കേന്ദ്രം ഭരിക്കുന്ന പാർട്ടിയായതു കൊണ്ടാണോ പേടി; പിഴ ഈടാക്കി നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചിയിലെ അനധികൃത ബോർഡുകളുടെ കാര്യത്തിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കൊച്ചി കോർപറേഷൻ സെക്രട്ടറിക്കെതിരെയാണ് മുന്നറിയിപ്പ്. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്യാത്തതിലാണ് വിമർശനം
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പേരിലുള്ള ബോർഡുകൾ എടുത്തു മാറ്റിയിട്ടില്ല. ആരെയാണ് പേടിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടി ആയതുകൊണ്ട് പേടിച്ചിരിക്കുകയാണോയെന്നും കോടതി ചോദിച്ചു. പിഴ ഈടാക്കി നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി. അനധികൃത ഫ്‌ളക്‌സ് ബോർഡ് നീക്കം ചെയ്തില്ലേൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരെ നടപടിയെടുക്കുമെന്നും ഹൈക്കോടതി പറഞ്ഞു
റോഡുകളുടെ ശോച്യാവസ്ഥയിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ഏതൊരു ജീവനും മൂല്യമുള്ളതാണ്. അത് റോഡിൽ പൊലിയേണ്ടതല്ല. റോഡുകളുടെ മോശം അവസ്ഥ തുടരുന്നത് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.