വൈകിട്ട് വരെ സഭ നിയന്ത്രിച്ചു, രാത്രി അപ്രതീക്ഷിത രാജി; ഉപരാഷ്ട്രപതിയുടെ രാജിക്ക് കാരണം കേന്ദ്രവുമായുള്ള തർക്കമോ?
Jul 22, 2025, 08:24 IST
ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിൽ ചോദ്യങ്ങളുയരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞാണ് അദ്ദേഹം രാജി വെച്ചതെങ്കിലും പിന്നിൽ രാഷ്ട്രീയകാരണങ്ങളാണെന്നാണ് അഭ്യൂഹം. അഭിമാനത്തോടെ പടിയിറങ്ങുന്നു എന്നാണ് ധൻകർ എക്‌സിൽ കുറിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് അദ്ദേഹം രാജിക്കത്ത് നൽകിയത് വൈകുന്നേരം വരെ രാജ്യസഭ നിയന്ത്രിച്ചിരുന്ന ഉപരാഷ്ട്രപതി രാത്രിയിൽ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെ കേന്ദ്രവും പ്രതിപക്ഷവും ഒരേ പോലെ അമ്പരന്നിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്യാനുള്ള നോട്ടീസ് രാജ്യസഭയിൽ സ്വീകരിച്ചതിനെ ചൊല്ലി കേന്ദ്രസർക്കാരുമായുള്ള തർക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന പ്രതിപക്ഷമാണ് നോട്ടീസ് നൽകിയത്. 63 അംഗങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെന്നും അതേ വിഷയത്തിൽ പ്രമേയ നോട്ടീസ് ലോക്‌സഭയിൽ ലഭിച്ചിട്ടുണ്ടെങ്കിൽ രണ്ട് സഭാ അധ്യക്ഷൻമാരും ചേർന്ന് തുടർ നടപടി സ്വീകരിക്കുമെന്നാണ് വൈകിട്ട് നാല് മണിക്ക് ധൻകർ പറഞ്ഞത്. രാത്രി 9 മണിയോടെ അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനവുമെത്തി. നേരത്തെയും കേന്ദ്രത്തിന്റെ അപ്രീതി ധൻകറിന് മേലുണ്ടായിരുന്നു. കർഷകര സമരങ്ങളിലെ കേന്ദ്രത്തിനെതിരായ വിമർശനം, ജുഡീഷ്യറിക്കെതിരായ വിമർശനം തുടങ്ങിയവയെല്ലാം കേന്ദ്രത്തെ ചൊടിപ്പിച്ചവയാണ്
