Novel

കനൽ പൂവ്: ഭാഗം 27

രചന: കാശിനാഥൻ

അർജുന്റെ അടുത്തേക്ക് ഒരു നനുത്ത ചിരിയോടെ ആ സ്ത്രീ കയറി വന്നു.

സാർ.. ഞാൻ ജയശ്രീ, കുറച്ചു മുൻപ് വിളിച്ചില്ലേ…
അവന്റെ നേർക്ക് അവർ കൈ കൂപ്പി തൊഴുതു.

ആഹ് എനിക്ക് മനസിലായി, വരു.. അകത്തേക്ക് ഇരിക്കാം,
അവന്റെ പിന്നാലെ ജയശ്രീയും ഉമ്മറത്തേയ്ക്ക് കയറി.

ഡോർ ലോക്ക് എടുത്ത ശേഷം അർജുൻ സ്വീകരണ മുറിയിലേക്ക് പ്രവേശിച്ചു.

തിരിഞ്ഞ് ഒന്ന് നോക്കിയപ്പോൾ കൈയിൽ ഇരുന്ന തൂവാല കൊണ്ട് ജയശ്രീ മുഖം ഒക്കെ തുടയ്ക്കുന്നത് ആയിരുന്നു കണ്ടത്.

പാർവതിയുടെ അമ്മയാണന്ന് ഒറ്റ നോട്ടത്തിൽ അവനു മനസിലായി. എവിടെയൊക്കെയോ സാമ്യം പോലെ.

പാർവതി ഇവിടെ ഇല്ലേ സാറെ?
അവർ ചുറ്റിനും നോക്കികൊണ്ട് അർജുനോട് ചോദിച്ചു.

ഇല്ല.. അവൾ ജോലിയ്ക്ക് പോയി, ഇന്നലെയാണ് ജോയിൻ ചെയ്തത്. ക്യാനറ ബാങ്കിൽ കേറി.

പറയുന്നതിനൊപ്പം അവൻ സെറ്റിയിലേക്ക് വിരൽ ചൂണ്ടി അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടു.

വരാറായത് ആണോ, മോളെ ഒന്ന് കണ്ടിട്ട് പോകാനാരന്നു

5.45നു മുൻപ് എത്തും. കുടിക്കാൻ എന്തെങ്കിലും എടുക്കണോ..

വേണ്ട സാറെ, ഒന്നും വേണ്ട… ഞാൻ എന്റെ മോളെ ഒന്ന് കാണാൻ, പിന്നെ സാറിനോട് കുറച്ചു കാര്യങ്ങൾ പറയാനും കൂടി വന്നേ.

എന്താരുന്നു.. പറഞ്ഞോളൂ.
അർജുൻ തന്റെ മുന്നിൽ ഇരിക്കുന്ന ജയശ്രീയെ നോക്കി.

അത്.. സാറെ, പാർവതി, അവളൊരു പാവം കൊച്ചാ, രാജാശേഖരനോട് എന്തേലും വിരോധം ഉണ്ടെങ്കിൽ അത് ഒരിക്കലും എന്റെ മോളോട് തീർക്കരുത് സാറെ.. അവൾ… അവൾക്ക് അതൊന്നു സഹിക്കാൻ പോലും കഴിയില്ല..

അവര് പറഞ്ഞപ്പോൾ അർജുന്റെ മുഖത്ത് പുച്ഛഭാവം ആയിരുന്നു.

സാർ…….

അത് മനസിലാക്കിയ ജയശ്രീ അർജുനേ വിളിച്ചു.

സാർ, സാറിന്റെ കുടുംബത്തോട് കാട്ടിയ അക്രമവും അനീതിയും ഒക്കെ അറിയാം… പക്ഷെ എന്റെ മകൾ, അവൾ നിരപരാധി ആണ് സാറെ, അവളെ ഇതിലേക്ക് വലിചിഴയ്ക്കപ്പെടല്ലേ… ഞാൻ സാറിന്റെ കാലു പിടിക്കാം.
ഇരിപ്പിടത്തിൽ നിന്നും ജയശ്രീ എഴുന്നേറ്റു വന്നിട്ട് അർജുന്റെ കാലിൽ പിടിക്കാൻ തുടങ്ങി.

