ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിന് ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ

ദുബൈ: യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിന് ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ ലഭിച്ചു. ജീവനക്കാർക്ക് മികച്ച ജോലി സാഹചര്യങ്ങൾ നൽകുകയും പ്രവർത്തന മികവ് കാഴ്ച വെക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണ് ഇത്. ദുബൈ ദേര ക്രൗൺ പ്ലാസയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഗ്രേറ്റ് പ്ലേസ് ടു വർക്ക് അംഗീകാരം ലഭിച്ചതിലെ സന്തോഷം ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് സിഇഒയും എംഡിയുമായ മുഹമ്മദ് ഷെരീഫ് അൽഹാദി പങ്കുവെച്ചു.  നേട്ടത്തിന് അർഹരാക്കിയ എല്ലാ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു

ജീവനക്കാർക്ക് സുരക്ഷയും ജോലി ചെയ്യാനുള്ള സമാധാന അന്തരീക്ഷം സൃഷ്ടിക്കുകയും അതിലൂടെ അവരുടെ ജോലി സമ്മർദം കുറയ്ക്കാൻ മുൻ കൈയെടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടെത്തി അത്തരം സാഹചര്യങ്ങൾ നിലനിർത്താനായി പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക്. ഹാദി എക്‌സ്‌ചേഞ്ചിലെ ഓരോ ജീവനക്കാരുടെയും കഠിനാധ്വാനവും അർപ്പണ മനോഭാവവുമാണ് ഈ നേട്ടത്തിന് തങ്ങളെ അർഹരാക്കിയതെന്ന് ജനറൽ മാനേജർ ആൽബിൻ തോമസ് പറഞ്ഞു. 

1994ൽ ആരംഭിച്ച ഹാദി എക്‌സ്‌ചേഞ്ച് 2006ലാണ് സൗത്ത് ഇന്ത്യൻ ബാങ്കുമായി കൈ കോർത്തത്. നിലവിൽ നിരവധി ബ്രാഞ്ചുകളുമായി ഈ രംഗത്തെ അറിയപ്പെടുന്ന ബ്രാൻഡായി ഹാദി മാറിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൃത്യവും മകിച്ച നിലവാരങ്ങൾ പുലർത്തുന്നതുമായ സേവനങ്ങളാണ് ഹാദി ഉറപ്പ് വരുത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ബ്രാഞ്ചുകളിലും കസ്റ്റമർ ഹാപിനസ് മീറ്ററും സ്ഥാപിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. 

ഹാദിയുടെ സേവനത്തിൽ 99.65 ശതമാനം ഉപഭോക്താക്കളും മികച്ച സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് നൽകുന്ന പ്രോത്സാഹനവും കരുതലുമാണ് മികച്ച രീതിയിൽ ജോലി ചെയ്യാൻ അവരെ പ്രാപ്തമാക്കുന്നതെന്നുംം ആൽബിൻ തോമസ് പറഞ്ഞു. ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കറ്റ് വാർത്താ സമ്മേളനത്തിൽ ഹാദി അധികൃതർക്ക് ഗ്രേറ്റ് പ്ലേസ് ടു വർക്ക് മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം മൗഗർബെൽ കൈമാറി.  

ഗ്രേറ്റ് പ്ലേസ് ടു വർക്ക് എംഡി ഇബ്രാഹിം മൗഗർബെൽ, ഹാദി എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ആൽബിൻ തോമസ്, ഡെപ്യൂട്ടി ജനറൽ മാനേജർ അരുൺ ഹെൻറി, എക്‌സിൻസ് സിഇഒ അബ്ദുൽ വാഹദ് ബെൻഡൗവ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Share this story