മഴയെയും തോൽപ്പിച്ച ഇന്ത്യൻ കരുത്ത്: ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് ജയം, പരമ്പരയും സ്വന്തം
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിനാണ് കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ ജയം. വിജയലക്ഷ്യമായ 95 റൺസ് 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നേരത്തെ ബംഗ്ലാദേശിന്റെ രണ്ടാമിന്നിംഗ്‌സ് 146 റൺസിന് അവസാനിച്ചിരുന്നു. രണ്ടിന്നിംഗ്‌സിലുമായി അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് കളിയിലെ താരം. 114 റൺസും 11 വിക്കറ്റുകളും നേടിയ അശ്വിൻ പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു
എട്ട് റൺസെടുത്ത രോഹിത് ശർമ, അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 45 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം 51 റൺസാണ് ജയ്‌സ്വാൾ സ്വന്തമാക്കിയത്. ഗിൽ ആറ് റൺസിന് വീണു. വിരാട് കോഹ്ലി 29 റൺസുമായും റിഷഭ് പന്ത് നാല് റൺസുമായും പുറത്താകാതെ നിന്നു
നാലാം ദിനത്തിൽ ഇന്ത്യ അതിവേഗം അടിച്ചൂകൂട്ടിയ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 285 റൺസാണ് മത്സരത്തിന്റെ ഫലം നിർണയിച്ചത്. മഴയെ തുടർന്ന് രണ്ടര ദിവസത്തോളം നഷ്ടമായിട്ടും ടെസ്റ്റ് സമനിലയിൽ അവസാനിക്കാതെ ഫലം കണ്ടതും ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് സ്‌കോർ ആയിരുന്നു. 34.4 ഓവറിൽ 8.22 റൺ റേറ്റിലാണ് ഇന്ത്യ 285 റൺസെടുത്ത് ഡിക്ലയർ ചെയ്തത്
ബംഗ്ലാദേശിന്റെ രണ്ടാമിന്നിംഗ്‌സ് 146ന് അവസാനിച്ചു. ഇന്ത്യക്കായി അശ്വിൻ, ജഡേജ, ബുമ്ര എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ആകാശ് ദീപ് ഒരു വിക്കറ്റെടുത്തു. 50 റൺസെടുത്ത ഷദ്മാൻ ഇസ്ലാമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