ഏയ്
ഇതെന്താ ഈ കാണിക്കുന്നേ…എഴുന്നേൽക്കു.

അവൻ ജയശ്രീയുടെ കൈയിൽ പിടിച്ചു കൊണ്ട് അവരെ സോഫയിലേക്ക് ഇരുത്തി.

സാറെ….. 13ആ മത്തെ വയസിൽ അവൾക്ക് ഋതുമതിയായ നാൾ മുതൽ എന്റെ കുട്ടി അനുഭവിക്കുന്നത് ആണ്,അയാളുടെ ഈ തെമ്മാടിത്തരം.ഒരമ്മയുടെ യാതൊരു വാത്സല്യവും സ്നേഹവും ഒന്നും എന്റെ മോൾക്ക് അനുഭവിയ്ക്കാൻ പറ്റിയിട്ടില്ല… ആ ദുഷ്ടന്റെ ഉപദ്രവം കാരണം എന്റെ കുഞ്ഞു വർഷങ്ങൾ ആയിട്ട് ഹോസ്റ്റലിൽ ആയിരുന്നു സാറെ..

പറയുകയും ജയശ്രീ വിങ്ങിപൊട്ടി. അർജുനു ആണെങ്കിൽ അവർ പറയുന്നതൊന്നും മനസ്സിലായില്ല.

അവന്റെ നെറ്റി ചുളിഞ്ഞു, ജയശ്രീ പറയുന്നത് എന്തെന്നറിയുവാനായി അർജുൻ കാത്കൂർപ്പിച്ച് അവരെ ഉറ്റുനോക്കി..

സാറ് കരുതും പോലെ, എന്റെ പാർവതി രാജശേഖരൻ തമ്പിയുടെ മകളല്ല, അവൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ അവളുടെ അച്ഛൻ മരിച്ചു പോയതാണ്. അതിനുശേഷം എന്നെ എന്റെ വീട്ടുകാർ ചേർന്ന് രാജശേഖരൻ തമ്പിക്ക് രണ്ടാമത് വിവാഹം ചെയ്തു കൊടുത്തതാണ് സാറെ.

അവർ പറയുന്നത് കേട്ട് അർജുൻ തരിച്ചിരുന്നു..

അപ്പോഴേക്കും മിഴികളിലെ കണ്ണുനീർ വലം കൈകൊണ്ട് തുടച്ചു മാറ്റി ജയശ്രീ അവനെ നോക്കി.  അവരുടെ അധരം വല്ലാതെ വിറ കൊള്ളുന്നുണ്ട്.

