ഉണക്കിയ പഴങ്ങൾ പ്രമേഹ രോഗികളുടെ വില്ലനല്ല : പുതിയ പഠന റിപ്പോർട്ട്

ഉണക്കിയ പഴങ്ങൾ പ്രമേഹ രോഗികളുടെ വില്ലനല്ല : പുതിയ പഠന റിപ്പോർട്ട്

പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ പഠനങ്ങൾ. പല ഭക്ഷണ പദാർത്ഥങ്ങളിലേയും പഞ്ചസാരയുടെ അളവിനെ കുറിച്ച് ജനങ്ങൾ എന്നും ആശങ്കാകുലരാണ്. പ്രത്യേകിച്ചും പഴങ്ങളുടെ കാര്യത്തിൽ. എന്നാൽ ഈ വിഷയത്തിൽ തീർത്തും സന്തോഷപ്രദമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഉണക്കിയ പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് വലിയ തോതിൽ ഉയരില്ലായെന്നാണ് പുതിയ പഠന റിപ്പോർട്ട്. നുട്രീഷൻ ആൻഡ് ഡയബറ്റീസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉണക്കമുന്തിയിരി, ഉണക്കിയ ആപ്രിക്കോട്ട്, വെള്ളമുന്തിരി (സുൽത്താന), ഈത്തപ്പഴം എന്നിവ ഇനി കുറച്ചു സമാധാനത്തോടെ പ്രമേഹ രോഗികൾക്ക് കഴിക്കാം. വെള്ള ബ്രഡിലെ അന്നജത്തിലെ പഞ്ചസാരയുടെ അളവിനേക്കാൾ ചെറുതാണ് ഉണക്കിയ പഴങ്ങളിലെ പ്രമേഹളവ് എന്നതാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ നടത്തിയ പഠനത്തിൽ വ്യക്തമായത്.

ആരോഗ്യമുള്ള കുറച്ച് പേരിൽ നാല് ഉണക്കപ്പഴങ്ങളും വെള്ളബ്രെഡും നൽകിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ ഗ്ലൂക്കോസിനെ ബാധിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഗ്ലിസമിക് ഇൻഡെക്‌സ്. പ്രമേഹ രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമേതെന്ന് കണ്ടെത്തുന്നതിന് ഇത് സഹായകാകും. മിക്കപഴങ്ങളിലും പ്രത്യേകിച്ച് മാംസളമായവയിൽ താഴ്ന്ന ഗ്ലിസെമിക് സൂചികയാണുള്ളത്. അതോടൊപ്പം തന്നെ ഉണങ്ങിയ പഴങ്ങൾക്കും ഗ്ലിസെമിക് സൂചിക വളരെ താഴ്ന്ന തോതിലാണുള്ളത്. അതിനാൽ വളരെ വലിയതോതിൽ ഇവ രക്തത്തിലെ പ്രമേഹം ഉയർത്തില്ലെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

രക്തത്തിലെ ഗ്ലൂക്കോസും ഇൻസുലിനും വർധിപ്പിക്കുന്ന വെള്ള ബ്രെഡ്, ഉരുളക്കിഴങ്ങ്. ചോറ്, ഒട്ടുമിക്ക പ്രഭാത ഭക്ഷണങ്ങൾ എന്നിവയെല്ലാം ഉയർന്ന ഗ്ലിസമിക് സൂചികയുള്ളവയാണ്. അതേസമയം, ബീൻസ്, പയർ, ബാർലി, ഓട്‌സ് എന്നിവ കുറഞ്ഞ ഗ്ലിസമിക് സൂചികയുള്ളവയാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവ് മിതമായി മാത്രമാണ് ഇവ കാരണം വർധിക്കുന്നത്.

Share this story