പാരസിറ്റമോൾ ദിവസം എത്രയെണ്ണം കഴിക്കാം; കുട്ടികൾക്ക് സുരക്ഷിതമാണോ, കരളിനു ദോഷം വരുത്തുമോ: വിദഗ്ധരുടെ അഭിപ്രായം അറിയാം

Rafi Health

ഏറ്റവും ജനപ്രിയമായ മരുന്നിന്റെ പേര് ഒരു മലയാളിയോടു ചോദിച്ചു നോക്കൂ. ഉത്തരം റെഡി– പാരസെറ്റമോൾ. മലയാളിയുടെ നിത്യജീവിതത്തിലെ ഒരു അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ മരുന്ന്. പനി, ജലജോഷം, ശരീരവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് പാരസെറ്റമോളിലൂടെ ആശ്വാസം ലഭിക്കുന്നു. പനിയുടെ ചികിത്സയ്ക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മരുന്നാണിത്. പനിയുടെ കാരണക്കാരായ പൈരോജനുകൾ തലച്ചോറിലെ ഹൈപ്പോത്തലാമസിന്റെ തെർമോസ്റ്റാറ്റിൽ ചില വ്യതിയാനങ്ങള്‍ വരുത്തി ശരീരതാപനില ഉയർത്തുന്നു. തെർമോസ്റ്റാറ്റിൽ വന്ന ഈ വ്യതിയാനം പഴയപടി തിരിച്ചു കൊണ്ടുവരുകയാണ് പാരസെറ്റമോൾ ചെയ്യുന്നത്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഏതൊരു വ്യക്തിക്കും കടയിൽ നിന്നു വാങ്ങാവുന്ന മരുന്നാണു പാരസെറ്റമോൾ. അതുകൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഇന്നു വ്യാപകമാണ്. ഗുളികയായും കുത്തിവയ്പായും സിറപ്പായും ഇവ ലഭ്യമാണ്.

അളവുകൾ അറിയാം
സാധാരണയായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമാണ് പാരസെറ്റമോൾ. മുതിർന്ന ഒരാൾ നാല് മുതൽ ആറ് മണിക്കൂർ സമയത്തിനിടയിൽ 500 mg (ഒരു ഗുളിക 500mg) ഉള്ള രണ്ട് പാരസെറ്റമോൾ ഗുളികകൾ (1gm) കഴിക്കുന്നതാണ് അഭികാമ്യം. 24 മണിക്കൂറിൽ (ഒരു ദിവസം) എട്ട് ഗുളികയിൽ കൂടുതൽ (4gm) കഴിക്കുന്നത് നല്ലതല്ല. പക്ഷേ, ഇത്രയും ഗുളികകൾ കഴിച്ചിട്ടും ശരീരത്തിന്റെ അസ്വസ്ഥത മാറുന്നില്ലെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടുന്നതാണ് ഉത്തമം.

കുട്ടികളിൽ പ്രായം, മരുന്നിന്റെ തരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഡോസ് വ്യത്യാസം വരുന്നത്. പൊതുവായി കുട്ടികളുടെ ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും അനുസൃതമായി 10 mg പാരസെറ്റമോൾ എന്നാണു കണക്ക്. അതും നാല് മുതൽ ആറ് മണിക്കൂറിൽ നാല് ഡോസിൽ കൂടുതൽ കഴിക്കാൻ പാടില്ല. രണ്ടു മാസം പ്രായമായ കുട്ടിക്ക് ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ നൽകാവുന്നതാണ്.

മൂന്നുമാസം മുതൽ ഒരു വയസുവരെയുള്ള കുട്ടികൾക്ക് 60 മുതൽ 120 mg വരെ പാരസെറ്റമോൾ 24 മണിക്കൂറിൽ മൂന്നു മുതൽ നാലു തവണ നൽകാം. ഒരു വയസു മുതൽ അഞ്ച് വയസു വരെയുള്ള കുട്ടികൾക്ക് 120 മുതൽ 250 mg യും ആറ് മുതൽ പന്ത്രണ്ട് വയസു വരെയുള്ള കുട്ടികൾക്ക് 250 മുതൽ 500 mg യും പാരസെറ്റമോൾ മൂന്നു മുതൽ നാലു തവണ നൽകുന്നതു സുരക്ഷിതമാണ്.

