National
കർണാടക സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസ്: 3 പ്രതികൾക്ക് വധശിക്ഷ, 9 പേർക്ക് ജീവപര്യന്തം

കർണാടക റായ്ച്ചൂർ സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസിൽ മൂന്ന് പേർക്ക് വധശിക്ഷയും ഒമ്പത് പേർക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. സിന്ദനൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. മകൾ വ്യത്യസ്ത ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന്റെ കുടുംബത്തിലെ അഞ്ച് പേരെയാണ് കൊലപ്പെടുത്തിയത്
സന്ന ഫകീരപ്പയെന്ന ആളുടെ മകൾ മഞ്ജുള ഇതരജാതിക്കാരനായ മൗനേഷിനെ വിവാഹം ചെയ്തതാണ് സംഭവത്തിന് കാരണം. പെൺകുട്ടിയുടെ പിതാവ് സന്ന ഫകീരപ്പ(46), ബന്ധുക്കളായ അമ്മണ്ണ(50), സോമശേഖർ(47) എന്നിവർക്കാണ് വധശിക്ഷ.
2020 ജൂലൈ 11നാണ് സംഭവം നടന്നത്. മൗനേഷിന്റെ വീട്ടിൽ കയറി പ്രതികൾ സാവിത്രാമ്മ, ശ്രീദേവി, ഹനുമേഷ്, നാഗരാജ്, എറപ്പ എന്നിവരെയാണ് കൊലപ്പെടുത്തിയത്. രേവതി, തായമ്മ എന്നിവർക്ക് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റിരുന്നു