Novel

കനൽ പൂവ്: ഭാഗം 5

രചന: കാശിനാഥൻ

എല്ലാവരും ഒരുപോലെ നോക്കി നിന്നപ്പോൾ അവൻ വണ്ടി കൊണ്ട് വന്നു പോർച്ചിലേക്ക് കയറ്റി.

ആദ്യം കാറിൽ നിന്ന് ഇറങ്ങിയത് അർജുൻ ആയിരുന്നു.

അല്പം കഴിഞ്ഞതും വെളുത്തു മെലിഞ്ഞ സുന്ദരിയായ ഒരു പെൺകുട്ടിയിം ഇറങ്ങി

അവൾക്ക് മുഖം ഉയർത്താൻ പോലും ഭയം ആയിരുന്നു.

രേണുവും നിഖിലയും പരസ്പരം ഒന്ന് നോക്കി.

വിധുവിന്റെ കൈയിൽ ഇരുന്ന ചിഞ്ചൻ അർജുനെ കണ്ടപ്പോൾ അവളുടെ കൈയിൽ ഇരുന്നു കുതറി ബഹളം കൂട്ടി.

അർജുൻ ഉമ്മറത്തേയ്ക്ക് വന്നു.

നിഖിലാ… അമ്മയോട് വിളക്ക് എടുത്തു കൊണ്ട് വരാൻ പറയു..

വിഷ്ണു പറഞ്ഞതും നിഖില അകത്തേക്ക് പോകാൻ തുനിഞ്ഞു.

“വേണ്ട ഏടത്തി… നിലവിളക്കും നിറ പറയും ഒക്കെ ആയിട്ട് ഇവളെ ഇവിടെ സ്വീകരിച്ചു കയറ്റിയിട്ട് കെട്ടിലമ്മ ആയിട്ട് വാഴിക്കാൻ ഒന്നും എനിക്ക് ഉദ്ദേശം ഇല്ലന്ന് അറിയാല്ലോ… പിന്നെ ഈ താലിയും രേഖകളും ഇല്ലെങ്കിൽ ഇവളുടെ തന്ത കളിക്കുന്ന ചീഞ്ഞ കളികളിൽ കൂടി എനിക്ക് നഷ്ടം ഉണ്ടാകരുത്.. അത്രമാത്രം..

ഒരു തരം പുച്ഛഭാവത്തിൽ അവൻ പാർവതിയേ നോക്കി.

പെട്ടന്ന് ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അരുന്ധതി ഇറങ്ങി വന്നത്..

അവരുടെ കൈയിൽ നിലവിളക്ക് ഉണ്ടായിരുന്നു.

അഞ്ചു തിരി ഇട്ടു കൊളുത്തിയ ആ നെയ്ത്തിരി നാളം നോക്കി ഒരു നിമിഷം അർജുൻ നിന്ന് പോയി.

“നിഖിലാ…..”
അവർ വിളിച്ചപ്പോൾ നിഖില ഇറങ്ങി വന്നു, അവളുടെ കൈയിൽ ഒരു കിണ്ടിയും ഉണ്ടായിരുന്നു,പാർവതിയുടെ കാല് കഴുകിയ ശേഷം അർജുന്റെ കാലും കഴുകൻ തുടങ്ങി.

അപ്പോളേക്കും അവൻ അതിനു സമ്മതിക്കാതെ അകത്തേക്ക് കയറി പോയി.

ഇതാ.. ഈ വിളക്ക് സൂക്ഷിച്ചു പിടിക്ക്, എന്നിട്ട് വലതു കാൽ വെച്ച് കയറി വരു…

അവർ നിർദ്ദേശിച്ചതും പാറു അത് പോലെ അനുസരിച്ചു.

കൈയിൽ ഇരുന്ന വിളക്ക് പൂക്കുല പോലെ വിറയ്ക്കാൻ തുടങ്ങിയാപ്പോൾ അവൾ അതിൽ മുറുക്കി പിടിച്ചു.