കരൾ രോഗമുള്ളവരിൽ
പാരസെറ്റമോളിന്റെ ദീർഘകാല ഉപയോഗം ആമാശയത്തിനു പ്രശ്നമുണ്ടാക്കുന്നു. കൂടാതെ രക്താർബുദത്തിനും ഇതു കാരണമാകുന്നു എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. വൃക്കയുടെ പ്രവർത്തനത്തെയും അമിത ഉപയോഗം തകരാറിലാക്കുന്നു. ജലദോഷത്തിനുള്ള ചില മരുന്നുകളിലും ചുമയ്ക്കുള്ള സിറപ്പുകളിലും ചെറിയൊരംശം പാരസെറ്റമോൾ അടങ്ങിയിരിക്കാം. അതിനാൽ ഇവയോടൊപ്പം പാരസെറ്റമോൾ ഗുളിക കൂടി കഴിക്കുന്നത് ഓവർഡോസ് ആകാൻ സാധ്യതയുണ്ട്.

കരൾ രോഗമുള്ളവർ ഈ ഗുളികയുടെ ഉപയോഗം കുറയ്ക്കണം. ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രമെ ഇക്കൂട്ടർ പാരസെറ്റമോൾ കഴിക്കാൻ പാടുള്ളൂ. മദ്യയപാനികളിൽ പാരസെറ്റമോൾ അമിതമായി ഉപയോഗിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കും.

കുട്ടികളിൽ ആസ്മ ഉണ്ടാക്കുന്നു
പാരസെറ്റമോളിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം (പ്രത്യേകിച്ചു കുട്ടികളിൽ) എന്നാണ് ഇപ്പോൾ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്ന്. ഒറ്റ ഡോസ് പാരസെറ്റമോൾ മതി കുട്ടികളിൽ ആസ്മ ഉണ്ടാക്കാൻ എന്നാണു പുതിയ കണ്ടുപിടുത്തം. ‘പീഡിയാട്രിക്സ്’ എന്ന മെഡിക്കൽ ജേണലിൽ ഡോ. ജോൺ മാക്ബൈ്രഡാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഏതാണ്ട് രണ്ടു ലക്ഷം കുട്ടികളിൽ 34 രാജ്യങ്ങളിലായി നടന്ന പഠനങ്ങളുടെ ഫലമാണ് പാരസെറ്റമോൾ കുട്ടികളിൽ ആസ്മയ്ക്കു കാരണമാകാം എന്ന നിഗമനത്തിൽ എത്തിച്ചേരാൻ ഇടയാക്കിയത്.

2008–ൽ ലാൻസെറ്റ് എന്ന വിഖ്യാത മെഡിക്കൽ ജേണലിൽ ഇതുപോലെ ഒരു ഗവേഷണ ഫലം വരികയുണ്ടായി. കുട്ടികൾ ജനിച്ച ആദ്യ വർഷം പാരസെറ്റമോൾ കൊടുക്കേണ്ടി വന്നാൽ ഏതാണ്ട് 46 ശതമാനം വരെ അവരിൽ ആസ്മ ഉണ്ടാകാനുള്ള സാധ്യത വർധിക്കുമെന്നാണ്. ഏതാണ്ട് ഇരുപതോളം പഠനങ്ങള്‍ ഈ വഴിക്കു പല രാജ്യങ്ങളിലായി നടന്നിട്ടുണ്ട്.

കഴിഞ്ഞ മുപ്പതു വർഷമായി കുട്ടികളിൽ ലോകമെമ്പാടും ആസ്മ വർധിച്ചുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം അജ്ഞാതം. അമിതവൃത്തിയും, എന്തിന് കുട്ടികൾക്കു കൊടുക്കുന്ന പ്രതിരോധ മരുന്നുകൾ വരെ കാരണങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ആസ്പിരിന്റെ ഉപയോഗം, പ്രത്യേകിച്ചു 16 വയസിൽ താഴ്ന്ന കുട്ടികളിൽ ഈ കാലയളവിൽ കുറഞ്ഞിരുന്നു. റെയെസ് സിൻഡ്രം (Reye’s Syndrome) എന്ന തിരിച്ചറിവു കൊണ്ടായിരുന്നു ഇത്. അക്കാരണത്താൽ പനിക്കും വേദനയ്ക്കും പാരസെറ്റാമോളിന്റെ ഉപയോഗം ക്രമാതീതമായി വർധിക്കുകയും ചെയ്തു. കുട്ടികളിലെ ആസ്മയും ഇതോടു കൂടി വർധിച്ചു. അങ്ങനെ പാരസെറ്റമോളും സംശയത്തിന്റെ നിഴലിലായി. ശ്വാസകോശങ്ങളിലുണ്ടാകുന്ന നീർവീക്കമാണ് ആസ്മ. പാരസെറ്റമോൾ കഴിക്കുമ്പോൾ ഈ നീർവീക്കത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലൂട്ടാത്തിയോൺ എന്ന പദാർഥത്തിന്റെ അളവു ശരീരത്തിൽ ഗണ്യമായി കുറയും. ഇത് ആസമയുണ്ടാക്കും എന്നാണു വാദം.

