സഊദിയിലെ ജനസംഖ്യയില്‍ പാതിയും അമിതഭാരം പേറുന്നവര്‍; ചെറിയ കുട്ടികളില്‍പോലും പൊണ്ണത്തടിയുടെ ദുരിതം
റിയാദ്: 15 വയസോ, അതിന് മുകളിലോ പ്രായമുള്ള സഊദി ജനതയില്‍ പാതിയോളം പേരും അമിതഭാരം പേറുന്നതായി റിപ്പോര്‍ട്ട്. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2024ലെ ഹെല്‍ത്ത് ഡിറ്റര്‍മിനന്റ്സ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടാണ് സഊദിയില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പൊണ്ണത്തടിയും അമിത ഭാരവും വര്‍ധിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്.
സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് സ്വന്തമായി നടത്തിയ സര്‍വേക്കു പുറമെ, നാഷണല്‍ ഹെല്‍ത്ത് സര്‍വേ, 2024ലെ സ്ത്രീ-ശിശു ആരോഗ്യ സര്‍വേ, ജനസംഖ്യാ കണക്കുകള്‍ എന്നിവ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
സഊദി ജനസംഖ്യയിലെ പതിനഞ്ചോ, അതിന് മുകളിലോ പ്രായമുള്ളവരില്‍ 45.1 ശതമാനം പേര്‍ അമിതഭാരമുള്ളവരും 23.1 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
2023നെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് അമിതഭാരത്തിന്റെ കാര്യത്തിലും പൊണ്ണത്തടിയുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29.5 ശതമാനമായിരുന്നു അമിതഭാരമുള്ളവരുടെ നിരക്കെന്നിരിക്കേ ഈ റിപ്പോര്‍ട്ട് ഏറെ ആശങ്കജനിപ്പിക്കുന്നത് കൂടിയാണ്. രണ്ടു വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള സഊദി കുട്ടികളില്‍ 33.3 ശതമാനം പേര്‍ അമിത ഭാരമുള്ളവരാണെന്നും 14.6 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവരാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7.3 ശതമാനമായിരുന്നു പൊണ്ണത്തടിയെന്നിരിക്കേയാണ് ഇരട്ടിയോളമായി വര്‍ധിച്ചിരിക്കുന്നത്.
വ്യായാമമില്ലായ്മയും ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങളാണ് പ്രധാനമായും ഇത്തരം ഒരു അവസ്ഥയിലേക്കു കുട്ടികളെയും മുതിര്‍ന്നവരെയും നയിക്കുന്നത്. പ്രായപൂര്‍ത്തിയായവരില്‍ 10.2 ശതമാനം പേര്‍ മാത്രമേ ആരോഗ്യപരമായ രീതിയില്‍ പഴങ്ങളും പച്ചക്കറികളും പ്രതിദിനം കഴിക്കുന്നുള്ളൂ. കുട്ടികള്‍ ദിവസത്തില്‍ കുറഞ്ഞത് അഞ്ചുനേരം ഭക്ഷണം കഴിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. മുതിര്‍ന്നവരില്‍ 84.8 ശതമാനം പേരും ദിവസവും നാലു നേരം വരെ ഭക്ഷണം കളിക്കുന്നവരുമാണ്. അതേസമയം അഞ്ച് ശതമാനം കൃത്യമായ രീതിയില്‍ പ്രതിദിന ഭക്ഷണം കഴിക്കുന്നില്ലെന്നും സഊദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.