ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ പടരുന്ന അജ്ഞാത രോഗത്തിന്റെ പിറവി കണ്ടെത്തി. 17 പേരുടെ മരണത്തിന് ഇടയാക്കിയ ആജ്ഞാത രോഗത്തിന് പിന്നില്‍ വൈറസോ ബാക്ടീരിയയോ അല്ലെന്നാണ് അധികൃതരുടെ വിശദീകരണം.
രജൗരിയിലെ ബധാല്‍ ഗ്രാമത്തിലുള്ളവരാണ് രോഗം ബാധിച്ച് മരിച്ചത്. കുറഞ്ഞത് 17 പേരെങ്കിലും രോഗം ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാത രോഗം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് നിയമിച്ചത്. മന്ത്രിതല അന്വേഷണ സമിതിക്കാണ് രൂപം നല്‍കിയത്.
ആരോഗ്യവകുപ്പിലെയും കൃഷി വകുപ്പിലെയും, ജലവകുപ്പിലെയും ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിലുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായാണ് ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്. മരണത്തിന് കാരണമായ രോഗബാധയ്ക്ക് കാരണം ഏതെങ്കിലും വൈറസോ ബാക്ടീരിയയോ അല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
അപകടകരമായ ഒരു വിഷവസ്തുവാണ് രോഗബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. കാഡ്മിയം ടോക്സിനാണ് ഈ വിഷവസ്തുവെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞത്.
ഗുരുതരമായ അളവില്‍ വിഷലിപ്തമായ ഒരു ലോഹമാണ് കാഡ്മിയം. ഇത് ശരീരത്തില്‍ പ്രവേശിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകും. മലിനമായ വായുവിലൂടെയോ ജലത്തിലൂടെയോ ഭക്ഷത്തിലൂടെയോ കാഡ്മിയം ശരീരത്തില്‍ പ്രവേശിക്കാം.
ഇത് എങ്ങനെ മനുഷ്യ ശരീരത്തിലേക്ക് എത്തിയെന്നാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും രോഗ ബാധക്ക് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.