കനൽ പൂവ്: ഭാഗം 38
രചന: കാശിനാഥൻ
രാജശേഖരൻതമ്പി മരിച്ചതോടെ ആ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും താളം തട്ടുന്ന അവസ്ഥയായിരുന്നു.
അർജുൻ അവന്റെ പവർ ഉപയോഗിച്ച്കൊണ്ട് അയാളുടെ സ്ഥാപനങ്ങളിൽ ഒക്കെ റെയ്ഡ് നടത്തി. അനധികൃതമായ ഡോക്യുമെന്റ്സ് ഒക്കെ ആയിരുന്നു എല്ലായിടത്തും നിന്നും കണ്ടെത്തിയത്.. ഗൗതത്തിനു ഒന്നും മേലാത്ത അവസ്ഥയായി. അല്ലെങ്കിലും അച്ഛന്റെ കഴിവിന്റെ നാലിലൊന്ന് പോലും അവനു കിട്ടിയിട്ടുമില്ല..
ടൗണിലെ പ്രധാന ഷോപ്പിംഗ് മാളുകളൊക്കെ അർജുൻ സീൽ വെച്ചു പൂട്ടിച്ചു.
ഒന്നൊന്നയ് അവൻ കളിതുടങ്ങിയന്ന് ജയശ്രീയ്ക്ക് മനസിലായി.
തന്റെ മകളെ അവൻ സംരക്ഷിച്ചുകൊള്ളുമെന്ന് ഓർത്തിരുന്നു. പക്ഷെ അത് മാത്രം തെറ്റിപ്പോയി.ആഹ് സാരമില്ല, വിഷമിക്കണ്ടന്നും താനിവിടെ ഓക്കേയാണെന്നും പാർവതി കുറച്ചു മുന്നേ വിളിച്ചു പറഞ്ഞിരുന്നു. ആ ഒരു പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് ഇങ്ങനെ പിടിച്ചു നിൽക്കുന്നെ..
എന്തൊക്കെയായാലും അയാളെകൊണ്ടുള്ള ഒരു ശല്യംവും ഇനി തങ്ങളുടെ മകളെ തേടി ചെല്ലില്ല… അതായിരുന്നു ജയശ്രീക്ക് ഏറ്റവും കൂടുതൽ സമാധാനം.
***
അങ്ങനെ പാർവതിയെത്തിയിട്ട് രണ്ട് നാൾ കഴിഞ്ഞു.
നിലമോൾക്ക് അവളെ മാത്രം മതി. ഭക്ഷണം കഴിപ്പിക്കാനും കഥ പറയാനും അവളെ കുളിപ്പിക്കാനും ഒരുക്കാനും ഒക്കെ മമ്മയെ വിളിക്കും.
കാലത്തെ അരുണും ചക്കിയും പുറപ്പെടുന്ന നേരത്തു ലെച്ചുമ്മാ ഒരു പ്രകാരത്തിൽ കുഞ്ഞിനെ എവിടേയ്ക്ക്ങ്കിലും ഒളിപ്പിക്കുന്നതായിരുന്നു പതിവ്. പക്ഷെ അതെല്ലാം മാറി.
മോള്, ഇപ്പൊ പാർവതിയുടെ കൈയിലിരുന്നു റ്റാറ്റാ കാണിക്കും.
അരുൺ ഹൈ സ്കൂൾ അദ്ധ്യാപകനാണ്..
കാലത്തെ പോയാൽ അഞ്ച് മണി ആവാതെ അവൻ എത്തില്ല.
അന്ന് ഉച്ചക്ക് പാർവതിയെ ബാങ്കിൽ നിന്നും വിളിച്ചു. പനി ആയത് കൊണ്ട് ലീവ് എടുക്കുന്നു എന്നായിരുന്നു അവൾ അറിയിച്ചത്.എത്ര ദിവസം കൂടി ലീവ് എടുക്കേണ്ടി വരുമെന്ന് അവര് ചോദിച്ചു.
ഹോസ്പിറ്റലിൽ പോയി വന്നിട്ട് വൈകുന്നേരം അറിയിക്കാമെന്ന് അവൾ മറുപടിയും നൽകി.
മോളെ, ഇന്നത്തെക്കാലത്തു ഒരു ജോലിഎന്നൊക്കെ പറയുന്നത് കിട്ടുന്നതന്നേ ഒരു ഭാഗ്യമാണ്. പക്ഷെ ഈ സാഹചര്യത്തിൽ ഇത്ര ദൂരം, എന്താ ഇപ്പൊ ഒരു വഴി.
