ജോജോ കൊടും ക്രിമിനൽ; ചെറുപ്പം മുതൽ അസ്വാഭിക പെരുമാറ്റ രീതി: അയൽവീടുകളിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കും

തൃശ്ശൂരിൽ ചൂണ്ടയിടാമെന്ന് പറഞ്ഞ് ആറുവയസുകാരനെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കൊടും ക്രിമിനൽ എന്ന് റിപ്പോർട്ട്. പത്താം ക്ലാസുവരെ പഠിച്ച ജോജോ ബാല്യകാലം മുതൽ അസ്വാഭാവികമായ പെരുമാറ്റരീതികളാണ് പിന്തുടർന്നിരുന്നത്. അടുത്തുള്ള വീടുകളിലെ കട്ടിലിനടിയിൽ കയറി ഒളിച്ചിരിക്കുന്നതാണ് ജോജോയുടെ പതിവ് രീതി. നിരവധി തവണ നാട്ടുകാർ ഇയാളെ ഇത്തരത്തിൽ കയ്യോടെ പൊക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്ക് ശേഷം ജോജോയുമായി നാട്ടുകാർ അകലം പാലിച്ചിരുന്നു.
നന്നായി മദ്യപിക്കുന്ന വ്യക്തി കൂടിയാണ് ജോജോ. വീട്ടിലുള്ളതിനേക്കാൾ ആളൊഴിഞ്ഞ പറമ്പിലാണ് ജോജോ അധികവും സമയം ചെലവഴിച്ചിരുന്നത്. വിജനമായ പറമ്പുകളിൽ ഇയാൾ ലൈംഗികചേഷ്ടകൾ നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. നിരവധി മോഷണക്കേസുകളിലും ജോജോ പ്രതിയാണ്. മാളയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചപ്പോള്‍ ജോജോ പിടിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആറുമാസം പുനരധിവാസ കേന്ദ്രത്തിലായിരുന്നു. ഇവിടെ നിന്ന് പുറത്തിറങ്ങിയ ജോജോയുടെ സ്വഭാവം കൂടുതൽ വഷളാകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മാളയിൽ ആറുവയസുകാരനെ അയൽവാസികൂടിയായ ജോജോ കൊലപ്പെടുത്തിയത്.
മാള കുഴൂർ സ്വദേശിയും താണിശേരി സെന്റ് സേവ്യേഴ്സ് സ്കൂളിലെ വിദ്യാർത്ഥിയുമായിരുന്ന ആബേൽ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചൂണ്ടയിട്ട് മീൻപിടിക്കാം എന്ന് പറഞ്ഞായിരുന്നു കുട്ടിയെ ജോജോ കുളത്തിന് സമീപത്തേയ്ക്ക് കൊണ്ടുപോയത്. ഇതിന് ശേഷം ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടുകാരോട് വിവരം പറയുമെന്ന് പറഞ്ഞ് ആബേൽ കരഞ്ഞതോടെ ജോജോ കുട്ടിയെ കുളത്തിൽ തള്ളിയിട്ട് മുക്കിക്കൊല്ലുകയായിരുന്നു.
ആബേലിന്റെ കൊലപാതകത്തിൽ നിര്‍ണായകമായത് ജനപ്രതിനിധികൾ നൽകിയ വിവരങ്ങളായിരുന്നു . കുട്ടിയെ കാണാതായ വിവരമറിഞ്ഞ് മാള പ്രിൻസിപ്പൽ എസ്ഐ സി കെ സുരേഷും സംഘവുമാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്. ഇവരോട് പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയനും വാർഡ് അംഗം സേതുമോൻ ചിറ്റേത്തും പ്രതിയായ ജോജോയുടെ ഒപ്പമാണ് അവസാനമായി കുട്ടിയെ കണ്ടതെന്ന് പറഞ്ഞിരുന്നു. സിസിടിവി ദ്യശ്യങ്ങളും ഇവർ പൊലീസിനോട് കൈമാറിയിരുന്നു. ജോജോയുടെ ക്രിമിനൽ പശ്ചാത്തലം കൂടി മനസിലാക്കിയതോടെ പൊലീസിനും സംശയം ബലപ്പെട്ടുകയായിരുന്നു. തുടർന്ന് പൊലീസ് ജോജോയെ വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടയിലും പാടശേഖരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ മറ്റൊരു സംഘവും നാട്ടുകാരും ജനപ്രതിനിധികളും തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കുളത്തിലുണ്ടെന്ന സൂചന സ്റ്റേഷനിൽ ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽനിന്ന് ലഭിച്ചത്. അപ്പോഴേക്കും കുറ്റസമ്മതം നടത്തിയ ജോജോ കൊലപാതകവിവരം പൊലീസിനോട് വിശദീകരിച്ചിരുന്നു