എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ എന്തിന് നിന്നും തരുന്നത്: കൊച്ചിയില്‍ നിന്നുമാത്രം കാര്‍ത്തിക തട്ടിയെടുത്തത് 30 ലക്ഷം

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി കാര്‍ത്തിക പ്രദീപ് തട്ടിപ്പ് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണെന്നാണ് ഇവര്‍ ശബ്ദസന്ദേശത്തില്‍ പറയുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെയാണ് പത്തനംതിട്ട സ്വദേശിയായ കാര്‍ത്തിക പറ്റിച്ചിരിക്കുന്നത്. ഇതിനായി ഇവര്‍ കൊച്ചി പുല്ലേപ്പടിക്ക് സമീപത്ത് ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ എന്ന സ്ഥാപനം ആരംഭിച്ചിരുന്നു.
തട്ടിപ്പ് ചോദ്യം ചെയ്തവരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ഇവര്‍ ചെയ്തുവെന്ന് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്. ‘ഞാന്‍ പറ്റിക്കാന്‍ വേണ്ടിയിട്ടാണ്, എന്തേ താന്‍ കൂടൂന്നുണ്ടോ. ഇത്രേംനാളും പ്രതികരിച്ചില്ലെന്ന് കരുതി മെക്കിട്ട് കയറരുത്. എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്. മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ.. ഇങ്ങനെയാണ് ഓഡിയോക്ലിപ്പിലെ വാക്കുകള്‍.
തട്ടിപ്പില്‍ കാര്‍ത്തിക പ്രദീപിനെ കഴിഞ്ഞദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റിലായത്. സാമ്പത്തികതട്ടിപ്പില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ കാര്‍ത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. കൊച്ചിയില്‍ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍നിന്നായി വാങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനീഷ് ജോണ്‍ പറഞ്ഞു.
പിന്നാലെയാണ് ശബ്ദസന്ദേശങ്ങള്‍ പുറത്തായത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളടക്കം ഒട്ടേറെപേരില്‍നിന്ന് യുവതി പണം തട്ടിയെന്നായിരുന്നു പരാതി. യുക്രെയ്നില്‍ ഡോക്ടര്‍ എന്ന് അവകാശവാദത്തിലാണ് കാര്‍ത്തിക തട്ടിപ്പ് നടത്തിയത്.
തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലൂടെയും ഇവര്‍ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നു.
ഓസ്‌ട്രേലിയ, ജര്‍മനി, യുകെ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ തരപ്പെടുത്തിനല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും പാതയോരങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യംചെയ്തിരുന്നു.