കിഫ്ബി ഇടപാടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ; തീരുമാനം മന്ത്രിസഭായോഗത്തിൽ

കിഫ്ബി വിഡി

തിരുവനന്തപുരം: കിഫ്ബി ഇടപാടുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി സഭാ യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം എടുത്തത്. സുധാ പിള്ളയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഭൂമി ഏറ്റെടുത്തതും അനധികൃത നിയമനവും അന്വേഷിക്കും. എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍ കുത്തനെ കൂട്ടിയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഉണ്ടായി. ബില്ല് മന്ത്രി സഭ അംഗീകരിച്ചു. നാളെ നിയമ സഭയില്‍ ബില്‍ പാസാക്കാനാണ് നീക്കം നടക്കുന്നത്. എംഎല്‍എ മാരുടെ ആനുകൂല്യങ്ങള്‍ 98000 ആകും. 70000ല്‍ നിന്നാണ് 98000 രൂപയിലേക്ക് ആനുകൂല്യങ്ങള്‍ ഉയര്‍ത്തിയത്. മന്ത്രിമാരുടെ ആനുകൂല്യങ്ങള്‍ 1.8 ലക്ഷത്തില്‍ നിന്ന് 1.33 ലക്ഷമാക്കാനം തീരുമാനം ആയിട്ടുണ്ട്.

പാലക്കാട് നെന്മാറയില്‍ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്തിസഭാ യോഗം തീരുമാനിച്ചു. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും. പട്ടികജാതി- പട്ടിക വര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നല്‍കി. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍ നിന്നും 6 ലക്ഷമായും പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍ നിന്നും എട്ട് ലക്ഷമായുമാണ് ഉയര്‍ത്തിയിരിക്കുന്നത്.

2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി ഷൂട്ടിംഗില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിദര്‍ശ കെ വിനോദിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍ പാര്‍ട്ട് 1 ഷെഡ്യൂള്‍ ലിസ്റ്റ് 3 - മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിലെ എന്‍ട്രി നമ്പര്‍ 55 ല്‍ പട്ടാരിയ (Pattariya) എന്ന വിഭാഗത്തേയും എന്‍ട്രി നമ്പര്‍ 62 ല്‍ ശാലിയ (Saliya) വിഭാഗത്തേയും കൂട്ടിച്ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസ് വകുപ്പില്‍ പുനര്‍വിന്യസിച്ച 86 എസ്ഐ തസ്തികകളില്‍ 48 ഒഴിവുകള്‍ പിഎസ്‌സി സ്ഥിരം ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ല്‍ നിന്നും 7:3 ആയി വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Tags

Share this story