അബുദാബിയിലേക്ക് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രവേശനം 10 മുതല്‍ മാത്രം

അബുദാബി: യാത്രാവിലക്കില്‍ യുഎഇ പ്രഖ്യാപിച്ച ഇളവ് പ്രാബല്യത്തില്‍ വന്നെങ്കിലും അബുദാബിയിലേക്ക് ഓഗസ്റ്റ് 10 വരെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്കു പ്രവേശനമില്ല. ഈ ദിവസം വരെ അബുദാബിയിലേക്കുള്ള യാത്രക്കാരെ കൊണ്ടുവരരുതെന്ന നിര്‍ദേശം യു.എ.ഇ വിമാനത്താവള അധികൃതര്‍ നല്‍കിയതായാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും പുതിയ യാത്രാമാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നത്.

ദുബായിലും ഷാര്‍ജയിലും ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ ഇന്നു രാവിലെ മുതല്‍ എത്തിത്തുടങ്ങി. ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കു 10 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കു 10 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമാണ്. ഈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ നാലാത്തെയും എട്ടാമത്തെയും ദിവസം പി.സി.ആര്‍ ടെസ്റ്റിനു വിധേയമാകണം. യാത്രക്കാരെ നിരീക്ഷിക്കുന്ന വാച്ച് അണിയുകയും വേണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രാനിര്‍ദേശങ്ങളില്‍ പറയുന്നു.

Share this story