പൂജാ മുറിയിൽ കൊണ്ട് പോയി നിലവിളക്ക് അവൾ വെച്ചത്.ശേഷം പിന്തിരിഞ്ഞു.
അർജുൻ അവിടെ ഒരു സെറ്റിയിൽ ഇരിപ്പുണ്ട്, മടിയിൽ ഒരു കുഞ്ഞ് വാവയും.

അമ്മയുടെ അനുഗ്രഹം മേടിക്ക്..

നിഖില പറഞ്ഞതും പാറു അവരെ ഒന്നു നോക്കി.
വേണ്ട… അത്തരം ഇടപാടുകൾ ഒന്നും വേണ്ട.. എന്റെ അനുഗ്രഹം ഒരിക്കലും ഇവളുടെ മേൽ ഉണ്ടാകുകയും ഇല്ല…. പിന്നെ എന്റെ മകൻ കല്യാണം കഴിച്ചവൾ ആയത് കൊണ്ട് മാത്രം ഞാൻ നിലവിളക്ക് കൊളുത്തി കയറ്റി… അത്രയും ഒള്ളു.

അവർ ഉറച്ച ശബ്ദത്തിൽ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല.

ഇവൾക്ക് ഇവിടെ ആരെയും പരിചയം കാണില്ല കേട്ടോ, നിഖിലാ.. റിലേഷൻ ഒക്കെ ഒന്ന് വിവരിച്ചു കൊടുക്കൂ…

അരുന്ധതി പറഞ്ഞപ്പോൾ നിഖില വന്നു ആദ്യം വിഷ്ണുവിനെ കാണിച്ചു. അപ്പോളേക്കും കുട്ടികൾ രണ്ടാളും കൂടി വന്നു. വിധു, കേശു.. ഇരുവരും പേര് പറഞ്ഞു.

ഇത് രേണു ചേച്ചി…. മൂത്ത ഏട്ടന്റെ ഭാര്യ ആണ്, ഇവരുടെ അമ്മ…

നിഖില പറഞ്ഞപ്പോൾ പാറു തല കുലുക്കി.

പെട്ടെന്ന് ആയിരുന്നു അർജുൻ എഴുന്നേറ്റത്.

ഏടത്തി….. പറയുന്നത് ഇവൾക്ക് കൂടി മനസിലാകുന്ന ഭാഷയിൽ പറയു… മൂത്ത ഏട്ടന്റെ ഭാര്യ എന്നോക്കെ പറഞ്ഞാൽ പിടികിട്ടാൻ പാടാണ്, ഒന്ന് തിരുത്തി കൊടുക്ക്, ഇവളുടെ തന്ത കാരണം വിധവ ആകേണ്ടി വന്ന ഒരു പാവം ജന്മം….അതാണ് രേണുവേടത്തി..അങ്ങനെ അല്ലേ പറയേണ്ടത്….

പറയുമ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു എങ്കിലും കേട്ടത് വിശ്വസിക്കാൻ ആവാതെ പകച്ചു നിൽക്കുകയാണ് പാറു.

രേണുവിനെ നോക്കിയപ്പോൾ അവർ നിന്നു കരയുന്നുണ്ട്.

ഹമ്.. അപ്പോൾ ശരി, ഞാൻ പോകുന്നു, കുറച്ചു തിരക്കുണ്ട്.

അർജുൻ പോകാനായി ഭാവിച്ചപ്പോൾ എല്ലാവരും അവനെ തടഞ്ഞു.

പക്ഷെ അവൻ സമ്മതിച്ചില്ല..
മറ്റൊരു ദിവസം വരാം എന്ന് പറഞ്ഞു പാർവതിയേ ഒന്ന് നോക്കിയ ശേഷം അവൻ വെളിയിലേക്ക് ഇറങ്ങി പോയി.
പെട്ടെന്ന് അവളും അവന്റെ പിന്നാലെ ചെന്നു.

നിലവിളക്ക് കൊടുത്തു അകത്തേക്ക് കയറ്റിയതേ ഒള്ളു,അപ്പോളേക്കും പോകുവാണോ മോനേ.

അരുന്ധതിയുടെ ശബ്ദം കേട്ട് അർജുൻ ഒന്ന് തിരിഞ്ഞു.

“ഞാൻ പറഞ്ഞത് അല്ലേ അമ്മാതിരി ഏർപ്പാട് ഒന്നും വേണ്ടന്ന്.. അതിനു ഇവള് കെട്ടിലമ്മയൊന്നും അല്ല ”

**
അർജുന്റെ വണ്ടി വീണ്ടും അവർ കുറച്ചു മുന്നേ ഇറങ്ങി പോയിരുന്ന ആ ഇരുനില വീട്ടിൽ വന്നു നിന്നു..
സെക്യൂരിറ്റി ആയിട്ട് നിൽക്കുന്ന ഒരാൾ ആണെന്ന്, അവന്റെ അടുത്തേയ്ക്ക് ഓടി വന്നു എന്തോ പറഞ്ഞു.

ഹമ്…. രാജ ശേഖരനും മകനും ചുണ ഉണ്ടെങ്കിൽ ഇവളെ ഇവിടെന്ന് കൊണ്ട് പോകട്ടെ.
ഞാൻ ആയിട്ട് എതിർക്കില്ല ജോസേട്ടാ.
അത് കേട്ടതും
പാർവതി അവനെ ഒന്നു നോക്കി.
അപ്പോളേക്കും അവളുടെ കൈ തണ്ടയിൽ അമർത്തി പിടിച്ചു കൊണ്ട് അവൻ വീടിന്റെ അകത്തേക്ക് കയറി.

മുകളിലെ നിലയിലേക്ക് വലിച്ചു ഇഴച്ചുകൊണ്ട് പോയ ശേഷം ഒരൊറ്റ തള്ളായിരുന്നു അവൻ.

ബെഡിലേക്ക് വേച്ചു പോയിരിന്നു പാർവതി അപ്പോള്.

ഇവിടെ നിന്നും ഇറങ്ങി പോകാം എന്ന് വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് വേണ്ടന്ന് വെയ്ക്കുന്നത് ആണ് നിനക്ക് നല്ലത്, ഇനി അഥവാ അങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങിയാൽ പിന്നെ നീ കാണാൻ പോകുന്നത് ഈ അർജുന്റെ മറ്റൊരു മുഖം ആയിരിക്കും.

പല്ലിറുമ്മി കൊണ്ട് പറഞ്ഞ ശേഷം അവൻ തന്റെ ബെൽറ്റ്‌ വലിച്ചു ഊരി ഒന്ന് വീശി.

അപ്പോളേക്കും പാറു മിഴികൾ ഇറുക്കി അടച്ചു.

ഇടുപ്പിൽ അവന്റെ കൈകൾ അമർന്നതും അവൾ ഞെട്ടി മിഴികൾ തുറന്ന്.

നിന്റെ തന്ത പോന്നിട്ടുണ്ട്ന്ന്, പോലീസിന്റെ അകമ്പടിയോടെ…. ഞാൻ ഇനി അർജുൻട്ടന്റെ ഒപ്പം ഇവിടെ ആണ് താമസിക്കുന്നത്, ഞങ്ങളുടെ വിവാഹം കഴിഞ്ഞു എന്ന് മോള് അങ്ങട് വ്യക്തമായി പറഞ്ഞു കൊടുത്തോണം..അല്ലാതെ ഇവിടെ കിടന്ന് ഒരു സീൻ…. അത് വേണ്ട…കേട്ടല്ലോ..

അർജുന്റെ ശബ്ദം അവളുടെ കാതോരം പതിഞ്ഞു.

അപ്പോളും അവന്റെ വലം കൈ അവളുടെ ഇടുപ്പിൽ ആയിരുന്നു.

അല്പം പിന്നോട്ട് പേടിച്ചു മാറി നിന്ന് കൊണ്ട് പാറു തല കുലുക്കിയപ്പോൾ അവൻ കൈ പിൻവലിച്ചു.

എന്നിട്ട് കാബോർഡ് തുറന്ന ശേഷം ഒരു കസവു മുണ്ടും ഷർട്ടും എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് പോയി…….തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button