വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രത്തോട് വീണ്ടും ഹൈക്കോടതി

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസർക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ല. ദേശീയ ദുരന്തമായതു കൊണ്ട് തന്നെ കടബാധ്യത എഴുതി തള്ളാൻ വ്യവസ്ഥയില്ലേയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു
എന്നാൽ ലോണുകൾ എഴുതി തള്ളുന്നത് സർക്കാർ നയത്തിന്റെ ഭാഗമാണെന്ന് കേന്ദ്രം മറുപടി നൽകി. കൊവിഡിലെ ബുദ്ധിമുട്ട് താത്കാലികമായിരുന്നു. എന്നാൽ വയനാട് ദുരന്തബാധിതർക്ക് സംഭവിച്ചത് അങ്ങനെയല്ല. ജീവനോപാധി തന്നെയാണ് ഇല്ലാതായത്. ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നത് കേന്ദ്രം ഗൗരവമായി പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു
കോടതി ഉത്തരവിറക്കിയാൽ അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. വായ്പ എഴുതി തള്ളാൻ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി കൂടി ആവശ്യമാണ്. വായ്പ എഴുതി തള്ളാൻ ബാങ്കുകളെ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി