Novel

കനൽ പൂവ്: ഭാഗം 46

രചന: കാശിനാഥൻ

അടുത്ത ദിവസം കാലത്തെ പാർവതി ഉണർന്നപ്പോൾ അർജുൻ റൂമിൽ ഇല്ലായിരുന്നു.
കിടന്നിരുന്ന സെറ്റിയിൽ അവൻ പുതച്ച ബെഡ്ഷീറ്റും മറ്റും മടക്കി വെച്ചിട്ടുണ്ട്.

പാർവതി അതെല്ലാം എടുത്തു, എന്നിട്ട് ബെഡിലേക്ക് വെച്ചിട്ട് വേഗം വാഷ്റൂമിലേക്ക് പോയ്‌.

ഒന്ന് ഫ്രഷായി ഇറങ്ങി വന്നപ്പോൾ അർജുന്റെ ശബ്ദം പുറത്തു നിന്നും കേട്ടു.

അവൾ വേഗം ഫോൺ എടുത്തു നോക്കി. നില മോള് ഓക്കേയാണെന്ന് ഉള്ള ചക്കിയുടെ മെസ്സേജ് വന്നു കിടപ്പുണ്ട്. അത് കണ്ടപ്പോൾ തന്നെയവൾക്ക് സമാധാനമായി

ഒരു പുഞ്ചിരിയോടെ മുഖം ഉയർത്തിയതും അർജുൻ അകത്തേക്ക് വരുന്നത് കണ്ട്.

തലവേദനയുടെ മെഡിസിൻ എടുക്കുന്നില്ലേ..

ഹമ്… ഉണ്ട്.

എങ്ങനെയുണ്ട്, കഴിച്ചിട്ട് മാറ്റം ഉണ്ടോ പാർവതി..

ഉണ്ട്..

അവൾ റൂമിൽ നിന്നും ഇറങ്ങി,
അമ്മയുടെ അടുത്തേക്ക് ചെന്നു.

അമ്മയ്ക്ക് ചായ കൊടുക്കുകയാണ് അംബികചേച്ചി

അമ്മേ…..

ആഹ്.. എന്തൊരു ഉറക്കമായിരുന്നു മോളെ, അർജുൻ എഴുനേറ്റ് വന്നിട്ട് നേരം എത്രയായിന്നോ.

അപ്പോളാണ് അവൾ ക്ലോക്കിലേയ്ക്ക് നോക്കിയത്.

സമയം 8:45

ഉറങ്ങിപ്പോയമ്മേ….. അതാണു.
പാർവതി അമ്മയുടെ അടുത്തു വന്നിരുന്നു കൊണ്ട് അവരുടെ കൈയിൽ തലോടി.

ഇപ്പൊ എങ്ങനെയുണ്ട്, വേദന കുറവുണ്ടോമ്മേ….

ഉണ്ടന്നേ… ഒരുപാട് മാറ്റം ഉണ്ട്.. മോള് ടെൻഷൻ ആവാതെ…

ഓപ്പറേഷൻ കഴിഞ്ഞു ഇറക്കിയ അന്നൊക്കെ ആകെ നിലവിളിയും ബഹളോം ആയിരുന്നു. അതൊക്കെ വെച്ച് നോക്കുമ്പോൾ ഇപ്പൊ യാതൊരുപ്രശ്നവും ഇല്ലാ അല്ലെ ചേച്ചി…

അംബിക പറയുന്ന കേട്ട് ജയശ്രീ തലകുലുക്കി.

ആന്റി… മറ്റന്നാൾ അല്ലെ ചെക്കപ്പ്.

അർജുന്റെ ശബ്ദം കേട്ട് പാർവതി വേഗം എഴുന്നേറ്റു.

അവനപ്പോള് അവിടേക്ക് കേറി വന്നു.

ഹമ്… അതേ മോനേ, മറ്റന്നാളാണ്.

ആഹ്,ശരി ശരി.. ഞാൻ അപ്പോയ്ന്റ്മെന്റ് എടുത്തോളാം കേട്ടോ.

അവൻ പാർവതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ വെളിയിലേയ്ക്ക് നോക്കി നിൽപ്പുണ്ട്.

പാർവതിയ്ക്ക് ഇന്ന് ബാങ്കിൽ പോകണ്ടേ..

ഹമ്… പോണം.

