Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 75

രചന: റിൻസി പ്രിൻസ്

ഇന്നലെ വൈകുന്നേരം സുധി വിളിച്ചിരുന്നു. രാവിലെയുള്ള ഫസ്റ്റ് ബസ്സിന് വന്ന് നിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണം എന്ന് പറഞ്ഞു…

മാധവിയുടെ ആ വാക്കുകൾ ഇടിമിന്നൽ പോലെയാണ് സതിയുടെ ഹൃദയത്തിലേക്ക് പതിഞ്ഞത് ..

“എന്തിന്…? അതിനെപ്പറ്റി ഒന്നും അവൻ എന്നെ വിളിച്ചു പറഞ്ഞില്ലല്ലോ…

പെട്ടെന്ന് ഇടയിൽ കയറി മറുപടി പറഞ്ഞത് സതിയാണ്….

” എങ്കിൽ പിന്നെ സുധിയുടെ അമ്മ സുധിയെ വിളിച്ചു ചോദിച്ചോളൂ.. അതുകൊണ്ടാണല്ലോ ഞാൻ ഇവിടെ വരെ വന്നത്, ഇവൾ ഇന്നലെ തലകറങ്ങി വീണു എന്ന് പറഞ്ഞു. ഇവൾക്ക് ഉറക്കം ഒന്നും ശരിയാകുന്നില്ല എന്നും ഇവിടെ നിന്ന് പഠിത്തത്തിന് ബുദ്ധിമുട്ടാണെന്നും കുറച്ചുദിവസം വീട്ടിലേക്ക് കൊണ്ടുവന്നു നിർത്താനും ആണ് എന്നോട് പറഞ്ഞത്… സുധി പറഞ്ഞിട്ട് ആണ് ഞാൻ ഇങ്ങോട്ട് വന്നത്….

മാധവി പറഞ്ഞു..

“അമ്മയുടെയും മോൾടെയും നാടകം കൊള്ളാം.. എന്റെ മോൻ അങ്ങനെ ഒരു കാര്യം വിളിച്ചു പറഞ്ഞിട്ടുണ്ടാവില്ലന്ന് എനിക്ക് നല്ല ഉറപ്പാ. കാരണം അവൻ എന്നോട് പറയാതെ ഒരു കാര്യങ്ങളും തീരുമാനിക്കില്ല..

” സുധിയെ വിളിച്ചു ചോദിച്ചു നോക്കൂ അപ്പൊൾ അറിയാമല്ലോ….

മാധവി പറഞ്ഞു

” ആ നിമിഷം തന്നെയാണ് മീരയുടെ ഫോണിൽ സുധിയുടെ കോൾ വന്നത്…. അവൾ ഫോൺ എടുത്തതും ഫോൺ തട്ടിപ്പറിച്ച് സതി അവരുടെ കൈകളിൽ ആക്കിയിരുന്നു…

” എന്തുവാടാ നിന്റെ അമ്മായിയമ്മ രാവിലെ വന്ന് എന്നെ ചട്ടം പഠിപ്പിക്കുന്നത്…? നീ പറഞ്ഞെന്നോ ഇവളെ വിളിച്ചുകൊണ്ട് വീട്ടിൽ കൊണ്ടുപോകാനോ ഒക്കെ പറയുന്നു… ഭാര്യവീട്ടുകാരും നീയും കൂടി എല്ലാം അങ്ങ് തീരുമാനിച്ചു എന്നിട്ട് ഞാനിതൊക്കെ മുഹൂർത്തത്തിന് അറിഞ്ഞാൽ മതിയെന്ന് അല്ലേ…?

