പ്രത്യേക ബിസിനസ് റ്റു ബിസിനസ് മീറ്റും കേരള ഐടി സംഘടിപ്പിക്കുന്നുണ്ട്.

Share this story