എന്നാൽ റെഡി ആയിക്കോ, ഇവിടുന്നു ഇത്തിരി ദൂരം കൂടുതൽ ഉണ്ട്,

ചെല്ലു മോളെ, നേരം പോയി,എന്തെങ്കിലും കഴിയ്ക്ക് അർജുന്റെ ഒപ്പം മോൾക്കും പോകാല്ലോ..

ജയശ്രീ ദൃതി കൂട്ടിയപ്പോൾ പാർവതി അർജുന്റെ പിന്നാലെ റൂമിൽ നിന്നുമിറങ്ങി. നേരെ അടുക്കളയിലേക്ക് പോയ്‌.

റീന ചേച്ചി….

ആഹ് മോളെ, ബ്രേക്ക്‌ഫാസ്റ്റ് ആയിട്ടുണ്ട്, സാറിനോട് ചോദിച്ചപ്പോൾ മോളുടെ കൂടെ കഴിച്ചോളാംന്ന് പറഞ്ഞു.

ഹമ്… ശരി ചേച്ചി..
രണ്ടാൾക്കും കഴിക്കാൻ ഉള്ള ചപ്പാത്തിയും കറിയും എടുത്തു പാർവതി ഡൈനിങ്‌ റൂമിൽ വച്ചു.

അർജുനേട്ടാ…..

ആഹ് വരുവാ…
അർജുൻ വന്നു ഇരുന്ന ശേഷം പാർവതിയും അവന്റെ അടുത്തായിയിരുന്നു.

ഇരുവരും ഒരുമിച്ചാണ് കഴിച്ചത്.രണ്ടാളും ഒരു വാക്കുപോലും പരസ്പരം ഉരിയാടിയില്ല.

ലഞ്ച്കൊണ്ട് പോകുന്നുണ്ടോ സാറെ..
റീനചേച്ചി ചോദിച്ചതും എടുത്തോളാൻ അർജുൻ കൈ കൊണ്ട് കാണിച്ചു.

അങ്ങനെ അവർക്ക് രണ്ടാൾക്കുമുള്ള ഭക്ഷണവും വെള്ളവുമൊക്കെ ചേച്ചി ടേബിളിൽ വെച്ച്.

പാർവതി കൈകഴുകിയ ശേഷം റെഡി ആവാനായി റൂമിലേക്ക് ഓടിപ്പോയി..

ഒരു ചുരിദാർ എടുത്തണിഞ്ഞു, കുറച്ചു പൌഡർ എടുത്തു പൂശി, എന്നിട്ട് കുഞ്ഞിപൊട്ടും തൊട്ടു. അർജുൻ അവിടേക്ക് കയറി വന്നപ്പോൾ അവന്റെ ചുണ്ടിൽ ഹൃദ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു
കണ്ണാടിയുടെ മുന്നിൽ നിന്നും അവൾ തിരിഞ്ഞതും അർജുൻ അവളെ തന്റെ കരവലയത്തിലാക്കി കഴിഞ്ഞു.

ഞാൻ… പെട്ടന്ന് ഓർക്കാതെ…
പാർവതി വാക്കുകൾക്കായി പരതി..

നീഎപ്പോളും ഓർക്കും.. അതുകൊണ്ടാണന്ന് എനിക്ക് അറിയാം…

അർജുനെട്ടൻ മാറിയ്ക്കെ, എനിക്ക് പോണം….
പെട്ടന്ന് അവൾ ഗൗരവത്തിലായി.

ഇല്ല…. മാറില്ലങ്കിലോ.. നീയെന്താ കേസ് കൊടുക്കുമോ…

ഹമ്.. വേണ്ടി വന്നാൽ കൊടുക്കും,

ആഹ്, എന്നാൽ പിന്നെ എന്റെ സ്റ്റേഷനിലാആയിക്കോട്ടെ.

അവളുടെ നെറ്റിമേൽ തന്റെ നെറ്റി മുട്ടിച്ചു കൊണ്ട് അർജുൻ പറഞ്ഞു.

എന്നിട്ട് വാർഡ്രോബ് തുറന്നു എന്തോ ഒരു ബോക്സ്‌ കയ്യിലെടുത്തു.

തുറന്നപ്പോൾ അത് പാർവതി കൊടുത്തിട്ട് പോയ താലിമാല ആയിരുന്നു.

ഇന്നലെ രാത്രില് ഞാൻ എത്ര മാത്രം സങ്കടപ്പെട്ടുന്നോ… നിന്റെയൊരു സംസാരം…

കുറുമ്പോടെ പറഞ്ഞു കൊണ്ട് അർജുൻ അത് പാർവതി തടയും മുന്നേ അവളുടെ  കഴുത്തിലേക്ക് ഇട്ടുകൊടുത്തു.