ദേഷ്യത്തോടെ സതി ചോദിച്ചു

” ആരുമായിട്ടും ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല, എന്റെ ഭാര്യയുടെ കാര്യത്തിൽ ഉള്ള എന്റെ തീരുമാനമാണ് പറഞ്ഞത്…. കുറച്ചുദിവസം അവൾ അവളുടെ വീട്ടിൽ പോയി നിൽക്കട്ടെ,

” അവളുടെ വീട്ടിൽ പോയി നിൽക്കാനാണോ നീ അവളെ കല്യാണം കഴിച്ച് ഇങ്ങോട്ട് കൊണ്ടുവന്നത്…?

” കല്യാണം കഴിച്ചു കൊണ്ടുവന്നു എന്ന് പറഞ്ഞാൽ അതിനർത്ഥം അവളുടെ വീട്ടിൽ നിന്ന് അവളെ അടിച്ചിറക്കി എന്നല്ലല്ലോ… പിന്നെ ഞാൻ അവിടെ ഉള്ളപ്പോൾ അവൾ അവിടെ നിന്നാൽ മതിയല്ലോ…

“അപ്പോൾ ഇനി നീ ഇവിടെ ഉള്ളപ്പോൾ മാത്രമേ അവൾ ഇവിടെ നിൽക്കത്തൊള്ളോ….?

” അമ്മേ ഞാൻ അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല.. അവൾക്ക് വയ്യാത്ത സ്ഥിതിക്ക് കുറച്ചുദിവസം അവൾ അവളുടെ വീട്ടിൽ പോയി നിൽക്കട്ടെ, ആരോഗ്യമൊക്കെ ശ്രദ്ധിക്കാൻ അവളുടെ വീട്ടിൽ നിൽക്കുന്നത് ആണ് നല്ലത്… ഇവിടെയാണെങ്കിൽ അമ്മയ്ക്കും വയ്യല്ലോ, അതിനിടയിലെ മീരയേ നോക്കാൻ ആരാ ഉള്ളത്..? തൽക്കാലം സ്വന്തം വീട്ടിൽ ആകുമ്പോൾ അവൾക്കും കുറച്ചു സമാധാനം കിട്ടും…

” ഞാൻ അവൾക്ക് ഇവിടെ സമാധാനം കൊടുക്കുന്നില്ല എന്നാണോ നീ പറയുന്നത്…?

” അതൊക്കെ അമ്മ സ്വയമേ ചോദിച്ചാൽ മതി.. എനിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി. അമ്മ വെറുതെ പ്രശ്നങ്ങളുണ്ടാക്കാതെ മീരയുടെ കൈയിലേക്ക് ഫോൺ കൊടുക്ക്….

സുധിയുടെ ആ വാക്ക് സതിയിൽ ഒരു കനത്ത പ്രഹരം തന്നെയാണ് സൃഷ്ടിച്ചത്… മകനിൽ നിന്നും അത്തരം ഒരു പ്രവർത്തി അവർ പ്രതീക്ഷിച്ചിരുന്നില്ല..

” ഹലോ സുധിയേട്ടാ

” താൻ തൽക്കാലം വീട്ടിൽ പോയി നിൽക്ക്… അത് കഴിഞ്ഞ് എന്തുവേണമെന്ന് ഞാൻ പറയാം, എനിക്ക് ഡ്യൂട്ടിക്ക് സമയമായി ഞാൻ ഇനി ഉച്ചയ്ക്ക് വിളിക്കത്തുള്ളൂ, തന്റെ വാട്സാപ്പിൽ ഞാൻ കുറച്ചു ലിസ്റ്റ് അയച്ചിട്ടുണ്ട് അക്കൗണ്ടിൽ പൈസ ഉണ്ടല്ലോ ആ സാധനങ്ങൾ എല്ലാം വാങ്ങിക്കൊണ്ടുപോയാൽ മതി.. അതൊക്കെ കഴിച്ച് കുറച്ചുദിവസം നന്നായിട്ട് റസ്റ്റ് എടുക്ക്. രണ്ടു ദിവസത്തേക്ക് കോളേജിലും പോകണ്ട ഹെൽത്ത് ഒക്കെ ആയതിനു ശേഷം പോയാൽ മതി… ഞാൻ ഉച്ചയ്ക്ക് വിളിക്കാം..

