കേരളത്തില്‍ ഉന്നതര്‍ അറസ്‌റ്റിലാകുമ്പോള്‍ മാത്രം ആശുപത്രിയില്‍ അഡ്‌മിറ്റാകുന്നു’, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: മെഡിക്കൽ ടൂറിസം ആണ് കേരളത്തിൽ നടക്കുന്നതെന്ന പരിഹാസവുമായി ഹൈക്കോടതി. ഉന്നതർ അറസ്റ്റിലായാൽ ഉടനെ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ അഡ്‌മിറ്റാകുകുകയും ജാമ്യം ലഭിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്. ഉന്നതരുടെ ജാമ്യാപേക്ഷകളിൽ മെഡിക്കൽ ടൂറിസം ആണ് നടക്കുന്നതെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പരിഹസിച്ചു.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജാമ്യം നൽകുന്ന പരിപാടി താൻ കുറേക്കാലമായി നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതർ അറസ്റ്റിലായാൽ ഉടനെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ അഡ്‌മിറ്റാകും. പിന്നീട് ജാമ്യവും നേടുമെന്നും വാക്കാൽ കോടതി പരാമർശിച്ചു.
പാതിവില തട്ടിപ്പ് കേസിൽ സായി ഗ്രാമം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഹർജിയുടെ മെറിറ്റിൽ മാത്രം വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
ജയിലിൽ ചികിത്സ ഉറപ്പാക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വിശദമായി കേൾക്കും. പാതിവില തട്ടിപ്പ് കേസിൽ മുഖ്യ പ്രതികളിലൊരാളായ ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ നേരത്തെ കീഴ്‌ക്കോടതി തള്ളിയിരുന്നു. തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.