ഏറ്റവും കൂടുതൽ പാരസെറ്റമോൾ വിറ്റഴിയുന്ന രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ആസ്മ കണ്ടുവരുന്നതെന്നത് ഈ മരുന്നിനെ പ്രതിസ്ഥാനത്തു നിർത്തുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും ഇതൊക്കെ ഡോസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗർഭിണിയായിരിക്കുമ്പോൾ പാരസെറ്റമോൾ കഴിച്ചാൽ കുട്ടിക്ക് ആസ്മ ഉണ്ടാകാനുള്ള സാധ്യതയും കൂടും. കൂടാതെ ഭാവിയിൽ ഈ കുട്ടികളിൽ വന്ധ്യതയ്ക്കുള്ള സാധ്യതയും കൂടുതലാണ്. വാക്സിനേഷൻ എടുക്കുന്ന കുട്ടികൾ പാരസെറ്റമോൾ ഒഴിവാക്കുന്നതാണു നല്ലത്. പാരസെറ്റമോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുമെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പകർച്ചപ്പനിക്ക് പാരസെറ്റമോൾ
എല്ലാതരം പനിക്കും പാരസെറ്റമോൾ ഉപയോഗിക്കാവുന്നതാണ്. പകർച്ചപ്പനിക്കും പാരസെറ്റമോൾ കഴിക്കുന്നത് ഗുണം ചെയ്യും. ഡെങ്കിപ്പനിക്ക് പാരസെറ്റമോളിന്റെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ അളവ് വീണ്ടും കുറയ്ക്കുമെന്ന ആക്ഷേപം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും അതു തെറ്റാണ്.

എന്നാൽ, ഡെങ്കി പോലുള്ള വൈറൽ പനികൾക്ക് ആസ്പിരിൻ, ബ്രൂഫൻ, വോവറാൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് രക്താണുക്കളുടെ അളവ് വീണ്ടും കുറയ്ക്കുന്നു. കൂടാതെ വൃക്കകൾക്കും കേടുവരുത്താം.

മറ്റു വേദനസംഹാരികൾ
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന സ്റ്റിറോയിഡ് കലർന്നിട്ടില്ലാത്ത (NSAIDS) വേദനസംഹാരികളാണ് ആസ്പിരിൻ , ഇബുപ്രൂഫിൻ, നാപ്രോക്സൻ മുതലായവ. ഇവ കൂടാതെ മോർഫിനിൽ നിന്നും ഒപ്പിയത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന മരുന്നുകളും വേദനസംഹാരികളായി ഉപയോഗിക്കുന്നു.

വാതത്തിനും പനിക്കുമെതിരെയും പാരസെറ്റമോൾ കഴിക്കുന്ന പ്രവണത നിലവിലുണ്ട്. NSAIDS ന്റെ വ്യാപകമായ ഉപയോഗം ആമാശയത്തിനും വൃക്കകൾക്കും മാരകമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. NSAIDS മറ്റ് മരുന്നുകളുമായി ചേർന്ന് ഹൃദയാഘാതസാധ്യതയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ഹൃദയാഘാതം വന്നിട്ടുള്ളവർ ഈ വേദനസംഹാരികളുടെ ഉപയോഗം കഴിവതും ഒഴിവാക്കണം. പുരുഷന്മാരിൽ ഉദ്ധാരണപ്രശ്നങ്ങൾക്കും ഈ മരുന്നുകൾ കാരണമാകുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

Share this story