അത്രയും പറഞ്ഞവളുടെ മറുപടിക്ക് കാക്കാതെ അവൻ ഫോൺ കട്ട് ചെയ്തപ്പോൾ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി നിൽക്കുകയായിരുന്നു മീര…

” ഏതായാലും മോളെ നന്നായിട്ട് എല്ലാം പഠിപ്പിച്ചിട്ടാണല്ലോ ഇങ്ങോട്ട് വിട്ടത്… അവൾ ഇവിടെ വന്ന് രണ്ട് ദിവസം ആകുന്നതിനു മുൻപേ എന്റെ മോനും ഞാനും തമ്മിൽ തെറ്റി പിരിഞ്ഞു. അത്ര ഉപകാരം മോളെ കൊണ്ട് ഉണ്ടായല്ലോ… അത് വലിയൊരു കാര്യം തന്നെയാണ്, പെൺകുട്ടികളെ വളർത്തുമ്പോൾ ഇങ്ങനെ തന്നെ വളർത്തണം…

മാധവിയുടെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞു ദേഷ്യത്തോടെ സതി അകത്തേക്ക് കയറി പോയിരുന്നു…

മീരയുടെ കയ്യിൽ ഇരുന്ന ബാഗ് പിടിച്ചുകൊണ്ട് മാധവി പറഞ്ഞു

” മോള് വാ…..

ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ രണ്ടുപേരും മൗനമായിരുന്നു, തന്റെ നിർബന്ധത്തിനാണ് ഈ വിവാഹം നടന്നത് അതുകൊണ്ടു തന്നെ തന്റെ മകളുടെ ജീവിതം താൻ ബുദ്ധിമുട്ടിൽ ആഴ്ത്തിയോ എന്ന ചോദ്യം ആയിരുന്നു മാധവിയിൽ നിറഞ്ഞനിന്നത്.. അത് അവളോട് നേരിട്ട് ചോദിക്കാനും വയ്യ..

അവൾ തന്നെ കുറ്റപ്പെടുത്തി എന്തെങ്കിലും സംസാരിച്ചാൽ അവിടെ താൻ തകർന്നു പോകുമെന്ന് അവർക്ക് തോന്നിയിരുന്നു…

” അമ്മ മോളെ ഒരു വലിയ നരകത്തിൽ കൊണ്ടു നട തള്ളി എന്ന് മോൾക്ക് തോന്നുന്നുണ്ടോ…?

” സുധിയേട്ടന്റെ കാര്യത്തിൽ എനിക്ക് അങ്ങനെ ഒരു ചിന്തയില്ലെന്ന് അമ്മയ്ക്ക് അറിയാമല്ലോ… സുധിയേട്ടൻ എന്നെ അത്രയ്ക്ക് കാര്യമായിട്ടാ നോക്കുന്നത്, ആൾ ഇവിടെ ഇല്ലാത്തപ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ ഒക്കെ അനുഭവിക്കേണ്ടി വരും. അതെനിക്ക് മനസ്സിലാവും… പക്ഷേ ഞാൻ കാരണം അമ്മയ്ക്ക് കൂടി മോശ പേരായല്ലോ എന്ന് ഓർക്കുമ്പോൾ…

