വീട്ടിലെ പ്രസവം: അസ്മ മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പെരുമ്പാവൂർ സ്വദേശിനി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടന്ന അഞ്ചാം പ്രസവത്തിൽ 35കാരി അസ്മ മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മലപ്പുറം പോലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അക്യുപങ്ചർ രീതി വഴി ഭർത്താവ് പ്രസവമെടുക്കാൻ ശ്രമിച്ചതാണ് അസ്മയുടെ മരണത്തിന് കാരണം. ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. ഇതിന് ശേഷമാണ് ഭർത്താവ് സിറാജുദ്ദീൻ അക്യുപങ്ചർ ചികിത്സാ രീതി പഠിച്ചത്.
പിന്നീടുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ തന്നെയാണ് നടന്നത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഈ സമയം സിറാജുദ്ദീൻ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. രാത്രി ഒമ്പത് മണിയോടെ അസ്മ മരിച്ചു. ഇതോടെ നവജാത ശിശുവിനെയും മറ്റ് മക്കളെയും കൂട്ടി സിറാജുദ്ദീൻ ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് വരികയായിരുന്നു. ആംബുലൻസ് ഡ്രൈവർ ചോദിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലാണെന്നാണ് സിറാജുദ്ദീൻ പറഞ്ഞത്.