Kerala

അതവരുടെ വീട്ടില്‍ കൊണ്ടു വച്ചാല്‍ മതി; ‘അമ്മ’ എന്ന പേരിട്ടത് മുരളിച്ചേട്ടൻ; അതങ്ങനെ മതി: സുരേഷ് ഗോപി

മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദങ്ങൾക്കു ശേഷം താര സംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമം കൊച്ചിയിൽ നടന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

സംഘടനയ്ക്ക് അമ്മ എന്ന പേരു നൽകിയത് അന്തരിച്ച നടൻ മുരളിയാണെന്നും ‘എ. എം. എം. എ’ എന്ന പേരു വേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ‘അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്’, സുരേഷ് ഗോപി പറഞ്ഞു.

‘1994ല്‍ സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാര്‍ നയിക്കുന്ന ‘അമ്മ’യായിട്ടാണ് തുടങ്ങിയത്. പിന്നീട് ശ്രീ എംജി സോമന്‍റെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 95 ജനുവരിയില്‍ അമ്മ ഷോ നടത്തി. അവിടെ നിന്നിങ്ങോട്ട് ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മയായിട്ട് സംഘടന നിലനിന്ന് പോയത്. പ്രവര്‍ത്തനത്തിലൂടെ തിളക്കമാര്‍ജ്ജിച്ച് മുന്നോട്ട് വന്നു’, സുരേഷ് ഗോപി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർ‍ട്ട് പുറത്തു വന്നതിനു പിന്നാലെ മോഹൻലാൽ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബസംഗമം നടന്നത്.

Related Articles

Back to top button
error: Content is protected !!