ഇറാനിൽ നിന്ന് എണ്ണക്കടത്ത് ആരോപണം: കപ്പൽ ആക്രമിച്ചതായി യുഎസ് സ്ഥിരീകരിച്ചു; യൂറോപ്യൻ യൂണിയന് മുന്നറിയിപ്പുമായി ഇറാൻ

indian Ship

മസ്കറ്റ്/വാഷിങ്ടൺ: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ നടന്ന മിസൈലാക്രമണം നടത്തിയത് തങ്ങളാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു അമേരിക്കൻ വ്യോമസേന കപ്പലിന് നേരെ ആക്രമണം നടത്തിയത്. ഈ ദാരുണമായ സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.

​അമേരിക്കൻ യുദ്ധവിമാനത്തിൽ നിന്ന് രണ്ട് ഹെൽഫയർ മിസൈലുകൾ തൊടുത്തുവിട്ട് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നുവെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കിയത്. യുഎസ് സേന നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിൽ കപ്പൽ ജീവനക്കാർ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്നും അവർ വിശദീകരിച്ചു. ഉപരോധം ആരംഭിച്ചതിന് ശേഷം മേഖലയിൽ അമേരിക്ക ആക്രമിക്കുന്ന ഒമ്പതാമത്തെ കപ്പലാണിത്.

​പലാവു പതാക വഹിച്ച എംടി സെറ്റെബെല്ലോ (MT Settebello) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യൻ നാവികരായിരുന്നു. ആക്രമണത്തെത്തുടർന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഡെക്ക് കേഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 21 ഇന്ത്യൻ നാവികരെ ഒമാൻ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തി.

ഇറാന്റെ മുന്നറിയിപ്പ്

​സംഭവത്തിന് പിന്നാലെ യൂറോപ്യൻ യൂണിയന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. അന്താരാഷ്ട്ര സമുദ്രമേഖലയിലെ അമേരിക്കൻ ആക്രമണങ്ങൾക്ക് നേരെ അന്താരാഷ്ട്ര സമൂഹം നിശബ്ദത പാലിക്കരുതെന്നും, ഇത് മേഖലയെ ആകെ വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ പ്രതിഷേധം

​നിർദ്ദിഷ്ട കപ്പലിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സാധാരണക്കാരായ നാവികർക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം അതീവ ആശങ്ക രേഖപ്പെടുത്തുകയും, ഡൽഹിയിലെ യുഎസ് ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ നയതന്ത്ര പ്രതിഷേധം (Demarche) അറിയിക്കുകയും ചെയ്തു. കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags

Share this story