സാറേ,  ഒരു പ്രമുഖമായ കുടുംബത്തിലേക്ക് ആയിരുന്നു എന്നെ എന്റെ അച്ഛൻ വിവാഹം കഴിപ്പിച്ച അയച്ചത്, ഒരുപാട് സ്വർണവും പണവും, കുടുംബ വകയായി ധാരാളം, സ്വത്തും ഒക്കെ തന്നു എന്നെ കല്യാണം കഴിപ്പിച്ചു വിട്ടത്  നാട്ടിലെ ഒരു വലിയ പ്രമാണി കുടുംബത്തിലേക്ക് തന്നെയായിരുന്നു. എന്റെ കുടുംബത്തെ കാട്ടിലും  ധാരാളം സ്വത്തും പണവും ഒക്കെയുള്ള  ഒരു ജന്മി തറവാടായിരുന്നു അത്.
എന്റെ ഭർത്താവും അദ്ദേഹത്തിന്റെ അച്ഛനമ്മമാരും സഹോദരങ്ങളും ഒക്കെ ചേർന്ന് ഞങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു. വിവാഹം കഴിഞ്ഞ് നാലഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും പാർവതി എന്റെ വയറ്റിൽ ജനിച്ചു. എന്റെ ഭർത്താവിനും വീട്ടുകാർക്കും ഒക്കെ ഒരുപാട് സന്തോഷമായി. അദ്ദേഹത്തിന്റെ അമ്മ പൊന്നുപോലെയായിരുന്നു എന്നെ കൊണ്ട് നടന്നത്. പ്രസവത്തിനായി പോലും എന്നെ എന്റെ വീട്ടിലേക്ക് അയച്ചിരുന്നില്ല.  മോളുടെ ജനനത്തോടെ ഞാനും എന്റെ ഭർത്താവും അതീവ സന്തോഷത്തിലായിരുന്നു. അവളുടെ ഓരോ വളർച്ചയിലും ഞങ്ങൾ  അതൊക്കെ കണ്ടും അനുഭവിച്ചും ജീവിച്ചു. ഞങ്ങളുടെ മോൾക്ക് മൂന്നു വയസ്സുള്ളപ്പോൾ, എന്റെ ഭർത്താവ്  അദ്ദേഹത്തിന്റെ, ഓഫീസിൽ വച്ച് ചെറിയൊരു നെഞ്ച് വേദനയുണ്ടായി ഹോസ്പിറ്റലിൽ ആയി,  അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്, ഹൃദയാഘാതം ആയിരുന്നുവെന്ന്. സർജറി ഒക്കെ ചെയ്തു , അദ്ദേഹത്തെ തിരികെ ആരോഗ്യവാൻ ആക്കുവാൻ  ഡോക്ടർസ് ശ്രമിച്ചു എങ്കിലും, എല്ലാം വിഭലമായി പോയി സാറേ.

അങ്ങനെ എന്റെ കുഞ്ഞിന്റെ മൂന്നാമത്തെ വയസ്സിൽ അവൾക്ക് അവളുടെ അച്ഛനെ നഷ്ടമായി. പിന്നീട് ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചുപോന്നു. 6 മാസം കഴിഞ്ഞപ്പോൾ മുതൽക്കേ എനിക്ക് ഓരോരോ വിവാഹ ആലോചനകൾ വന്നു തുടങ്ങി. അന്ന് എന്റെ പ്രായം 24 വയസ്സായിരുന്നു. എന്റെ അച്ഛനും സഹോദരങ്ങളും ഒക്കെ  എനിക്കൊരു വിവാഹം നടത്തി കാണുവാനായി  മുൻകൈ എടുത്തു.
ഒരുപാട് എതിർത്തതാണ് പക്ഷേ ആരും അത് ചെവിക്കൊണ്ടില്ല. ഒടുവിൽ കോടീശ്വരനായ രാജശേഖരൻ തമ്പി, എന്റെ അച്ഛനുമായി സംസാരിച്ചു വന്നു.  അയാൾക്ക് ഒരു ഭാര്യയും മകനും ഉണ്ടെന്നുള്ളത്, ഞങ്ങൾ അന്വേഷിച്ചപ്പോൾ മനസ്സിലായി. അയാളുടെ ഭാര്യ ഒരു ദുർ നടത്തിപ്പുകാരിയാണെന്നും, അതുകൊണ്ട് മകനെ ഒപ്പം നിർത്തിയിട്ട് ഭാര്യയെ രാജശേഖരൻ തമ്പി ഉപേക്ഷിച്ചു എന്നും ആയിരുന്നു ഞങ്ങൾ അറിഞ്ഞത്.. എന്റെ കുടുംബവുമായി താരതമ്യം ചെയ്യുമ്പോൾ രാജശേഖരൻ തമ്പിയുടെ തട്ട് താഴ്ന്നിരിക്കുമായിരുന്നു. അയാൾ നിരന്തരം എന്റെ അച്ഛനെ കാണുകയും  സംസാരിക്കുകയും ഒക്കെ ചെയ്തു. അയാളുടെ പെരുമാറ്റത്തിലും പ്രവർത്തിയിലും എന്റെ അച്ഛൻ മയങ്ങി വീണു പോയി. മകളെ പൊന്നുപോലെ നോക്കുമെന്ന് കരുതി, വീണ്ടും അച്ഛന്റെ സ്വത്തും പണവും ഒക്കെ, എന്റെ പേരിലേക്ക് ആക്കി, ഒടുവിൽ അയാളെ കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ച അയച്ചു.

