കനൽ പൂവ്: ഭാഗം 33
Sep 25, 2024, 22:16 IST

രചന: കാശിനാഥൻ
ഓടിത്തളർന്നു വഴിയോരത്തു വീണു കിടക്കുകയാണ് പാർവതി. അപ്പോളേക്കും അവളുടെ ബോധം ഒക്കേ മറഞ്ഞു പോയി. മോനേ..... എനിക്ക് ആകെയൊരു വിമ്മിഷ്ടം പോലെ, ഈ വണ്ടി ഒന്ന് നിർത്തെടാ.. അച്ഛമ്മ പറയുന്നത് കേട്ട് കൊണ്ട് അരുൺ ഒന്ന് മുഖം തിരിച്ചു നോക്കി.. എന്താ.. പെട്ടന്ന് എന്ത് പറ്റി അച്ഛമ്മയ്ക്ക്.... കുറേ ദൂരംആയില്ലേ യാത്ര തുടങ്ങിയിട്ട്. അതിന്റെയാവും.. ഈ ഇരിപ്പ് പറ്റുന്നില്ലന്നേ... അത്ര തന്നേ.. അപ്പോളേക്കും അരുൺ വണ്ടി ഒതുക്കി നിറുത്തി. ലെച്ചുഅമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങുന്ന രണ്ട് വയസ്കാരി നില.. ഒരു നെടുവീർപ്പോട് കൂടി അരുൺ വണ്ടിയിൽ നിന്നും ഇറങ്ങി. കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി അവൻ ഒന്ന് കുടഞ്ഞു. നടുവിന് ഒക്കെ വല്ലാത്ത വേദനയുണ്ട്. അമ്മേടെ ആഗ്രഹപ്രകാരം പളനിയ്ക്ക് യാത്ര പോയിട്ട് തിരികെ വരുന്ന വഴിയാണ്. ഒന്ന് യൂറിൻ പാസ്സ് ചെയ്യാം എന്ന് കരുതി അരുൺ റോഡിന്റെ ഒരു വശത്തായി നീങ്ങി. പെട്ടന്ന് അവൻ ഞെട്ടിപ്പോയി. ഒരു പെൺകുട്ടി വഴിയിൽ കിടക്കുന്നു. അവൻ ഓടിചെന്നു.. ഹെലോ... ഏയ്.. കുട്ടി. അവൻ ആ പെൺകുട്ടിയെ നേരെ കിടത്തി. എന്നിട്ട് അവളുടെ കവിളിൽ പിടിച്ചു ഉലച്ചു. മ്മ്...... അമ്മാ.... അവൾ ഞരങ്ങി. എടോ... എന്താ പറ്റിയേ.. ടോ... കണ്ണ് തുറന്നെ. അവൻ ശബ്ദം ഉണ്ടാക്കി. പക്ഷെ പാർവതി അവ്യക്തമായി എന്തൊക്കെയോ പിറു പിറുത്തു എന്നല്ലാതെ ഒന്നും പറയുന്നില്ല. അരുൺ കാറിന്റെ അരികിലേക്ക് ഓടി.. ചക്കിമോളെ... ഒന്ന് വന്നെടി.. അരുൺ ആണെങ്കിൽ കാറിൽ കിടന്ന ഉറങ്ങിയ തന്റെ പെങ്ങളെ വിളിച്ചു ഉണർത്തി. എന്താ മോനേ... എന്ത് പറ്റി.? ലെച്ചുഅമ്മ ചോദിച്ചു ഒരു പെൺകുട്ടി ബോധം ഇല്ലാണ്ട് ആ വഴിയിൽ കിടക്കുന്നു.. ചെറിയ അനക്കം മാത്രം ഒള്ളു. യ്യോ... എവിടെ.. ചക്കി പെട്ടന്ന് ഡോർ തുറന്നു ഇറങ്ങി ഓടി. രണ്ടാളും ച്ചേർന്നു അവളെ ഒരു പ്രകാരത്തിൽ താങ്ങി പിടിച്ചുകൊണ്ട് കാറിന്റെ അരികിലേക്ക് വന്നു.. അച്ഛമ്മയേ മുന്പിലെ സീറ്റിലേക്ക് കയറ്റി ഇരുത്തിയ ശേഷം, ചക്കിയും അരുണും കൂടി അവളെ പിന്നിലേയ്ക്ക് കിടത്തി. കുറച്ചു വെള്ളം എടുത്തു ലെച്ചുമ്മ ചക്കിയുടെ കയ്യിൽ കൊടുത്തു. മുഖത്തേക്ക് വെള്ളത്തുള്ളികൾ വീണതും പാർവതി മിഴികൾ ചിമ്മിത്തുറന്നു.. ഹലോ... ചേച്ചി.. എന്ത് പറ്റീത.. ചേച്ചിടേ പേരെന്താ ചക്കി പിന്നെയും ഓരോന്ന് ചോദിക്കുന്നുണ്ട്.. കുറച്ചു സമയം ഒന്നും മിണ്ടാതെ പാർവതി അതേ കിടപ്പ് തുടർന്നു. ഹോസ്പിറ്റലിൽ പോണോടോ. അരുണിന്റെ ശബ്ദം കേട്ട് അവൾ പെട്ടന്ന് മുഖം ഉയർത്തി നോക്കി. എന്നിട്ട് സീറ്റിൽ നിന്നും എഴുനേൽക്കാൻ ശ്രെമിച്ചു മോൾടെ പേരെന്താ... എന്താ പറ്റിയേ മോൾക്ക്..വീട് എവിടെയാ അച്ഛമ്മ ആയിരുന്നത് അവളോട് അത് ചോദിച്ചത്. എന്റെ പേര് പാർവതി.... എന്നേ ഒരാൾ ഉപദ്രവിക്കൻ നോക്കിയപ്പോൾ വീട് വിട്ട് ഇറങ്ങി ഓടിയതാ... വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞു. ഈശ്വരാ..... എന്നിട്ട് അയാളെവിടെ മോളെ..മോൾക്ക് അയാളെ പരിചയം ഉണ്ടോ... അവർ വീണ്ടും ചോദിച്ചു. ഹമ്.... എന്റെ രണ്ടാനച്ചൻ ആണ്. പറഞ്ഞു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു .. സാരമില്ല.. വിഷമിക്കാതെ, നമ്മൾക്ക് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാം കേട്ടോ. ലെച്ചുഅമ്മയും ചക്കിയും ചേർന്ന് അവളെ അശ്വസിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് പാർവതി തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. എല്ലാം കേട്ട് കൊണ്ട് അരുണും അവിടെ നിൽപ്പുണ്ട്. അർജുൻ സാറിന്റെ അടുത്ത് ഇയാളെ ഏൽപ്പിക്കാം. എന്നിട്ട് ഞങ്ങൾ മടങ്ങിക്കോളം. അരുൺ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. പാർവതി പറഞ്ഞു കൊടുത്ത വഴികളിലൂടെ അരുൺ തന്റെ വണ്ടി ഓടിച്ചു പോയി. പാർവതിയുടെ തേങ്ങൽ ഇടയ്ക്ക് എല്ലാം ഉയർന്നു വരുന്നുണ്ട്.ചക്കിയും അമ്മയും ഒക്കെ ചേർന്ന് അവളോട് സമാധാനവാക്കുകൾ പറഞ്ഞുകൊണ്ട് ഇരിക്കുന്നു. പോക്കറ്റ് റോഡിലൂടെ അവന്റെ വണ്ടി മുന്നോട്ട് നീങ്ങിയതും കണ്ടു ഒന്ന് രണ്ട് പോലീസ് ജീപ്പ് പാഞ്ഞു പോകുന്നത്. അത് കണ്ടതും പാർവതിയുടെ നെഞ്ചിടിപ്പ് ഏറി. അരുന്ധതിയമ്മയും അർജുനും അവന്റെ സഹോദരനും ഒക്കെ മുറ്റത്തു നിൽപ്പുണ്ട്. ഒപ്പം രണ്ട് പോലീസ്കാരും വണ്ടി ആണെങ്കിൽ വെളിയിൽ ആയിരുന്നു ഇട്ടത്. പാർവതി വണ്ടിയിൽ നിന്നും ഇറങ്ങി, മിടിക്കുന്ന ഹൃദയവുമായി അവൾ ചക്കിയുട കയ്യും പിടിച്ചു നടന്നു ചെന്നു. ടി...