പാക്കിസ്ഥാനിൽ തീ മഴ പെയ്യിച്ച് ഇന്ത്യ: ഒമ്പത് പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത് ഓപറേഷൻ സിന്ദൂർ

പഹൽഗാം ഭീകരാക്രമണത്തിന് 15ാം നാൾ കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക്. പഹൽഗാമിൽ വെടിയേറ്റ് വീണ നിരപരാധികളുടെ ചോരക്ക് പകരമായി പാക്കിസ്ഥാനിൽ തീ മഴ പെയ്യിച്ച് കൊണ്ടാണ് ഇന്ത്യയുടെ കര, നാവിക, വ്യോമസേനകൾ സംയുക്തായി ആക്രമണം നടത്തിയത്. ഓപറേഷൻ സിന്ദൂർ എന്ന് പേരിട്ട സർജിക്കൽ സ്‌ട്രൈക്കിൽ 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തതായി കരസേന അറിയിച്ചു
ആക്രമണം പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. 24 ആക്രമണങ്ങൾ നടന്നുവെന്ന് പാക്കിസ്ഥാൻ സൈന്യം വിശദീകരിച്ചു. ആറ് പ്രദേശങ്ങളിലായി 24 ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. അർധരാത്രിക്ക് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും എട്ട് പേർ കൊല്ലപ്പെട്ടതായും പാക് ലഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു
അതേസമയം ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് നടന്നതെന്ന് ഇന്ത്യൻ സേന വ്യക്തമാക്കി. പാക് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്‌ലിയും മുറിഡ്‌കെയിലും ആക്രമണം നടത്തി. ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദി തത്സമയം വീക്ഷിച്ചതായാണ് വിവരം. ആക്രമണം നടത്തേണ്ട സാഹചര്യത്തെ കുറിച്ച് ഇന്ത്യ അമേരിക്ക, ബ്രിട്ടൻ, റഷ്യ, സൗദി തുടങ്ങിയ രാജ്യങ്ങളോട് വിശദീകരിച്ചു
ഒമ്പതിടങ്ങളിലായി 600ഓളം ഭീകരരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. എത്ര പേർ കൊല്ലപ്പെട്ടുവെന്നത് വ്യക്തമല്ല. മുന്നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ കരസേനാ മേധാവി രാവിലെ പത്ത് മണിക്ക് വിശദീകരിക്കും.