ഇനിയും വയ്യ; ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനാകാന്‍ ഇല്ലെന്ന് കെ സുരേന്ദ്രന്‍
സുരേന്ദ്രനെതിരെ വിമത നീക്കം വ്യാപകമായിരുന്നു
കീഴ്ഘടകങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പും പാര്‍ട്ടിയുടെ നിരന്തരമായ തളര്‍ച്ചയും കാരണം പടലപ്പിണക്കം സജീവമായ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെയാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പാര്‍ട്ടിക്കുള്ളിലെ വിമത ശബ്ദം ശക്തമായ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്‍ സ്വയം പിന്‍വാങ്ങാന്‍ ഉദ്ദേശിച്ചത്.
എന്നാല്‍, ഇനിയുള്ള ടേമിലും അധ്യക്ഷനാകാന്‍ സുരേന്ദ്രനെ ദേശീയ നേതൃത്വം നിര്‍ബന്ധിച്ചുവെന്നാണ് സൂചന. ഇതോടെയാണ് അദ്ദേഹം തന്റെ അനിഷ്ടം വ്യക്തമാക്കിയത്.
2020 പിഎസ് ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണറായി പോയതിന് പിന്നാലെയാണ് സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി സുരേന്ദ്രനാണ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നത്. ഇക്കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.
കൊടകര കുഴല്‍പ്പണം, സന്ദീപ് വാര്യരുടെ പാര്‍ട്ടി മാറ്റം, പാലക്കാട്ടെ ബി ജെ പിയുടെ കനത്ത പരാജയം ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഒരു വിഭാഗം നേതാക്കള്‍ ആവശ്യം ശക്തമാക്കിയത്. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായി ബി ജെ പിക്ക് ലോക്‌സഭ സീറ്റ് നേടി തന്ന അധ്യക്ഷനെന്ന നിലയില്‍ കെ സുരേന്ദ്രന്‍ തുടരട്ടെയെന്ന നിലപാടായിരുന്നു ദേശീയ നേതൃത്വത്തിന്റേത്.