ഇത് കാണാൻ പോലുമില്ല… ഇത്തിരി കൂടി ആവാം.
കുറച്ചു മുന്നേ അവൻ കേറി വന്നപ്പോൾ പാർവതി അണിഞ്ഞ സീമന്ത രേഖയിലെ സിന്ദൂരം.. അതിലേക്ക് അവൻ തന്റെ തൊടുവിരൽ കൊണ്ട് അല്പം കൂടിയിട്ടു കൊടുത്തതാണ്.

സമയം പോകുന്നു, അർജുനെട്ടാ… വിട്ടേ..

അവ്നിൽ നിന്നും മാറാൻ അവൾ പരമാവധി ശ്രെമിയ്ക്കുകയാണ്.

എത്ര തവണ മാപ്പ് പറഞ്ഞു, എന്നിട്ടും ദേഷ്യമാണോ പാറു..

അവളുടെ കാതോരമവൻ കുറുകി..

കഴിഞ്ഞതൊന്നും എനിയ്ക്ക് മറക്കാൻ പറ്റില്ല….അത്രയ്ക്ക് ഹൃദയ വിശാലതയൊന്നും എനിക്കില്ല അർജുനേട്ടാ

പെട്ടെന്ന് വേണ്ടന്നേ… ഞാൻ കാത്തിരുന്നോളാം..അതുവരേയ്ക്കും ഇത് രണ്ടും ഇവിടെ കാണണം പാറു..പ്ലീസ്..

പറഞ്ഞുകൊണ്ട് അർജുൻ അവളുടെ നെറുകയിൽ നോക്കി. എന്നിട്ട് അവളുടെ മാറിലെ താലിയെടുത്തു പിടിച്ചു.

ഇനിയിതു ഇട്ടെറിഞ്ഞു പോകുന്നുണ്ടെങ്കിൽ അന്നീ അർജുൻ ജീവനോട് ഈ ഭൂമിയിൽ കാണില്ലന്ന് നിനക്ക് ഉറപ്പുണ്ടായിരിക്കണം, കേട്ടോ. അതിനു ശേഷം മാത്രം ആകാവൊള്ളൂ.

അതും പറഞ്ഞു കൊണ്ട് അവൻ ഇറങ്ങി പോയപ്പോൾ പാർവതിയുടെ മിഴികൾ നിറഞ്ഞു തൂവി

കണ്ണുകൾ തുടച്ചു കൊണ്ട് അവളും തന്റെ ബാഗ് എടുത്തു തോളിൽ ഇട്ടു ഇറങ്ങി.

അമ്മയുടെ അടുത്ത ചെന്നു യാത്ര പറഞ്ഞു, അർജുൻ അപ്പോൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു

ഒപ്പം കയറിയപ്പോൾ നെഞ്ചിലൊരു പിടച്ചിൽപ്പോലെ.. എന്തിനാണന്ന് അറിയില്ല.. പക്ഷെ, എന്തോ ഒരു വിങ്ങൽ..

അർജുനേട്ടൻ പറഞ്ഞ വാക്കുകൾ അല്ലെ തന്നേ ഇത്രമാത്രം തളർത്തിയത്..

അവളൊരു ആത്മപരിശോധന നടത്തി.

എന്താണ് ഇത്ര വലിയ ആലോചന….
അർജുൻ ശബ്ദം ഉയർത്തിയതും അവൾ പെട്ടെന്ന് ഞെട്ടി മുഖം തിരിച്ചവനെ നോക്കി.

ഹമ്…. മാല ഇട്ടു തന്നത് ഇഷ്ട്ടമായില്ലേ….
വീണ്ടുമവൻ ചോദിച്ചു.

നില മോളെ മിസ്സ് ചെയ്യുന്നുണ്ടോടി…
ബാങ്കിന്റെ മുൻപിൽ വണ്ടി നിറുത്തിയവൻ ചോദിച്ചപ്പോൾ അവൾ സാവധാനം തല കുലുക്കി.

അതുപോലൊരു മോളെ നിനക്ക് തന്നാൽ മതിയോ… ഞാൻ റെഡിയാ.

അത് പറയുമ്പോൾ അവന്റെ കുസൃതി നിറഞ്ഞ നോട്ടം..അതായിരുന്നു അവളുടെ മനസ്സിൽ നിറയെ…..തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button