കനൽ പൂവ്: ഭാഗം 28
രചന: കാശിനാഥൻ
എന്റെ പൊന്നു മോളുമായിട്ട് എനിക്കൊന്നു സംസാരിക്കുവാൻ പോലും അയാൾ സമ്മതിക്കില്ല. തരം കിട്ടുമ്പോഴൊക്കെ എന്നെയും എന്റെ മകളെയും അയാൾ ദേഹോപദ്രവം ചെയ്യുമായിരുന്നു..
എന്റെ പൊന്നുമോൾക്ക് , ഒരു ഉടുപ്പ് പോലും വാങ്ങിക്കൊടുക്കുവാൻ എനിക്ക് നിർവാഹം ഇല്ലായിരുന്നു,, അയാളോടൊപ്പം ഇരുന്ന് എന്നെ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ കഴിപ്പിക്കും എന്നിട്ട് എന്റെ കുഞ്ഞിനെ അതൊക്കെ കാണിച്ചു കൊണ്ട് നിർത്തും, പക്ഷേ ഒന്നും എന്റെ മോൾക്ക് അയാൾ കൊടുക്കില്ലായിരുന്നു. ഈ വിവാഹത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകൾ എന്റെ അച്ഛൻ എന്റെ പേർക്ക് എഴുതിവെച്ചിട്ടുണ്ട്. എന്നിട്ടും എന്നെയും എന്റെ കുഞ്ഞിനെയും, അയാൾ വേലക്കാർക്ക് കൊടുക്കുന്ന സ്ഥാനം നൽകിയാണ് നോക്കിയിരുന്നത്.
ഇതൊന്നും എനിക്ക് ആരോടും പുറത്തു പറയാൻ സാധിക്കില്ലായിരുന്നു സാറേ, പേടിയായിരുന്നു അയാളെ, എന്തെങ്കിലും ഞാൻ എതിർത്താൽ അയാൾ തരം കിട്ടുമ്പോഴൊക്കെ എന്നെ ഉപദ്രവിക്കും, അതും എന്റെ കുഞ്ഞിന്റെ കൺമുൻപിൽ വച്ച് m അമ്മയെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞ് അയാളുടെ കാലിൽ പിടിച്ച് അവൾ പൊട്ടി കരഞ്ഞു. അന്ന് എന്റെ പാർവതിക്ക് 11 വയസ്സാണ് പ്രായം. കാലുവലിച്ച് അയാൾ ഒരു കുടച്ചിലായിരുന്നു.. പിന്നിലേക്ക് മറിഞ്ഞുവീണ പാർവതിയുടെ തല പോയി തറയിലേക്ക് ഇടിച്ചു. അവൾ ബോധമറ്റു വീണ് സാറേ. പെട്ടെന്ന് എല്ലാവരും പേടിച്ചുപോയി കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ചു. അവളുടെ തലയുടെ പിൻഭാഗത്ത് ശക്തമായ ചതവ് ഉണ്ടായി. അന്നുമുതൽ അവൾക്ക് തലവേദനയും തുടങ്ങി സാറേ. എന്തെങ്കിലും വിഷമം ഒക്കെ വരുമ്പോൾ അതികഠിനമായ തലവേദന ആയിരിക്കും അവൾക്ക്. വളരെയധികം സൂക്ഷിക്കുവാൻ പറഞ്ഞു കുറെ മെഡിസിനൊക്കെ തന്നെ ഡോക്ടർ ഞങ്ങളെ തിരികെ അയച്ചിരുന്നു. ഒരു ചെറിയ ചാറ്റൽ മഴ പോലും അവൾക്ക് നനയാൻ പറ്റില്ല, ജലദോഷമോ പനിയോ വന്നാൽ, ഈ തലവേദന അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.
അവരത് പറയുകയും അർജുന്റെ നെഞ്ചിൽ ഒരു കൊളുത്തി വലിക്കൽ ഉണ്ടായി.
പാർവതിക്ക് 13 വയസ്സുള്ളപ്പോൾ അവൾ ആദ്യമായി ഋതുമതിയായി.
അത്രയും കാലം എന്റെ മകളുടെ പകയും വിദ്വേഷവും വെച്ച് പുലർത്തിയിരുന്ന രാജശേഖരൻ തമ്പിയുടെ മറ്റൊരു മുഖമായിരുന്നു പിന്നീട് കണ്ടത്.
എന്റെ കുഞ്ഞിനോടുള്ള അയാളുടെ സ്നേഹവും വാത്സല്യവും ലാളനയും ഒക്കെ പിന്നീട് കൂടുന്നതായി എനിക്ക് തോന്നി.
അവൾക്ക് വല്ലാത്ത ഭയമായിരുന്നു രാജശേഖരൻ തമ്പി അടുത്തു വരുമ്പോൾ.
