സഞ്ജുവും രാജസ്ഥാനും തമ്മിൽ തെറ്റിയത് എങ്ങനെ; കണ്ണുവെച്ച് ചെന്നൈയും കൊൽക്കത്തയും

അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കാൻ താത്പര്യമില്ലെന്ന് സഞ്ജു സാംസൺ ടീം മാനേജ്‌മെന്റിനോട് തുറന്നു പറഞ്ഞതായുള്ള വാർത്ത ഇന്നലെ വന്നിരുന്നു. ടീമുമായുള്ള അഭിപ്രായ വ്യത്യാസമാണ് ടീം വിടുന്നതിലേക്ക് മലയാളി താരത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ പരുക്കിനെ തുടർന്ന് രാജസ്ഥാന്റെ എല്ലാ മത്സരങ്ങളും കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. രാഹുൽ ദ്രാവിഡ് പരിശീലകനായി എത്തിയതിന് ശേഷം മാനേജ്‌മെന്റ് സ്വീകരിച്ച പല നീക്കങ്ങളോടും സഞ്ജുവിന് കടുത്ത എതിർപ്പുമുണ്ടായിരുന്നു
പരുക്ക് മാറി തിരികെ എത്തിയെങ്കിലും രാജസ്ഥാന്റെ പല മീറ്റിംഗുകളിലും സഞ്ജു പങ്കെടുത്തിരുന്നില്ല. ടീമിന്റെ തീരുമാനങ്ങളിൽ ക്യാപ്റ്റനെന്ന നിലയിൽ അർഹിക്കുന്ന പരിഗണന സഞ്ജുവിന് ലഭിച്ചില്ലെന്നും താരവുമായി അടുത്തു നിൽക്കുന്നവരും പറയുന്നു. ഒന്നുകിൽ തന്നെ വിൽക്കണമെന്നും അല്ലെങ്കിൽ റിലീസ് ചെയ്യണമെന്നുമാണ് താരം ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്
അടുത്ത സീസണിന് മുമ്പ് താരത്തെ റിലീസ് ചെയ്താൽ സഞ്ജു 2026 മെഗാ ലേലത്തിൽ പങ്കെടുക്കും. അങ്ങനെയെങ്കിൽ സഞ്ജുവിനായി കടുത്ത ലേലം വിളി തന്നെ കണ്ടേക്കാം. സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പരസ്യമായി തന്നെ രംഗത്തുണ്ട്. ചെന്നൈ ധോണിക്ക് പകരക്കാരനായാണ് സഞ്ജുവിനെ കാണുന്നത്. കൊൽക്കത്തയാകട്ടെ ക്യാപ്റ്റൻ മെറ്റീരിയൽ ആയാണ് സഞ്ജുവിനെ ആഗ്രഹിക്കുന്നത്
അതേസമയം സഞ്ജുവിനെ കൈമാറണമെങ്കിൽ പകരം രണ്ട് താരങ്ങളെയെങ്കിലും ചെന്നൈ നൽകണമെന്നാണ് രാജസ്ഥാൻ മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധന. ട്രേഡ് വിൻഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ നീക്കത്തിന് തിരിച്ചടി നൽകുന്നതാണ് രാജസ്ഥാന്റെ ആവശ്യം.