എവിടെപ്പോയി കിടക്കുവാരുന്നു നീയ്. ചോദിക്കുന്നതിനൊപ്പം അർജുന്റെ വലതു കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ആയതു കൊണ്ട് പാവം പെണ്ണ് നിലത്തേക്ക് മറിഞ്ഞു.ചക്കി പിടിച്ചു എഴുന്നേൽപ്പിക്കൻ നോക്കി, അപ്പോളേക്കും പെട്ടെന്ന് അരുണും ഓടിവന്നു. അവനാണ് പാർവതിയേ എഴുന്നേൽപ്പിച്ചു നേരെ നിറുത്തിയത്. അർജുൻ അവനെയൊന്നു അടിമുടി നോക്കി. എന്നിട്ട് പാർവതിയേ പിടിച്ചു വലിച്ചു. എന്തൊക്കെയാടി ഇന്ന് ഇവിടെ നടന്നത്.നീ ആരുടെ കൂടെ അഴിഞ്ഞാടാൻ പോയതാരുന്ന്.നീ ഒരുത്തി കാരണം ആ പാവം സിന്ധു ചേച്ചി ജയിലിൽ ആയല്ലോടി.. പാർവതി ഒന്നും മനസിലാവാതെ അവനെ നോക്കി. നിന്റെ തന്തയേ കൊന്നു... ആ ചേച്ചിടേ മാനം കവരാൻ ചെന്നതിന് പകരമായിട്ട്.. അവൻ പറഞ്ഞതും പാർവതിയാണെങ്കിൽ സംഭവിച്ച കാര്യമൊക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.താൻ ഓടിപ്പോയതും അരുണിനെയും കുടുംബത്തേയും കണ്ടുമുട്ടിയതുമൊക്കെ. എല്ലാം കേട്ട് കഴിഞ്ഞതും അവൻ വീണ്ടും പാർവതി യേ അടിക്കുവാൻ കൈയോങ്ങി. പക്ഷെ അപ്പോളേക്കും അരുൺ അവളെ പിടിച്ചു പിന്നോട്ട് വലിച്ചിരുന്നു. അത് കണ്ടതും അർജുൻ അവനെ നേരിട്ടു. നീയാരാടാ... വീട്ടിൽകേറി വന്നിട്ട് ആളാവൻ നോക്കുന്നോ. അർജുൻ അവന്റെ തോളിൽ പിടിച്ചു പിന്നീലേക്ക് തള്ളി. ആഹ്.. പേടിപ്പിക്കാതെ സാറെ, ഈ കുട്ടി ബോധംകെട്ടു വഴിയിൽ കിടക്കുവാരുന്നു, ഞങ്ങൾ ആണ് രക്ഷപെടുത്തിക്കൊണ്ട് വന്നത്. എന്നിട്ട് സാറെന്തിനാ ഇയാളെ ഉപദ്രവിക്കുന്നത്. നീയാരുന്നോ ഇവൾടെ രക്ഷകൻ അത് ശരി... രക്ഷിച്ചു കൊണ്ട് വന്നത് അല്ലെ,എന്നാൽപ്പിന്നെ നമ്മൾക്ക് ഒന്ന് നേരെ കണ്ടാലോട.. അർജുൻ വഴക്ക് ഉണ്ടാക്കാൻ ചെന്നതും അരുന്ധതി വന്നിട്ട് അവനെ പിടിച്ചു മാറ്റി. പാർവതി, ആണെങ്കിൽ അർജുന്റെ വീട്ടിലേക്ക് കയറി പോയി, എന്നിട്ട് തന്റെ ബാഗ് എടുത്തു പെട്ടെന്ന് ഇറങ്ങി വന്നു കഴുത്തിൽ കിടന്ന താലിമാല ഊരി അവന്റെ കൈയിൽ കൊടുത്തു. നിങ്ങളുടെ കുടുംബത്തോട് ദ്രോഹം ചെയ്തവന്റെ ജീവൻ പോയില്ലേ. ഇനി എന്നേ വെറുത വിട്ടേയ്ക്ക്.എനിക്ക് ഒരു ജോലിയുണ്ട്, അത് വെച്ചു ഞാൻ എവിടെയെങ്കിലും എന്റെ അമ്മയും ആയിട്ട് കഴിഞ്ഞോളം.പറഞ്ഞുകൊണ്ട് അവൾ ഗേറ്റ് കടന്നു ഇറങ്ങി. ചേച്ചി......അവിടെ നിന്നെ ചക്കി ഓടിവന്നിട്ട് പാർവതിയുടെ കയ്യിൽ പിടിച്ചു....തുടരും........