എന്റെ കുഞ്ഞിനെ വെറുതെ അയാൾ ചേർത്തു പിടിക്കാൻ ശ്രമിക്കുമായിരുന്നു. പേടിച്ചിട്ട് അവൾ മുറിയിൽ തന്നെ കഴിച്ചുകൂട്ടി.
ഒരു ദിവസം, അയാളുടെ അമ്മയുടെ നവതി ആഘോഷത്തിൽ പങ്കെടുക്കുവാനായി ഞങ്ങൾ എല്ലാവരും പോയതായിരുന്നു. പാർവതിക്ക് അന്ന് എക്സാം ആയിരുന്നു അതുകൊണ്ട് അവൾ വന്നില്ല. ഉച്ചയായപ്പോൾ എക്സാം കഴിഞ്ഞു മോള് വീട്ടിലെത്തി. വേലക്കാരി മാത്രമേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ. മോള് വന്ന് ഭക്ഷണം ഒക്കെ കഴിച്ച ശേഷം വെറുതെ റൂമിൽ വിശ്രമിക്കുകയായിരുന്നു. ആ സമയത്ത് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു, നോക്കിയപ്പോൾ രാജശേഖരൻ തമ്പി. അന്ന് അയാൾ എന്റെ മകളെ കയറിപ്പിടിക്കാൻ ശ്രമിച്ച സാറേ, അവൾ ഇൻസ്ട്രുമെന്റ് ബോക്സിലെ കോമ്പസ് എടുത്ത് കുത്തി അയാളുടെ കയ്യിൽ പരിക്കേൽപ്പിച്ചു. എന്നിട്ട് ആ മുറിയിൽ നിന്നും ഓടി പുറത്തേക്ക് വന്നു. വേലക്കാരിയാണ് അന്ന് അവൾക്ക് അഭയം കൊടുത്തത്. ആ സംഭവത്തോട് കൂടി എന്റെ മകൾ ആകെ തകർന്നു. ഒരുപാട് കൗൺസിലിങ്ങിന് ഒക്കെ കൊണ്ടുപോയ ശേഷമാണ് അവൾ സാധാരണ ഗതിയിലേക്ക് വന്നത്. പിന്നീട് ഞാൻ അവളെ ഒരു ഹോസ്റ്റലിലേക്ക് മാറ്റി, അതിന്റെ പേരിൽ അയാൾ എന്നെ ഒരുപാട് ദേഹോപദ്രവം ഒക്കെ ചെയ്തു. എന്റെ കുഞ്ഞിനെ ഓർത്ത് ഞാൻ അതെല്ലാം സഹിച്ചു സാറേ. അന്നുമുതൽ അവൾ ഹോസ്റ്റലിൽ ആയതാണ്, ഇപ്പോൾ പാർവതിക്ക് 23 വയസ്സായി, ഈ 9 വർഷക്കാലത്തിനോട് ഇടയ്ക്ക് എന്റെ കുഞ്ഞുമായി പത്തുദിവസത്തിൽ താഴെ ഞാൻ ഒരുമിച്ച് നിന്നിട്ടുള്ളൂ. അവൾക്കും പേടിയാണ് രാജശേഖരൻ തമ്പിയെ. അയാളുടെ നോട്ടവും വഷളത്തരവും ഒക്കെ അവൾക്ക് സഹിക്കാൻ പറ്റില്ലാരുന്നു. ഏതെങ്കിലും പുറം നാട്ടിലേക്ക് അയാൾ ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് പോകുമ്പോൾ ഞാൻ എന്റെ കുഞ്ഞിനെ വിളിക്കും, അപ്പോൾ പാർവതി എന്റെ അരികിലേക്ക് ഓടി വരും.മോള് വന്നെന്നുള്ള കാര്യം സെക്യൂരിറ്റിയോ അല്ലെങ്കിൽ ഏതെങ്കിലും സ്റ്റാഫ് പറഞ്ഞു അയാൾ വിവരം അറിയും. അന്ന് പാതിരാത്രിയിൽ തന്നെ എവിടെയാണെങ്കിലും ശരി രാജശേഖരൻ തിരിച്ചെത്തും. ഒരു ദിവസം അയാൾ നേരിട്ട് എന്നോട് പറഞ്ഞു സാറേ എന്റെ മോളെ അയാൾക്ക് വേണമെന്ന്… അത് പറയുകയും ജയശ്രീ പൊട്ടിക്കരഞ്ഞു എല്ലാം കേട്ട് തരിച്ചിരിക്കുകയാണ് അർജുൻ. താൻ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യങ്ങളാണ് ഈ കേട്ടുകൊണ്ടിരിക്കുന്നത്.
അവന് അവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് പോലും അറിയില്ലായിരുന്നു.
