കുട്ടികളുടെ പല്ലിന് ഹാനികരമാകുന്ന ഭക്ഷണങ്ങള്‍

Rafi Health

വളർച്ചയുടെ ഘട്ടമായതിനാൽ കുട്ടികളുടെ പല്ലുകളിൽ വരുന്ന അണുക്കളെ ആക്രമിച്ച് തുരത്താനുള്ള കഴിവ് അവരുടെ പല്ലുകൾക്ക് കാണില്ല. അതിനാൽ കുട്ടികളുടെ പല്ല് എളുപ്പത്തിൽ കേടുപറ്റാനുള്ള സാധ്യതയുണ്ട്.  മുതിര്‍ന്നവര്‍ അവർക്ക് വേണ്ട മുൻകരുതൽ എടുക്കേണ്ടതാണ്. അവരുടെ ഓരോ കാര്യങ്ങളിലും നമ്മൾ കരുതലോടെ ഇടപെടേണ്ടതുണ്ട്. അത്തരത്തില്‍ കൃത്യമായ ശ്രദ്ധ വച്ചുപുലര്‍ത്തേണ്ട ഒന്നാണ് പല്ലുകളുടെ കാര്യം.

ചില തരം ഭക്ഷണങ്ങൾ അവരുടെ പല്ലുകളെ എളുപ്പത്തില്‍ പ്രശ്‌നത്തിലാക്കുന്നതെന്ന് നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. അത്തരത്തിലുള്ള ഭക്ഷണത്തെപ്പറ്റിയാണ് വിശദീകരിക്കുന്നത്.

- മധുരം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും ചോക്ലേറ്റുകളുമാണ് ലിസ്റ്റിൽ ആദ്യം വരുന്നത്.  മിതമായ തരത്തില്‍ ഇവ കുട്ടികള്‍ക്ക് നല്‍കാം. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് പല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമാകും.   മിക്ക മിഠായികളും കൃത്രിമ മധുരം കൊണ്ട്  ഉണ്ടാക്കിയിരിക്കുന്നതുകൊണ്ട് ഇത് പല്ലിനെ തുരന്നുതിന്നും. അതുപോലെ പല്ലില്‍ പോടുകള്‍ ഉണ്ടാകാനും ഇടയാക്കും.

-  സ്‌നാക്‌സ് കുട്ടികള്‍ക്ക് വളരെ പ്രിയമാണ്. നിറമുള്ള പാക്കറ്റുകളിലാക്കി വില്‍ക്കപ്പെടുന്ന ഇത്തരം സാധനങ്ങള്‍ എവിടെ കണ്ടാലും കുട്ടികള്‍ അതില്‍ ആകൃഷ്ടരാകും. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന 'റിഫൈന്‍ഡ് കാര്‍ബോഡൈഡ്രേറ്റുകള്‍' വായില്‍ വച്ച് 'ഷുഗര്‍' ആയി മാറുന്നുണ്ട്. നിരന്തരം ഇത് കഴിക്കുന്നതോടെ പല്ല് ചീത്തയാകുന്നു.

- വൈറ്റ് ബ്രഡ് കഴിക്കുമ്പോൾ ഇതിൽ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് വായില്‍ വച്ച് ഷുഗര്‍ ആയി മാറുന്നു. മാത്രമല്ല, അല്‍പം ഒട്ടിയിരിക്കുന്ന തരത്തിലുള്ള ഭക്ഷണമായതിനാല്‍ ഇത് വായില്‍ ഏറെ നേരമിരിക്കാനും സാധ്യത കൂടുതലാണ്.

- ഭക്ഷണം മാത്രമല്ല ചില പാനീയങ്ങളും കുഞ്ഞുങ്ങളുടെ പല്ലുകളെ എളുപ്പത്തില്‍ നശിപ്പിച്ചേക്കും. അത്തരത്തിലുള്ളവയാണ് സോഫ്റ്റ് ഡ്രിംഗ്‌സ്. ഇതിലെ മധുരം പല്ലിനെ ചീത്തയാക്കുന്നതിനൊപ്പം, ഇവയിലടങ്ങിയിരിക്കുന്ന അസിഡിക് പദാര്‍ത്ഥങ്ങള്‍ പല്ലിന്റെ ആകെ ആരോഗ്യത്തെയും ക്ഷയിപ്പിച്ചേക്കും.

-  ചായയും കാപ്പിയും കൂടുതലായി കുടിക്കുന്നതും കുഞ്ഞുങ്ങളുടെ പല്ലിനെ ദോഷകരമായി ബാധിച്ചേക്കാം. വായ എപ്പോഴും വരണ്ടിരിക്കാനും ഇതുവഴി പല്ല് നശിക്കാനും ഇത് ഇടയാക്കുന്നു. അതുപോലെ പല്ലിന്റെ സ്വാഭാവികമായ നിറത്തിന് മങ്ങലേല്‍ക്കാനും ഇത് ഇടയാക്കും.

Share this story