ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവന്നേക്കും; നിയമ തടസങ്ങളില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു
മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കും. റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമതടസങ്ങളില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ അപ്പീലിൽ ഇടക്കാല ഉത്തരവ് വന്നിട്ടില്ലാത്തതിനാൽ മറ്റ് തടസങ്ങളില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
അഞ്ചുവർഷത്തിന് ശേഷമാണ് റിപ്പോർട്ട് വെളിച്ചം കാണുന്നത്. വിവരാവകാശ കമ്മീഷൻ ഉത്തരവ് അനുസരിച്ച് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുക. 2017 ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവിൽ വന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം റിപ്പോർട്ട് പുറത്തുവിടാൻ ഈ വർഷം ഉത്തരവിടുകയായിരുന്നു. വിലക്കപ്പെട്ട വിവരങ്ങൾ ഉള്ളതിനാൽ ഒരു റിപ്പോർട്ട് പൂർണമായും രഹസ്യമായി വെക്കരുതെന്ന് മുൻവിധിന്യായങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. ജൂലൈ 24ന് റിപ്പോർട്ട് പുറത്തു വിടാൻ ഇരിക്കെ സിനിമാ നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിൽ റിപ്പോർട്ട് പുറത്തുവിടുന്നത് പിന്നെയും വൈകി. ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് റിപ്പോർട്ട് പുറംലോകം കാണാൻ ഒരുങ്ങുന്നത്.