ലെച്ചുമ്മ പാർവതിയോടായി ചോദിച്ചു
അറിയില്ലമ്മേ…. എന്തായാലും ഒരു വഴി കണ്ടേ തീരൂ. എനിക്ക് എന്റെ അമ്മയെ അവിടുന്ന് കൊണ്ട് വരണം, ഇല്ലെങ്കിൽ ശരിയാവില്ല.. ഒരാഴ്ച്ച കൂടി ലീവ് എടുക്കാം, എന്നിട്ട് മടങ്ങിപ്പോയ്യാലോന്നു ആലോചിക്കുവാ.
അവൾ എന്താണ് പറയുന്നതെന്നോ അതിന്റെ അർഥമോ ഒന്നും മനസിലാക്കാതെ കുഞ്ഞി പാർവതിയുടെ കവിളിൽ തുരു തുരാന്ന് മുത്തം കൊടുക്കുകയാണ്.അത് കണ്ടതും ലെച്ചുമ്മയുടെ മിഴികൾ നിറഞ്ഞു.
എന്താടാ പൊന്നേ,,,,
പാർവതി കുഞ്ഞിനേയും എടുത്തുകൊണ്ട് അതിലൂടെയൊക്കെ നടന്നു.
ഈ കുഞ്ഞിന്റെ സ്നേഹം… അത് കാണുമ്പോൾ, അനുഭവിച്ചറിയുമ്പോൾ കഴിഞ്ഞ ജന്മത്തിൽ താനിവളുടെ അമ്മയായിരുന്നോ എന്നൊക്കെ പാർവതിയോർത്തു പോയി.
മമ്മ…..
ഹമ്.. എന്താടാ ചക്കരെ.
വാവവോ…..
.
ആണോ.. കുഞ്ഞാവയ്ക്ക് ഉറക്കം വരുന്നുണ്ടല്ലോ..
ആഹ്, നേരം ഇത്രേം ആയില്ലേ മോളെ, കുളിച്ചു കഴിഞ്ഞു എന്നും കിടന്നു ഉറങ്ങുന്നയാളാ..അതാണ് ഇപ്പൊ ഇങ്ങനെയൊരു പരാതിപറച്ചിൽ..
ലെച്ചുമ്മ പറഞ്ഞതും
തോളത്തു കിടത്തി താരാട്ടു പാടി അവൾ കുഞ്ഞിനെ ഉറക്കിയ ശേഷം അരുണിന്റെ മുറിയിലേക്ക് കൊണ്ട് പോയി കിടത്തി.
അന്ന് വൈകുന്നേരം അരുണും ചക്കിയും വന്നപ്പോൾ പാർവതി ജോലിയ്ക്ക് പോകേണ്ട സാധ്യതകളെക്കുറിച്ചൊക്കെ അവരോട് പറഞ്ഞു..
താൻ പറഞ്ഞ പോലെ ഒരാഴ്ച കൂടെ ലീവ് എടുക്ക്, എന്നിട്ട് ജോലിക്ക് പോകാൻ നോക്കാം. അല്ലാണ്ട് ശരിയാവില്ല.. ഇതിപ്പോ കേറിയത് അല്ലെയൊള്ളു.. അല്ലെങ്കിൽ എങ്ങനെയെങ്കിലും ഒരു സ്ഥലംമാറ്റത്തിനു ശ്രെമിക്കരുന്നു.
അരുണിന്റെ അഭിപ്രായം തന്നെയാണ് ചക്കിയുടെയും. ആകെ കൂടെ ഒരു വിഷമം മാത്രം, ചേച്ചി ഇവിടെന്ന് പോകുല്ലോന്ന്.
പാർവതി…. മോൾടെ അമ്മ വിളിക്കുന്നുണ്ട്.
ഫോണുമായി അച്ഛമ്മ വന്നതും പാർവതി പെട്ടെന്ന് പിന്തിരിഞ്ഞു പോയി.
ശോ…പാവം ചേച്ചി, ഇവിടുന്ന് പോകുല്ലോന്ന് ഓർക്കുമ്പോൾ ആകെ ഒരു സങ്കടം.എന്തേലും ഒരു വഴി തെളിഞ്ഞാൽ മതിയാരുന്നു
ചക്കി അരുണിനെനോക്കി പറഞ്ഞു
അയാൾക്ക് ഏറെ പ്രതീക്ഷയോടെ കിട്ടിയത് അല്ലെ മോളെ, ജോലിക്ക് പോകുന്നതാ എല്ലാം കൊണ്ടും സേഫ്.. ആ അമ്മയും പാർവതിയെ കാത്തിരിക്കുവല്ലേ..
