താമസവിസയുള്ള 15 വയസ്സ് മുതലുള്ളവര്‍ക്ക് നിബന്ധനകളോടെ പാര്‍ട് ടൈം ജോലി ചെയ്യാം

UAE

ദുബൈ: 15 വയസ്സ് മുതല്‍ 18 വയസ്സുവരെ ഉള്ളവര്‍ക്ക് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യാന്‍ നല്‍കിയതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ. ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട് ആറ് മാസം വരെയോ വര്‍ഷത്തില്‍ ഏതാനും മണിക്കൂറുകളോ ജോലി ചെയ്യാനാണ് യു.എ.ഇ അനുമതി നല്‍കിയത്.

യു.എ.ഇയില്‍ താമസിക്കുന്ന 15 വയസ് കഴിഞ്ഞ ആര്‍ക്കും ഇത്തരത്തില്‍ താല്‍ക്കാലിക ജോലിയ്ക്ക് അപേക്ഷിക്കാനാകും. താമസവിസയുള്ള വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ജോലി ചെയ്യാനാണ് അവസരം.

ഇത്തരത്തില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ട്രെയിനിങ് പെര്‍മിറ്റ് ഉണ്ടായിരിക്കണം. മന്ത്രാലയം വെബ്‌സൈറ്റിലോ വജെഹ്‌നി ആപ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. തസ്ഹീല്‍ സര്‍വീസ് സെന്ററുകളിലും അപേക്ഷ ലഭ്യമാണ്.

അപകടകരമായ ജോലി, രാത്രി ജോലികള്‍, അവധി ദിവസങ്ങളിലെ ജോലി, ഓവര്‍ടൈം എന്നിവയ്ക്ക് അനുവാദമില്ല. ആരോഗ്യ, തൊഴില്‍ സുരക്ഷയെക്കുറിച്ച് കുട്ടികള്‍ക്കു മതിയായ പരിശീലനം നല്‍കണം. ഒരു ദിവസം ആറ് മണിക്കൂര്‍ ജോലി, ഒരു മണിക്കൂര്‍ ഇടവേള എന്നിവയാണ് തൊഴിലുടമ പാലിക്കേണ്ട നിബന്ധനകള്‍.

കരാര്‍ കാലയളവു പൂര്‍ത്തിയാക്കിയാലുടന്‍ തൊഴില്‍ മികവു രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണം. വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും പാസ്‌പോര്‍ട്ടിന്റെയും താമസവിസയുടെയും പകര്‍പ്പുകള്‍, പാര്‍ട് ടൈം കരാറിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട് സൈസ് ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ സമ്മതപത്രം.

പഠിക്കുമ്പോള്‍ തന്നെ ജോലി ചെയ്യാം എന്നത് യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യപടിയാണ്. ഇപ്പോള്‍ എമിറേറ്റ്‌സിലെ 15 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും ഇത്തരമൊരു അവസരം തുറന്നിരിക്കുകയാണ്

Share this story