പാതിവില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പുണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്നലെ ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത്. തട്ടിപ്പിൽ അനന്തുകൃഷ്ണന് മാത്രമല്ല, എൻജിഒ കോൺഫെഡറേഷന്റെ മറ്റ് ഭാരവാഹികൾക്കും പങ്കുണ്ടെന്ന തരത്തിൽ ലാലി വിൻസെന്റ് അന്വേഷണ സംഘത്തിന് മൊഴി നൽകി
ലാലി വിൻസെന്റിന്റെ മൊഴി പരിശോധിച്ച ശേഷം കൂടുതൽ ആളുകളെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം തന്നെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയതല്ലെന്നും തന്റെ ആവശ്യപ്രകാരം അന്വേഷണ സംഘം മൊഴിയെടുത്തതാണെന്നുമാണ് ലാലി വിൻസെന്റ് അവകാശപ്പെടുന്നത്.
എറണാകുളത്ത് നിന്നുള്ള എഐസിസി അംഗമായ ലാലി ഗുജറാത്തിലെ എഐസിസി സമ്മേളനം ഒഴിവാക്കിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. മറ്റ് ചില തിരക്കുകൾ ഉള്ളതിനാലാണ് സമ്മേളനത്തിന് പോകാതിരുന്നതെന്നാണ് ഇവർ പറയുന്നത്.