ശരിയാണ്, പക്ഷെ ചേച്ചി,,, മൂന്നു ദിവസത്തെ പരിചയം ഒള്ളു, എന്നാലും എനിക്ക് അങ്ങോട്ട്… അത്രയ്ക്ക് ഇഷ്ടമായിപ്പോയി, നമ്മുടെ നിലമോളുട മമ്മന്നുള്ള വിളി കേൾക്കുമ്പോൾ,.
അത് പറയുകയും ചക്കി വിതുമ്പി.
കുഞ്ഞിന്റെ ഈ ചെറിയ പ്രായമല്ലേ മോളെ, അതൊന്നും സാരമില്ല, പാർവതി പോയിക്കഴിഞ്ഞു രണ്ട് മൂന്നു ദിവസം കൊണ്ട് കുഞ്ഞ് അവളെ മറക്കും. അത്രേം കാര്യമൊള്ളു. അതിനു നീഎന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ..
അറിയില്ല ഏട്ടാ…. എന്താണെന്നെനിക്ക് അറിയില്ല.. ചേച്ചിയെ പിരിയാൻ എനിയ്ക്കും സാധിക്കില്ല.
ചക്കി……
അരുൺ ശാസനയോടെ വിളിച്ചപ്പോൾ ചക്കി പെട്ടന്ന് എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിപ്പോയി.
അന്ന് രാത്രിയിൽ ബാങ്കിലെ മാനേജരെ വിളിച്ചു പാർവതി ഒരാഴ്ച കൂടെ ലീവ് വേണമെന്ന് അറിയിച്ചു.അയാൾ സമ്മതിക്കുകയും ചെയ്തു.
സന്ധ്യ നേരത്തും നിലമോള് കിടന്ന് ഉറങ്ങിയത് കൊണ്ട് എല്ലാവരും ഉറങ്ങുന്ന സമയം ആയപ്പോളും ആള് നല്ല കളിയും ചിരിയുമാണ്
ചക്കിടെ റൂമിൽ ഇരുന്ന് കണ്ണാരം പൊത്തികളിയ്ക്കുവാണ്, പാർവതിയും കുഞ്ഞുവാവയും കൂടി.
കുഞ്ഞിന്റെ കലുപില വർത്താനം കേട്ട് പാർവതി ചിരിച്ചുകൊണ്ട് അവളെ എടുത്തുനടപ്പുണ്ട്.
ഉറക്കം വന്നപ്പോൾ ചക്കി വെറുതെ കേറി കിടന്നതാ, അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ കൂർക്കം വലിച്ചുറങ്ങുന്നു.
ദേ.. കുഞ്ഞിന്റെ ചക്കിയാന്റി വാവോം വെച്ചു. ഇനി നമ്മൾക്കും ഉറങ്ങാം കേട്ടോ.
അരുണിന്റെ മുറിയുടെ വാതിൽക്കൽ എത്തിയിട്ട് പാർവതി ഡോറിൽ ഒന്ന് കൊട്ടി…
അവൻ വാതിലു ചാരി ഇട്ടിരിക്കുകയാരുന്നു.
തുറക്കാതെ വന്നപ്പോൾ ആളുറങ്ങിപ്പോയെന്ന് കരുതി പാർവതി പതിയെ ഒന്ന് തള്ളി. അകത്തേക്ക് കയറിയപ്പോൾ വാഷ് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു.
കുഞ്ഞിനെ ബെഡിലേക്ക് കിടത്തിയിട്ട് അവൾ ഷീറ്റ് എടുത്തു പുതപ്പിച്ചു.
മമ്മാ…..
എന്താടാ ചക്കരെ.
മ്മ്….. മ്മ്..
അവളുടെ ഭാഷയിൽ അവിടെ കിടക്കുവാൻ പറയുന്നുണ്ട് കുഞ്ഞ്.
അപ്പോളേക്കും അരുൺ ഇറങ്ങി വന്നു.
ആഹ്….. ഞാൻ വിളിക്കാനായി വരാൻ തുടങ്ങുവാരുന്നു.
ഒരു പുഞ്ചിരിയോടെ അരുൺ വന്നിട്ട് പാർവതിയോട് പറഞ്ഞു.
ഉറക്കം വരാൻ തുടങ്ങി, അതാണ് കൊണ്ട് പോന്നത്…
ഹമ്… നേരം ഇത്രേം ആയില്ലേ. ഇനി കുഴപ്പമില്ല.ഞാൻ, ഉറക്കികൊള്ളാം, താൻ പൊയ്ക്കോളൂ..
അവൻ പറഞ്ഞതും പാർവതി തലയാട്ടിക്കൊണ്ട് ഇറങ്ങി പോയി….തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…