തുടർ ആക്രമണങ്ങൾ നിർത്തിവെക്കാൻ യുഎസും ഇറാനും; നിർണായക ചർച്ച നാളെ ഖത്തറിൽ

സമാധാന ചർച്ച

ദോഹ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻ സൈനിക സംഘർഷത്തിലേക്ക് നീങ്ങിയ പശ്ചിമേഷ്യയിൽ താൽക്കാലിക ആശ്വാസം. പരസ്പരം നടത്തുന്ന സൈനിക ആക്രമണങ്ങൾ നിർത്തിവെക്കാൻ അമേരിക്കയും ഇറാനും ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തർക്കവിഷയങ്ങളിൽ സമഗ്രമായ പരിഹാരം കാണുന്നതിനായുള്ള നിർണായക ചർച്ചകൾ നാളെ (ചൊവ്വാഴ്ച) ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വെച്ച് നടക്കും.

​മേഖലയിലെ പ്രമുഖ വാണിജ്യ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ സംഘർഷങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ദിവസങ്ങളിൽ യുഎസും ഇറാനും പരസ്പരം മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇരുപക്ഷവും തൽക്കാലത്തേക്ക് ആക്രമണങ്ങളിൽ നിന്ന് പിന്മാറാനും കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദം നൽകാനും നിലവിൽ തീരുമാനിച്ചിട്ടുണ്ട്.

​നേരത്തെയുണ്ടാക്കിയ താൽക്കാലിക സമാധാന ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് നാളെ ഖത്തറിൽ സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കുന്നത്. ഖത്തർ മധ്യസ്ഥത വഹിക്കുന്ന ഈ ചർച്ച പശ്ചിമേഷ്യയിലെ യുദ്ധഭീതി ഒഴിവാക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Tags

Share this story