പുതിയ ബസ്​ റൂട്ട്​ പ്രഖ്യാപിച്ച്​ ആർ.ടി.എ

ദുബായ്: റോഡ് ​ഗതാഗത അതോറിറ്റി (ആർ.ടി.എ) പുതിയ ബസ്​ റൂട്ട്​ ആരംഭിക്കാനും മൂന്ന്​ റൂട്ടുകളി​ലേക്കുള്ള സർവിസുകൾ മെച്ചപ്പെടുത്താനും തീരുമാനിച്ചു. എസ്​.എം1 എന്ന്​ പേരിട്ട പുതിയ ബസ്​ റൂട്ട്​ ഗോൾഡ്​ സൂക്ക്​ ബസ്​​സ്​റ്റേഷനിൽനിന്ന്​​ ആരംഭിച്ച്​ ദേര ഐലൻഡിലെ സൂഖുൽ മർഫയിലേക്ക്​ എത്തിച്ചേരുന്നതാണ്​. അൽ ഖലീജ്​ സ്​ട്രീറ്റിലൂടെയാണ്​ ഇത്​ കടന്നുപോവുക. ഈ മാസം ഒമ്പത്​ മുതലാണ്​ സർവിസ്​ ആരംഭിക്കുന്നതെന്നും ഒാരോ മണിക്കൂറിലും റൂട്ടിൽ സർവിസുണ്ടാകുമെന്നും ആർ.ടി.എ അറിയിച്ചു.

ഇതിനൊപ്പം മൂന്ന്​ റൂട്ടുകളിലേക്ക്​ സർവിസുകൾ പരിഷ്​കരിക്കാനും തീരുമാനിച്ചിട്ടുണ്ട്​. ബിസിനസ് ബേ ബസ് സ്​റ്റേഷൻ ഭാഗത്തെ കടൽതീരം ഉൾക്കൊള്ളുന്ന രീതിയിൽ​ റൂട്ട്​ 14​, ഇൻവെസ്​റ്റ്​മെൻറ്​ പാർക്ക് മെട്രോ സ്​റ്റേഷന്​ സമീപമുള്ള റൂട്ട് എഫ്​ 51, താമസസ്ഥലങ്ങൾ ഉൾക്കൊള്ളുന്നതിനായി ഇമാർ സൗത്തിലെ റൂട്ട് എഫ്​ 55 എന്നിവയാണ്​ ക്രമീകരിക്കുക. ബസ് ശൃംഖല വിപുലീകരിക്കാനും മെട്രോ, ട്രാം, സമുദ്ര ഗതാഗത മാർഗങ്ങൾ തുടങ്ങിയ മറ്റ് പൊതു ഗതാഗത മാർഗങ്ങളുമായി ബസുകളുടെ സംയോജനം കൂട്ടാനുമാണ്​ ആർ.ടി.എ പരിശ്രമിക്കുന്നതെന്ന്​ ​വാർത്താക്കുറിപ്പിൽ വ്യക്​തമാക്കി.

Share this story