കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും; സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല
മത വിഷയത്തില്‍ സി പി എം ഇടപെടേണ്ടതില്ല
മെക് 7ന്റെ വ്യായാമ രീതികളെ രൂക്ഷമായി വിമര്‍ശിച്ച കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും. സമസ്ത ആശയങ്ങള്‍ക്കെതിരെ എന്നും നിലകൊണ്ട മുജാഹിദ് വിഭാഗത്തിന്റെ നേതാവ് ഹുസൈന്‍ മടവൂരാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പിന്തുണച്ച് രംഗത്തെത്തിയത്. നേരത്തേ സമസ്ത ഇ കെ വിഭാഗവും മുസ്ലിം ലീഗും കാന്തപുരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കാന്തപുരത്തിനെതിരെ വിമര്‍ശനവുമായി സി പി എം രംഗത്തെത്തിയതോടെയാണ് ഇതര മുസ്ലിം സംഘടനകള്‍ മെക് 7 വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തേ ഈ വിഷയത്തില്‍ മൗനം പാലിച്ച മുജാഹിദ് വിഭാഗം ഇപ്പോള്‍ കാന്തപുരത്തെ പിന്തുണച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന വ്യഖ്യാനിക്കപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹുസൈന്‍ മടവൂര്‍
പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരത്തിന്റെ നിലപാടിനെ ശരിവെച്ചത്.
കാന്തപുരം സംസാരിച്ചത് മത വിഷയമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അതില്‍ അഭിപ്രായം പറയേണ്ട. സിപിഎം ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സിപിഎം കാണിക്കുന്നത് ഇസ്ലാം മത വിരുദ്ധതയാണ്. അവിഹിത ബന്ധങ്ങളാണ് സമൂഹത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. അത് ഇല്ലാതാക്കാനാണ് മതം നിയന്ത്രണം കൊണ്ടുവന്നത്. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടത്. പൊതു ഇടങ്ങളില്‍ അന്യ പുരുഷനുമൊത്ത് ഇടപഴകുന്നതിലാണ് വിലക്ക്. പൊതു സ്ഥാനങ്ങളോ പദവികളോ വഹിക്കുന്നതില്‍ അല്ല. വിഷയം ജുമുഅ കുത്തുബയില്‍ അടക്കം മത വേദികളില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമായാണ് ഒരു സുന്നി നേതാവിനെ പിന്തുണച്ച് മുജാഹിദ് വിഭാഗം രംഗത്ത് എത്തുന്നത്.അതേസമയം, മെക് സെവന്‍ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദമായത്. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നു കൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നുവെന്നും വ്യായാമത്തിലൂടെ സ്ത്രീകള്‍ ശരീരം തുറന്നു കാണിക്കുകയാണെന്നും കാന്തപുരം പറഞ്ഞിരുന്നു.
ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തുകയായിരുന്നു. രാഷ്ട്രീയ വിഷയത്തില്‍ സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കാന്തപുരം വിഭാഗം ഗോവിന്ദനെതിരെ രംഗത്തെത്തി. ഏരിയാ കമ്മിറ്റിയില്‍ എന്തുകൊണ്ട് സ്ത്രീകളെ സി പി എം കൊണ്ടുവരുന്നില്ലെന്ന പരിഹാസവും കാന്തപുരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗും സമസ്തയും ഇപ്പോള്‍ മുജാഹിദ് വിഭാഗവും രംഗത്തെത്തിയത.്