” ഈ കല്യാണ ആലോചന വന്നപ്പോൾ തന്നെ അമ്മ വേണ്ടെന്നു വയ്ക്കണമായിരുന്നു സുധിയെ മാത്രമേ അമ്മ നോക്കിയുള്ളൂ, അതാ പറ്റി പോയത്… ആ സ്ത്രീയുടെ വായിൽ നിന്ന് വന്ന വാക്കുകൾ കേട്ടില്ലേ..? നമ്മൾ കൊടുത്ത സ്വർണവും പണവും ഒന്നും അവർക്ക് ബോധിച്ചിട്ടില്ല എന്ന് ആദ്യം തന്നെ എനിക്ക് തോന്നിയത് ആണ്…. സുധിയിലുള്ള വിശ്വാസം കൊണ്ട് ഞാൻ പിന്നെയും ഈ വിവാഹം മുൻപോട്ട് പൊയ്ക്കോട്ടെ എന്ന് കരുതിയത്.. കഷ്ടപ്പാട് ആണെങ്കിൽ…. ഒരിക്കലും ഒരമ്മ പറയാൻ പാടില്ലാത്തത് എങ്കിലും എനിക്ക് വലുത് എന്റെ മോളാണ്. അത് കഴിഞ്ഞുള്ളൂ മറ്റെന്തും, നിനക്ക് തീരെ നിൽക്കാൻ പറ്റാത്ത ബുദ്ധിമുട്ടാണെങ്കിൽ നീ ഇറങ്ങിവന്നോളു, ഇപ്പോഴും നിന്നെ കൂടി നോക്കാൻ അമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല… അമ്മയ്ക്ക് വേണ്ടിയോ സഹോദരങ്ങൾക്ക് വേണ്ടി മോൾ അവിടെ ഒന്നും സഹിക്കേണ്ട.. എന്റെ മോള് ജീവനോട് ഇരിക്കുന്നതിലും വലുതായി എനിക്ക് മറ്റൊന്നുമില്ല…

“അമ്മ കരുതുന്ന പ്രശ്നങ്ങൾ ഒന്നും അവിടെ ഇല്ല… സുധിയേട്ടന്റെ അമ്മ എന്തെങ്കിലുമൊക്കെ പറയും അത്യാവശ്യം നന്നായി തന്നെ എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്.. പക്ഷേ സുധിയേട്ടൻ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല. അങ്ങനെ ഇട്ടെറിഞ്ഞു വരാൻ പറ്റുന്ന ഒരു സാഹചര്യത്തിൽ അല്ല ഞാൻ… സുധിയേട്ടൻ നാട്ടിൽ വരുന്നത് വരെ എങ്കിലും ഇങ്ങനെയൊക്കെ പോട്ടെ… നാട്ടിൽ വന്നു കഴിഞ്ഞ് ഉടനെ ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ലന്ന് പറയുന്നത്.. ഇവിടെ എന്തൊക്കെയോ ബിസിനസുകളും മറ്റും തുടങ്ങാൻ പ്ലാൻ ഉണ്ട്… അതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാ അതൊക്കെ ശരിയാവായിരിക്കും. അതിനിടയില് സുധിയേട്ടനെ വിഷമിപ്പിക്കണ്ടല്ലോന്ന് കരുതി ഞാൻ കൂടുതലായിട്ട് ഒന്നും പറയാത്തത്… അമ്മ വിചാരിക്കുന്നത് പോലെ സുധിയേട്ടനിൽ നിന്നും മോശമായിട്ടുള്ള ഒരു അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല… എനിക്കൊന്ന് വേദനിച്ചാൽ എന്നെക്കാൾ കൂടുതൽ നോവുന്നത് സുധിയേട്ടനാ… അങ്ങനെയുള്ള മനുഷ്യനെ ഉപേക്ഷിച്ച് ഞാൻ എങ്ങോട്ടാ വരുന്നത്…? കണ്ടനാൾ മുതൽ ഇന്ന് വരെ എന്നെ സ്നേഹം കൊണ്ട് മൂടിയിട്ടുള്ള അദ്ദേഹത്തെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഈശ്വരൻ പോലും എന്നോട് പൊറുക്കില്ല… മറ്റാരെയും ഞാൻ നോക്കുന്നില്ല, സുധിയേട്ടൻ എന്നെ എങ്ങനെ കരുതുന്നു എന്ന് മാത്രമേ നോക്കുന്നുള്ളൂ… പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button