നെറ്റ്​ഫ്ലിക്സ്​ വരിക്കാരിൽനിന്ന്​ വ്യാപകപരാതി: ഉരീദു നടപടിയെടുക്കണമെന്ന് സി.ആർ.എ

നെറ്റ്​ഫ്ലിക്സ്​ വരിക്കാരിൽനിന്ന്​ വ്യാപകപരാതി: ഉരീദു നടപടിയെടുക്കണമെന്ന് സി.ആർ.എ

ദോഹ: ഓൺലൈൻ ഒ.ടി.ടി പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്സ് വരിക്കാരിൽനിന്ന്​ ‘ഉരീദു’വിനെതിരെ വ്യാപകപരാതി. ഇ​ക്കാര്യത്തിൽ ടെലികോം സേവനദാതാക്കളായ ഉരീദു ഉചിത നടപടി സ്വീകരിക്കണമെന്ന് കമ്യൂണിക്കേഷൻസ്​ റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ) ഉത്തരവിട്ടു.

നെറ്റ്​ഫ്ലിക്സ് ​സബ്സ്​ക്രിപ്ഷൻ സേവനങ്ങളുമായി ബന്ധ​പ്പെട്ട്​ തെറ്റായ ഇൻവോയിസ്​, നിയമവിധേയമല്ലാത്ത ഇടപാടുകൾ എന്നിവ സംബന്ധിച്ച് ഖത്തറിലെ ഉരീദു ഉപഭോക്താക്കളിൽനിന്ന് സി.ആർ.എക്ക് നിരവധി പരാതികൾ ലഭിച്ചതിൻെറ അടിസ്​ഥാനത്തിലാണ് നടപടി. ടെലികമ്യൂണിക്കേഷൻ നിയമം, ടെലികമ്യൂണിക്കേഷൻ ബൈ–ലോ, ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട മറ്റുചട്ടങ്ങൾ എന്നിവയുടെ അടിസ്​ഥാനത്തിൽ ഉരീദുവുമായും ഉപഭോക്താക്കളുമായും ഈ വിഷയത്തിൽ അന്വേഷണത്തിൻെറ ഭാഗമായി സി.ആർ.എ ബന്ധപ്പെട്ടിരുന്നു. ജൂൺ 20ന് മുമ്പായി പണം നഷ്​ടപ്പെട്ട മുഴുവൻ ഉപഭോക്താക്കൾക്കും പണം തിരികെനൽകണമെന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ഉപഭോക്താക്കളുടെയും ടെലികോം സേവനദാതാക്കളുടെയും അവകാശങ്ങൾക്കിടയിൽ സന്തുലിതത്വം പാലിക്കാനും രാജ്യത്തെ മികച്ചതും വിശ്വാസ്യയോഗ്യവുമായ ടെലികോം സേവനം ഉറപ്പുനൽകാനും ഉത്തരവിൽ പറയുന്നു.
ഉപഭോക്താക്കൾ തങ്ങളുടെ ബില്ലുകൾ പണമടക്കുന്നതിന് മുമ്പായി പരിശോധിച്ചിരിക്കണം. അപേക്ഷിക്കാത്തതും ആക്ടിവേറ്റ് ചെയ്യാത്തതുമായ സേവനങ്ങൾക്ക് പണമടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സി.ആർ.എ ഉപഭോക്താക്കളോടാവശ്യപ്പെട്ടു. ബില്ലുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പണമടക്കുന്നതിന് മുമ്പായി കമ്പനിയുമായി ബന്ധപ്പെടണം.

പണമിടപാട് സംബന്ധിച്ച വിഷയങ്ങളിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ സി.ആർ.എയിൽ പരാതി സമർപ്പിക്കുന്നതിന് അവർക്ക് അവകാശമുണ്ട്​. പരാതികളിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ടെലികോം സേവനങ്ങൾ പരാതികൾ നൽകാം
ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് 103 എന്ന ഹോട്ട്​ലൈനിൽ 24 മണിക്കൂറും സി.ആർ.എയുമായി ബന്ധപ്പെടാം. കൂടാതെ consumervoice@cra.gov.qa എന്ന മെയിൽ വിലാസത്തിലും സി.ആർ.എ ട്വിറ്റർ, ഫേസ്​ബുക്ക്, ഇൻസ്​റ്റഗ്രാം പേജുകളിലും അർസൽ മൊബൈൽ ആപ്പിലും സി.ആർ.എ വെബ്സൈറ്റിൽനിന്നുള്ള കംപ്ലയിൻറ് ഫോമിലും പരാതിപ്പെടാവുന്നതാണ്.

Share this story