ആരെ വേണമെങ്കിലും വിവാഹം ചെയ്യാം പക്ഷേ ഒരൊറ്റ നിബന്ധന മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ, എന്റെ കുഞ്ഞിനെ ഞാൻ കൂടെ നിർത്തും,, രാജശേഖരൻ തമ്പിക്ക് അത് പൂർണ്ണ സമ്മതമായിരുന്നു.

അങ്ങനെ വിവാഹശേഷം ഞാനും പാർവതിയും അയാളുടെ വീട്ടിലേക്ക് വന്നു.

ആദ്യത്തെ മൂന്ന് ദിവസം അയാൾക്ക് വലിയ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു.
എന്നാൽ പതിയെ പതിയെ അയാളുടെ സ്വഭാവത്തിലെ മാറ്റങ്ങളൊക്കെ ഞാൻ മനസ്സിലാക്കി തുടങ്ങി.
എന്റെ കുഞ്ഞിനെ ഒരിക്കലും, എന്റെ ഒപ്പം കിടക്കുവാൻ ഒന്നും അയാൾ സമ്മതിക്കുമായിരുന്നില്ല.
ആ വീട്ടിലെ  വേലക്കാരി യോടൊപ്പം ആണ്  പാർവതി മോള് അന്തിയുറങ്ങുന്നത്. അനുഭവിച്ചു സാറേ ഒരുപാട് ഒരുപാട് അനുഭവിച്ചു…. ഒരായുഷ്ക്കാലം മുഴുവൻ വേദന മാത്രം പേറി ഞാനും എന്റെ കുഞ്ഞും അവിടെ കഴിഞ്ഞു. മൂന്നു വയസ്സു വരെ രാജകുമാരിയായിരുന്നു എന്റെ മകൾ. അവളുടെ അച്ഛനും അദ്ദേഹത്തിന്റെ കുടുംബക്കാരും  എല്ലാവിധ സ്നേഹലാളനകളും നൽകി അവളെ വളർത്തി. എന്നാൽ രണ്ടാം വിവാഹത്തോട് കൂടി , അവരൊക്കെ എന്നിൽ നിന്നും അകന്നു മാറി.
ആദ്യമാദ്യം മോളെ കാണുവാനായി എത്തുമായിരുന്നു അദ്ദേഹത്തിന്റെ അച്ഛനും അമ്മയും. ഒടുവിൽ മെല്ലെ മെല്ലെ അതും ഇല്ലാതായി.
എന്റെ പൊന്നു മോളുമായിട്ട് എനിക്കൊന്നു സംസാരിക്കുവാൻ പോലും അയാൾ സമ്മതിക്കില്ല. തരം കിട്ടുമ്പോഴൊക്കെ എന്നെയും എന്റെ മകളെയും അയാൾ ദേഹോപദ്രവം ചെയ്യുമായിരുന്നു..
എന്റെ പൊന്നുമോൾക്ക് , ഒരു ഉടുപ്പ് പോലും വാങ്ങിക്കൊടുക്കുവാൻ എനിക്ക് നിർവാഹം ഇല്ലായിരുന്നു,,
പറഞ്ഞു കൊണ്ട് അവർ വിങ്ങിപ്പൊട്ടി….തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button