National

ട്രംപിന് മറുപടി; നികുതി കുറയ്ക്കാമെന്ന യാതൊരു ധാരണയുമില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ചുങ്കം കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. രണ്ടാം തവണ അധികാരത്തിലെത്തി കേവലം ആഴ്‌ചകള്‍ക്കകം ട്രംപ് ആഗോള വാണിജ്യ രംഗത്ത് ശത്രുക്കളെയും മിത്രങ്ങളെയും ഒരു പോലെ ലക്ഷ്യമിട്ട് പല നടപടികളും നടപ്പാക്കാന്‍ തുടങ്ങിയെന്നും ഇന്ത്യ ആരോപിച്ചു.

ഇന്ത്യക്കടക്കം എതിര്‍ നികുതികള്‍ ചുമത്തുന്ന നടപടികളിലേക്ക് ട്രംപ് നീങ്ങി. ഇന്ത്യ അമിത നികുതി ഈടാക്കുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. ഇന്ത്യയില്‍ നിങ്ങള്‍ക്ക് യാതൊന്നും വില്‍ക്കാനാകില്ല. അവിടെ എല്ലാം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യ നികുതി കുറയ്ക്കാന്‍ തയാറായിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമിത നികുതിയെക്കുറിച്ച് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അവര്‍ക്ക് ഇത് തോന്നിയതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു ധാരണയുമുണ്ടായിട്ടില്ലെന്ന് പാര്‍ലമെന്‍ററി സമിതിയോട് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് ആവര്‍ത്തിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സെപ്റ്റംബര്‍ വരെ സമയം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയും അമേരിക്കയും പരസ്‌പര ഗുണകരമാകുന്ന ഒരു ഉഭയകക്ഷി വാണിജ്യ കരാറിന് ശ്രമിക്കുകയാണെന്നും വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ പറഞ്ഞു. ദീര്‍ഘകാല വാണിജ്യ സഹകരണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു കരാറിന് ശ്രമിക്കുന്നത്. അല്ലാതെ അടിയന്തരമായി ഒരു തീരുവ നീക്ക് പോക്കിന് രാജ്യം തയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രത്യേക ബന്ധമാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും തമ്മില്‍ ഉടന്‍ തന്നെ പരസ്‌പരഗുണകരമായ ഒരു വാണിജ്യ കരാറില്‍ ഏര്‍പ്പെടുമെന്നായിരുന്നു ട്രംപിന്‍റെ പ്രസ്‌താവന.

ഇന്ത്യയുടെ വിവര സാങ്കേതികതയ്ക്കും സേവനമേഖലകള്‍ക്കും മികച്ച വിപണിയാണ് അമേരിക്ക. അടുത്തിടെയായി സൈനിക ഹാര്‍ഡ് വെയര്‍ കച്ചവടത്തിലൂടെ വാഷിങ്ടണ്‍ കോടിക്കണക്കിന് ഡോളര്‍ നേടിയിരുന്നു. ക്വാഡ് രാജ്യങ്ങളിലെ തലവന്‍മാരുടെ ഒരു ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തും. ഓസ്‌ട്രേലിയ, ഇന്ത്യ,ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്.

Related Articles

Back to top button
error: Content is protected !!