എന്റെ മോള് പാവമാ സാറെ, ഒരു തെറ്റും ചെയ്യാത്തവൾ ആണ്, എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥയാണ് അവൾക്ക്, അവളുടെ അച്ഛന്റെ മരണത്തോടെ, ഇനി ഈ ഭൂമിയിൽ അനുഭവിക്കാൻ ഒന്നും ബാക്കിയില്ലാത്തവൾ ആയി മാറി.. ഇയാളുടെ പൊയ് വാക്കുകളും, അഭിനയവും ഒക്കെ കണ്ട് എന്റെ പാവം അച്ഛൻ വിശ്വസിച്ചു പോയി, മകൾ ഇയാളുടെ കൂടെ ഉള്ള ജീവിതത്തിൽ സുരക്ഷിതആണെന്ന്…
ആദ്യമൊക്കെ എന്റെ അച്ഛനോട് ഇയാളെക്കുറിച്ച് പറയുവാൻ ഞാൻ ശ്രമിച്ചു, പക്ഷേ ആരും അത് ചെവിക്കൊണ്ടില്ല. കാരണം അത്രമാത്രം നല്ല അഭിനയമായിരുന്നു രാജശേഖരൻ തമ്പി എന്റെ കുടുംബത്തിൽ വരുമ്പോൾ കാഴ്ചവച്ചത്. പിന്നീട് ഇതൊക്കെ എന്റെ വിധിയാവും എന്ന് കരുതി ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചു. ആകെക്കൂടി എനിക്ക് ഒരേ ഒരു പ്രാർത്ഥനയും ഉണ്ടായിരുന്നുള്ളൂ, എന്റെ പൊന്നുമോള്, അവൾക്ക് ഒരാപത്തും വരാതെ കാത്തുകൊള്ളണേ ഭഗവാനേ.. ഇതൊക്കെ സാറിനെ കണ്ട് ഒന്ന് തുറന്നു സംസാരിക്കുവാൻ ആണ് ഞാൻ വന്നത്. എനിക്ക് 100% വ്യക്തമായി അറിയാം പാർവതി ഇതൊന്നും പറയില്ലെന്ന് ഉള്ളത്. അതുകൊണ്ട് അമ്പലത്തിൽ പോകുവാണെന്നു പറഞ്ഞു ഡ്രൈവറെയും കൂട്ടി ഞാനിവിടെക്കു പുറപ്പെട്ടത്.സാറ് പോലീസ് മേധാവിയായി ചാർജ് എടുത്ത് വിവരമൊക്കെ ന്യൂസ് പേപ്പറിൽ വായിച്ചിരുന്നു.. സിദ്ധുവാണ് എന്നോട് സാറാണ് മകളെ വിവാഹം കഴിച്ചത് എന്നുള്ള കാര്യം.. ഈ വിവാഹം എന്തിന്റെ പേരിലായിരുന്നു എന്നൊക്കെ എനിക്ക് വ്യക്തമായി അറിയാം സാറേ, സാറിന്റെ കുടുംബത്തോട് അയാൾ ചെയ്ത ക്രൂരതകൾ എത്രമാത്രം വലുതാണെന്ന് അറിയാം, സാറ് അയാളെ തീർത്തു കളഞ്ഞോ എനിക്ക് യാതൊരു പ്രശ്നവുമില്ല, ഇങ്ങനെയുള്ളവനൊക്കെ ഈ ഭൂമിക്ക് ഭാരമാണ് സാറേ , ഇവനെയൊക്കെ ജീവനോടെ വിടുന്ന ഓരോ നിമിഷവും, അപകടമാണ്, പക്ഷേ ഒരു തെറ്റും ചെയ്യാത്ത എന്റെ മോള്, അവളുടെ മേൽ സാറിന് ദയ ഉണ്ടായിരിക്കണം. ഞാൻ സാറിന്റെ കാലു പിടിക്കാം. അറിഞ്ഞുകൊണ്ട് ജയശ്രീ എഴുന്നേറ്റു..
അമ്മേ….
മുൻ വാതിൽക്കൽ നിന്നും ഒരു വിളിച്ച് കേട്ടതും അർജുനും ജയശ്രീയും ഒരുപോലെ തിരിഞ്ഞു നോക്കി.
പാർവതി… മോളെ..
അവൾ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു, ആ നെഞ്ചിലേക്ക് വീണു അവൾ പൊട്ടി കരയാൻ തുടങ്ങി..
അവളെ ആശ്വസിപ്പിക്കാൻ പോലും ആവാതെ ആ മാതൃഹൃദയം തേങ്ങുകയായിരുന്നു..
മോളെ.. കരയല്ലേ എന്റെ കുട്ടി…
അവർ അവളുടെ മുഖം പിടിച്ചു ഉയർത്താൻ ശ്രെമിച്ചു….തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…